- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിദ്യാർത്ഥി സംഘടനയിൽ വിവാഹിതർ 10 പേർ; ബിസിനസ്സു ചെയ്യുന്നവർക്കും ഗ്രൂപ്പ് പട്ടികയിൽ സ്ഥാനം; ജംബോ കമ്മറ്റിക്ക് പകരും ഇനി 21-അംഗ സംസ്ഥാന കമ്മറ്റി; ഗ്രൂപ്പു പട്ടിക വെട്ടാൻ സുധാകരനും വിഡിയും; സമ്മതിക്കില്ലെന്ന് മാനേജർമാരും; കെ എസ് യുവിനും പുനഃസംഘടനാക്കാലം
കോഴിക്കോട്: കെ എസ് യു പുനഃസംഘടനയും ഗ്രൂപ്പുകൾക്ക് അതീതമാക്കാൻ നീക്കം. ഗ്രൂപ്പ് വീതം വയ്‌പ്പിൽ വ്യാപക പരാതികളാണ്. കെ എസ് യു സംസ്ഥാന ഭാരവാഹികളാകാൻ എ, ഐ ഗ്രൂപ്പുകൾ നിർദേശിച്ച 21 വിദ്യാർത്ഥി നേതാക്കളിൽ 10 പേർ വിവാഹിതർ എന്നതാണ് വസ്തുത. ഇത് ചർച്ചയാക്കി കെപിസിസി നേരിട്ട് പുനഃസംഘടനയ്ക്കാണ് നീക്കം.
കെഎസ്‌യു ഭാരവാഹികൾ വിവാഹം കഴിയുന്നതോടെ ഭാരവാഹിത്വം ഒഴിയുന്നതാണു കീഴ്‌വഴക്കം. എന്നാൽ, വിദ്യാർത്ഥി സംഘടനയെ നയിക്കാൻ വിവാഹം കഴിക്കാത്തവർ തന്നെ വേണമെന്ന് എൻഎസ്യു ഭരണഘടനയിൽ ഇല്ലെന്നാണു പുതിയ ഭാരവാഹിപ്പട്ടിക തയാറാക്കിയവരുടെ വിശദീകരണം. പ്രായപരിധിയായ 27 വയസ്സ് കർശനമായി പാലിച്ചിട്ടുണ്ട്.
സംസ്ഥാന പ്രസിഡന്റായി കെ.എം.അഭിജിത്ത് തന്നെ തുടരാനാണു ഗ്രൂപ്പുകൾക്കിടയിലെ ധാരണ. 2017 ൽ തിരഞ്ഞെടുക്കപ്പെട്ട കെഎസ്‌യു സംസ്ഥാന കമ്മിറ്റി 2 വർഷത്തിനു പകരം 4 വർഷം പൂർത്തിയാക്കിയിട്ടും പുതിയ കമ്മറ്റി നിലവിൽ വന്നില്ല. നാമനിർദേശത്തിലൂടെ താൽക്കാലിക പുനഃസംഘടന നടത്താൻ നേതൃത്വം തീരുമാനിച്ചത്. ഇതിന് വേണ്ടിയാണ് ഗ്രൂപ്പുകൾ പട്ടിക തയ്യാറാക്കിയത്.
ഗ്രൂപ്പിലാതെ പ്രതിപക്ഷ നേതാവിനെയും കെപിസിസി പ്രസിഡന്റിനെയും നിശ്ചയിച്ച മാതൃക കെ എസ് യുവിനും വേണമെന്നാണ് ആവശ്യം. എന്നാൽ ഗ്രൂപ്പുകൾ ഇത് അംഗീകരിക്കുന്നില്ല. നിലവിലുള്ള 51 അംഗ സംസ്ഥാന കമ്മിറ്റിക്കു പകരം ഇപ്പോഴത്തെ ജില്ലാ, സംസ്ഥാന ഭാരവാഹികളിൽ 27 വയസ്സ് പൂർത്തിയാകാത്തവരെ ഉൾപ്പെടുത്തി 21 അംഗ സംസ്ഥാന കമ്മിറ്റി രൂപീകരിക്കാനാണു തീരുമാനം.
സംസ്ഥാന പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ്പിന്. ശേഷിക്കുന്ന 20 സംസ്ഥാന ഭാരവാഹികളിൽ എ, ഐ ഗ്രൂപ്പുകൾ 10 വീതം പങ്കിടും. ജില്ലാ പ്രസിഡന്റുമാരിൽ നിലവിൽ 3 പേർ ഐ ഗ്രൂപ്പും 11 പേർ എ ഗ്രൂപ്പുമാണ്. പുതിയ കമ്മിറ്റിയിലും ഈ മാനദണ്ഡം തുടരാനാണു ഗ്രൂപ്പുകളിലെ ധാരണ.
എറണാകുളം ജില്ലാ പ്രസിഡന്റ് സ്ഥാനം ഐ ഗ്രൂപ്പും തൃശൂർ ജില്ലാ പ്രസിഡന്റ് സ്ഥാനം കെ.സി.വേണുഗോപാൽ ഗ്രൂപ്പും ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ കൂടി തീരുമാനമാകുന്നതോടെ പട്ടിക എൻഎസ്യു നേതൃത്വത്തിനു സമർപ്പിക്കുമെന്നാണ് സൂചന. ഇതിനിടെയാണ് പട്ടികയിലെ ഗ്രൂപ്പ് സ്വഭാവം മാറ്റാനുള്ള ഇടപെടലുകളും.
വിവാഹിതർ മാത്രമല്ല, വിദ്യാർത്ഥി രാഷ്ട്രീയം അവസാനിപ്പിച്ചു ബിസിനസ് ചെയ്യുന്നവർ ഉൾപ്പെടെ പുതിയ ഭാരവാഹിപ്പട്ടികയിലുണ്ടെന്ന് ആക്ഷേപമുണ്ട്.കെഎസ്‌യുവിന്റെ ഓൺലൈൻ അംഗത്വരീതി മാറ്റി സംസ്ഥാനത്തിന്റെ സാഹചര്യത്തിന് ഇണങ്ങുന്ന രീതിയിൽ അടുത്ത വർഷം സംഘടനാ തിരഞ്ഞെടുപ്പു നടത്താനാണു കെപിസിസി നേതൃത്വത്തിന്റെ തീരുമാനം.
മറുനാടന് മലയാളി ബ്യൂറോ