- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലീവ് ചോദിച്ചതിനെ തുടർന്ന് തർക്കം രൂക്ഷമായി; വനിതാ കണ്ടക്ടറുടെ അടിയിൽ നിന്നും ഒഴിഞ്ഞുമാറിയ കെഎസ്ആർടിസി ഇൻസ്പെക്ടർക്ക് സ്ഥലംമാറ്റം; തല്ലു കൊണ്ടാൽ ട്രാൻസ്ഫർ ഒഴിവാകുമോ എന്നു ചോദിച്ചു ജീവനക്കാർ
തൃശൂർ: സഹപ്രവർത്തകയായ വനിതാ കണ്ടക്ടർ പുറത്തടിക്കാൻ ശ്രമിച്ചപ്പോൾ ഒഴിഞ്ഞു മാറിയ കെഎസ്ആർടിസി ഇൻസ്പെക്ടർക്കെതിരെ നടപടി. ലീവ് നൽകാത്തതിനെ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് വനിതാ കണ്ടക്ടറായ എംവി ഷൈജ കെഎസ്ആർടിസി ഇൻസ്പെക്ടറായ കെഎ നാരായണന്റെ പുറത്തടിക്കാൻ ശ്രമിച്ചത്. നാരായണൻ ഒഴിഞ്ഞുമാറിയതിനാൽ ഷൈജ നിയന്ത്രണം വിട്ട് കമിഴ്ന്നടിച്ചുവീഴുകയായിരുന്നു. വനിതാ ജീവനക്കാരിയെ പ്രകോപിപ്പിച്ചു, കോർപ്പറേഷന് കളങ്കം വരുത്തി തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കെഎ നാരായണനെതിരായ നടപടി.
2021 മെയ് മാസം 7-ാം തിയ്യതിയാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. കാന്റീന് സമീപം നാരായണൻ സംസാരിച്ചുകൊണ്ടു നിൽക്കെ ഷൈജ അടുത്തു വന്ന് ലീവിന്റെ കാര്യം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട സംസാരത്തിനിടെ അവർ തമ്മിൽ തർക്കമാകുകയും ഷൈജ നാരായണന്റെ പുറത്ത് കൈ കൊണ്ട് അടിക്കാൻ ശ്രമിക്കുകയുമായിരുന്നു. എന്നാൽ അടി കൊള്ളാതിരിക്കാൻ നാരായണൻ ഒഴിഞ്ഞുമാറിയതോടെ ഷൈജ നിലത്തുവീണു. ഇതിനെതുടർന്നുണ്ടായ പരാതിയിൽ ഇരുവർക്കുമെതിരെ നടപടി എടുക്കുകയായിരുന്നു.
തൃശൂർ യൂണിറ്റിലെ ട്രാഫിക് കൺട്രോളിങ് ഇൻസ്പെക്ടറായ നാരായണനെ കണ്ണൂരേക്ക് സ്ഥലം മാറ്റി. ഡ്യൂട്ടിയിലുണ്ടായിരുന്ന ഇൻസ്പെക്ടറെ പൊതുജനമധ്യത്തിൽ അപമാനിക്കാൻ ശ്രമിച്ചതിന് കണ്ടക്ടർ എംവി ഷൈജയ്ക്കെതിരേയും അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്. ഇവരെ പൊന്നാനി യൂണിറ്റിലേക്ക് സ്ഥലം മാറ്റി.
'അടികൊള്ളാത്തത്' കുറ്റമാക്കി ഇറക്കിയ ഉത്തരവ് തമാശയാക്കി ആഘോഷിക്കുകയാണ് തൃശൂർ യൂണിറ്റിലെ ജീവനക്കാർ. തല്ലുകൊണ്ടിരുന്നെങ്കിൽ ട്രാൻസ്ഫർ ഒഴിവാക്കുമായിരുന്നോ എന്നാണ് അവരുടെ ചോദ്യം.
മറുനാടന് ഡെസ്ക്