തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ ഉഴറുമ്പോൾ കെഎസ്ആർടിസി പുതിയ ബസുകൾ വാങ്ങുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം അനുവദിച്ച 50 കോടിയിൽ നിന്ന് 44.64 കോടി ഉപയോഗിച്ച് ആധുനികവും സൗകര്യപ്രദവുമായ 100 ബസുകൾ പുറത്തിറക്കാൻ കെഎസ്ആർടിസി തീരുമാനിച്ചിരിക്കുകയാണ്. കോവിഡ് കാരണം വരുമാനം കുറവും സർവീസുകൾ പലതും നടക്കാതെയുമിരിക്കുന്ന സാഹചര്യത്തിലാണ് കെഎസ്ആർസിടി പുതിയ ബസുകൾ വാങ്ങുന്നത് എന്നതും ശ്രദ്ധേമാണ്.


യാത്രകൾ രാജകീയമാക്കാൻ നവീന സൗകര്യങ്ങളൊരുക്കുകയാണെന്നാണ് കെഎസ്ആർടിസിയുടെ അവകാശവാദം. ആദ്യ ബസ് നവംബർ ഒന്ന് കേരള പിറവി ദിനത്തിൽ പുറത്തിറക്കാനാണ് ശ്രമിക്കുന്നതെങ്കിലും 2022 ഫെബ്രുവരിയോടെയായിരിക്കും മുഴുവൻ ബസുകളും പുറത്തിറങ്ങുക എന്നാണ് കരുതുന്നത്.

ആധുനിക ശ്രേണിയിലുള്ളതും വളരെയേറെ സൗകര്യപ്രദവുമായ 8 സ്ലീപ്പർ, 20 സെമി സ്ലീപ്പർ, 72 എയർ സസ്പെൻഷൻ നോൺ എസി തുടങ്ങിയവയിലെ ആധുനിക ബി.എസ് സിക്സ് ബസുകളാണ് കെഎസ്ആർടിസി പുറത്തിറക്കുന്നത്. തമിഴ്‌നാടിന് 140, കർണ്ണാടകയ്ക്ക് 82 എന്നിങ്ങനെ സ്ലീപ്പർ ബസുകളാണുള്ളത്. ഇതോടെ കേരളത്തിന് സ്ലീപ്പർ ബസുകൾ ഇല്ലായെന്ന പോരായ്മ മാറിക്കിട്ടുമെന്നും ദീർഘ ദൂര യാത്രക്കാരെ കൂടുതൽ ആകർഷിക്കാൻ കഴിയുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

ലോകോത്തര നിലവാരത്തിലുള്ള മികച്ച യാത്രകളാണ് പുതിയ ബസുകൾ നൽകുക. മൊബൈൽ ചാർജിങ്ങ് പോയിന്റ്,കൂടുതൽ ലഗേജ് സ്പേസ്, വൈഫൈ തുടങ്ങിയ സൗകര്യങ്ങളും ബസ്സിലുണ്ടാവും. നാല് തവണ വിളിച്ച ടെൻഡറിൽ ബസ്സൊന്നിന് 1.385 കോടി എന്ന നിരക്കിൽ ആകെ 11.08 കോടി ഉപയോഗിച്ചാണ് വോൾവോ കമ്പനിയിൽ നിന്ന് സ്ലീപ്പർ ബസുകൾ വാങ്ങുന്നത്.

സെമി സ്ലീപ്പർ വിഭാഗത്തിൽ ലെയ്ലന്റ് 47.12 ലക്ഷവും, ഭാരത് ബെൻസ് 58.29 ലക്ഷവും കോട്ടായി സമർപ്പിച്ചു. അതിൽ കുറഞ്ഞ തുക കോട്ട് ചെയ്ത അശോക് ലെയ്ലന്റിൽ നിന്ന് ബസൊന്നിന് 47.12 ലക്ഷം രൂപ എന്ന നിരക്കിൽ 9.42 കോടി രൂപയ്ക്ക് 20 എസി സീറ്റർ ബസുകളും വാങ്ങും. എയർ സസ്പെൻഷൻ നോൺ എസി വിഭാഗത്തിൽ ലെയ്ലന്റ് 33.79 ലക്ഷവും, ടാറ്റ 37.35 ക്ഷവും കോട്ട് നൽകിയതിൽ നിന്ന് ലെയ്ലന്റ് കരാർ ഉറപ്പിച്ചു. 24.32 കോടി രൂപയ്ക്ക് 72 ബസ്സുകളാണ് ഇങ്ങനെ വാങ്ങുന്നത്. നിലവിൽ വോൾലോ, സ്‌കാനിയ, സൂപ്പർ ഡിലക്സ്, എക്സപ്രെസ്സ് ബസ്സുകളാണ് കെഎസ്ആർടിസി ദീർഘ ദൂര സർവീസുകൾക്കായി ഉപയോഗിക്കുന്നത്.