തൃശ്ശൂർ: പൊതുമുതൽ നശിപ്പിച്ചാൽ ഇപ്പോൾ പഴയതു പോലെയല്ല കാര്യങ്ങൾ. പിഴ അടച്ചേ മതിയാകൂ. അതുപോലെ കോളേജിലെ അടിപിടിയും കോടതി കാര്യമായെടുക്കും. അതുകൊണ്ട് തന്നെ വിദ്യർത്ഥി സംഘർഷത്തിന് ഇറങ്ങുന്നവർ ഈ കഥ അറിയുക. പാവപ്പെട്ട വീട്ടിലെ കുട്ടികൾ രാഷ്ട്രീയത്തിലിറങ്ങി കൈവിട്ട കളിക്കിറങ്ങിയാൽ പെട്ടുപോകും.

വിദ്യാർത്ഥി രാഷ്ട്രീയപ്രവർത്തനത്തിന്റെ ഭാഗമായുണ്ടായ കേസു വരുത്തിവെച്ച ബാധ്യത തീർക്കാൻ കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ് നിഖിൽ ദാമോദരൻ പൂക്കച്ചവടക്കാരനായത്. ഇത് ഏവർക്കും ഒരു പാഠമാണ്. നിങ്ങളെ സഹായിക്കാൻ രാഷ്ട്രീയക്കാർ ആരും ഉണ്ടാകില്ല. കേസിൽപെട്ടാൽ നിങ്ങൾ തന്നെ ഉണ്ടാകണം. തൃശ്ശൂർ തേക്കിൻകാട്ടിലെ പൂവിപണിയിലാണ് രാവും പകലുമില്ലാതെ നിഖിൽ പൂവിൽപ്പന നടത്തുന്നത്. തൃശ്ശൂർ ലോ കോളേജിലെ അവസാന വർഷ വിദ്യാർത്ഥിയാണ് നിഖിൽ. കോളേജിലെ അടിപിടിക്കേസുമായി ബന്ധപ്പെട്ടാണ് നിഖിലിനും സുഹൃത്തുക്കളുമായ അഞ്ചുപേർക്കും കോടതിയിൽ പതിനായിരം രൂപ വീതം അടയ്ക്കേണ്ടിവന്നത്. ഗുണ്ടാനിയമപ്രകാരമുള്ള കേസും വന്നു. പൈട്ടന്നുള്ള ആവശ്യത്തിന് കടം വാങ്ങിയ ഈ തുക തിരികെ നൽകാനാണ് ഇപ്പോൾ പൂക്കച്ചവടം.

പട്ടത്ത് വിഷ്ണുമായാ ഫ്ളവേഴ്സിലാണ് നിഖിൽ ജോലി ചെയ്യുന്നത്. പാർട്ടിപ്രവർത്തകനായ ഇതിന്റെ ഉടമ പൂവിൽപ്പനയ്ക്കായി കുട്ടികളെ കിട്ടുമോ എന്നു നിഖിലിനോട് അന്വേഷിക്കുകയായിരുന്നു. രാവും പകലുമില്ലാത്ത ജോലിയാണ് നിഖിലിനു ഇപ്പോൾ. പുലർച്ചെ മൂന്നുമുതൽ വിവിധ ക്ഷേത്രങ്ങളിൽനിന്ന് പൂവാങ്ങാൻ എത്തിത്തുടങ്ങും. രാവിലെ ഏഴുമണിയോടെ കോളേജുകളിൽനിന്നും മറ്റു സ്ഥാപനങ്ങളിൽനിന്നും ആളുകൾ ഇവിടേയ്ക്കെത്തും. പിന്നീടുള്ളത് ഒറ്റപ്പെട്ട ആവശ്യക്കാരാണ്. ഇവർ വൈകീട്ടുവരെ തുടരും.

പൂക്കച്ചവടത്തിനിടയ്ക്കുതന്നെ സപ്ലിമെന്ററി പരീക്ഷകൾക്കും കോടതിയിൽ ഹാജരാകുന്നതിനുമെല്ലാം നിഖിൽ സമയം കണ്ടെത്തി. സിവിൽ എൻജിനിയറിങ്ങിൽ ഡിപ്ലോമയെടുത്തതും ഇത്തരത്തിൽ പാർട്ട് ടൈം ജോലിയിലൂടെതന്നെയായിരുന്നു. തൃശ്ശൂർ ലോകോളേജിലെ യൂണിറ്റ് പ്രസിഡന്റായിരിക്കുമ്പോഴാണ് നിഖിൽ കെ.എസ്.യു. സംസ്ഥാന വൈസ്?പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ചു ജയിക്കുന്നത്.

ഫോട്ടോ കടപ്പാട്: മാതൃഭൂമി