തിരുവനന്തപുരം: കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനുമായി കേരള ആർടിസി നടത്തിയിരുന്ന കേസ് വിധിയായെന്നും കെഎസ്ആർടിസി എന്ന ട്രേഡ് മാർക്ക് ഇനി കേരളത്തിന് മാത്രമെ ഉപയോഗിക്കാൻ കഴിയുകയുള്ളു എന്നും പ്രചരിക്കുന്ന വാർത്തകൾ തെറ്റെന്ന് റിപ്പോർട്ടുകൾ.

2014 ൽ കെഎസ്ആർടിസി എന്ന ട്രേഡ് മാർക്ക് കർണ്ണാടക ആർടിസി നേടിയിരുന്നു. തുടർന്ന് കേരള ആർടിസി കെഎസ്ആർടിസി എന്ന ബ്രാൻഡ് നെയിം ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ട് കർണാടക നോട്ടീസ് അയച്ചു. ഇതിനെതിരെ കർണാടകയുടെ ട്രേഡ് മാർക്ക് റദ്ദ് ചെയ്യാൻ അന്നത്തെ കെഎസ്ആർടിസി സിഎംഡിയായിരുന്ന അന്തരിച്ച ആന്റണി ചാക്കോ ഇന്റെലക്ച്വൽ പ്രോപ്പർട്ടി അപ്പലക്‌സ് ബോർഡിൽ നൽകിയ കേസ് ഇപ്പോഴും തുടരുകയാണ്.

കെഎസ്ആർടിസി എന്ന ട്രേഡ് മാർക്ക് കേരളത്തിന് വേണ്ടി രജിസ്റ്റർ ചെയ്യാൻ 2015 ൽ കേരള സർക്കാർ കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന മാർക്ക്‌സ് ആൻഡ് റൈറ്റ്‌സ് എന്ന സ്വകാര്യ സ്ഥാപനത്തെ ഏൽപ്പിച്ചിരുന്നു. കേരള ആർടിസി 82 വർഷത്തെ പാരമ്പര്യമുള്ള പൊതുമേഖലാ സ്ഥാപനമായതിനാലും 56 വർഷമായി കെഎസ്ആർടിസി എന്ന പേര് ഉപയോഗിക്കുന്നതിനാലും 2019 ൽ കേരളത്തിനും ഈ ട്രേഡ് മാർക്ക് അനുവദിച്ച് കിട്ടുകയായിരുന്നു. ഇത് സംബന്ധിച്ച ട്രേഡ് മാർക്ക് രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് കഴിഞ്ഞ ദിവസമാണ് മാർക്ക്‌സ് ആൻഡ് റൈറ്റ്‌സ് സർക്കാരിന് അയച്ചുകൊടുത്തത്. ഇതാണ് ഐപിഎബിയിലെ കേസിൽ കേരളത്തിന് അനുകൂലമായി വിധി വന്നതായി സർക്കാർ തെറ്റിദ്ധരിച്ചത്.

കഴിഞ്ഞ മാസം ഐപിഎബി ഉൾപ്പെടെ ചില കേന്ദ്ര ട്രിബ്യൂണലുകൾ കേന്ദ്ര സർക്കാർ നിർത്തലാക്കിയിരുന്നു. ചെന്നൈ ഐപിഎബിയിൽ കൈകാര്യം ചെയ്തിരുന്ന കേസുകളൊക്കെ ഇപ്പോൾ മദ്രാസ് ഹൈക്കോടതിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. എന്നാൽ അതിന്റെ തുടർ നടപടികൾ എന്നായിരിക്കും എന്നതിനെ പറ്റി തീരുമാനമായിട്ടില്ല. അതുവരെയും കേരളത്തിനും കർണാടകയ്ക്കും കെഎസ്ആർടിസി എന്ന ട്രേഡ്മാർക്ക് ഉപയോഗിക്കാൻ സാധിക്കും.

ഇരുസ്ഥാപനങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളായതിനാലും വർഷങ്ങളായി ഈ ബ്രാൻഡ് നെയിം ഉപയോഗിക്കുന്നതിനാലും രണ്ട് പേർക്കും ഈ പേര് ഉപയോഗിക്കാൻ അനുമതി നൽകിയേക്കുമെന്ന് ഡൽഹി ഹൈക്കോടതി അഭിഭാഷകനായ അഡ്വ. അക്ഷയ് അജയകുമാർ പറയുന്നു. കേരള ആർടിസി പ്രാഥമിക ഉപയോക്താവാണ്. 1965 മുതലാണ് കേരളം കെഎസ്ആർടിസി എന്ന് ഉപയോഗിച്ച് തുടങ്ങുന്നത്. കർണാടക 1973 മുതലും. അതിനാൽ ട്രേഡ് മാർക്ക് നിയമത്തിൽ നമുക്ക് മുൻതൂക്കമുണ്ട്. മറിച്ച് സംഭവിക്കാൻ സാധ്യത കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ജൂൺ രണ്ടിനാണ് കെഎസ്ആർടിസി, ആനവണ്ടി എന്ന രണ്ട് പേരുകളിൽ ട്രേഡ് മാർക്ക് കിട്ടിയ വിവരം കെഎസ്ആർടിസി എംഡിയും ഗതാഗത സെക്രട്ടറിയുമായ ബിജു പ്രഭാകർ അറിയിച്ചത്. കേരളത്തിന്റെയും, കർണാടകയുടേയും റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ വാഹനങ്ങളിൽ പൊതുവായി ഉപയോഗിച്ച് വന്ന കെഎസ്ആർടിസി എന്ന പേര് ഇനി മുതൽ കേരളത്തിന് മാത്രമേ ഉപയോഗിക്കാൻ കഴിയൂ എന്നായിരുന്നു എംഡിയുടെ അവകാശവാദം. കെഎസ്ആർടിസി എന്ന് ഇനി മുതൽ കേരളത്തിന് മാത്രമേ ഉപയോഗിക്കാൻ കഴിയൂ, അതുകൊണ്ട് തന്നെ കർണ്ണാടകത്തിന് ഉടൻ തന്നെ നോട്ടീസ് അയക്കുമെന്നും ബിജു പ്രഭാകർ പറഞ്ഞിരുന്നു. എന്നാൽ കെഎസ്ആർടിസി എംഡിയുടെ അന്നത്തെ വാക്കുകൾക്ക് നിയമസാധുത ഇല്ലെന്നാണ് ഇപ്പോൾ നിയമവിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.

വർഷങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് ഈ നേട്ടമുണ്ടായതെന്ന് ഗതാഗത മന്ത്രി ആന്റണി രാജുവും അന്ന് പ്രസ്താവിച്ചിരുന്നു. അതിന് വേണ്ടി പ്രവർത്തിച്ച ഉദ്യോഗസ്ഥരെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.