തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ എതിർപ്പു പ്രകടിപ്പിച്ച കെഎസ്‌യു നേതൃത്വത്തെ പരിഹസിച്ച വി എം സുധീരന് സംസ്ഥാന പ്രസിഡന്റ് അഡ്വ. വി എസ് ജോയിയുടെ മറുപടി. കോൺഗ്രസ് നേതാക്കൾ വന്ന വഴി മറക്കരുതെന്നും കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മാത്രം അഭിപ്രായം പറഞ്ഞാൽ മതിയെന്നുള്ള നിലപാടിനോട് യോജിക്കാനാകില്ലെന്നും വി എസ് ജോയി പറഞ്ഞു.

ഫേസ്‌ബുക്കിലാണ് ജോയിയുടെ പ്രതികരണം വന്നത്. സുധീരന്റെ പ്രസ്താവന വേദനിപ്പിച്ചെന്നും നേതാക്കന്മാർ പല്ലി വാല് മുറിച്ചുകളയുന്നത് പോലെ ഭൂതകാലത്തെ മുറിച്ച് കളയരുതെന്നും ജോയ് പറഞ്ഞു. അതിനിടെ, ജോയിക്കു മറുപടിയുമായി മുൻ സ്പീക്കർ ജി കാർത്തികേയന്റെ ഭാര്യ ഡോ. എം ടി സുലേഖയും രംഗത്തെത്തി. വെറും കുട്ടികളുടെ പ്രതികരണം മാത്രമാണ് കെഎസ്‌യുവിന്റേതെന്നും പഴയ കാര്യങ്ങൾ അറിയാത്തതുകൊണ്ടാണ് ഇത്തരത്തിൽ പ്രതികരിക്കുന്നതെന്നുമാണ് സുലേഖ പ്രതികരിച്ചത്.

ജി കാർത്തികേയൻ അന്തരിച്ചതിനെ തുടർന്ന് ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ മകൻ ശബരിനാഥനെ സ്ഥാനാർത്ഥിയാക്കാനാണ് കോൺഗ്രസ് നേതൃത്വം തീരുമാനിച്ചത്. കാർത്തികേയന്റെ ഭാര്യ സുലേഖയെ സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്നെങ്കിലും വിസമ്മതം അറിയിച്ചതിനാൽ മകൻ ശബരിനാഥന് നറുക്കുവീഴുകയായിരുന്നു.

സുലേഖ ഇല്ലെങ്കിൽ മുതിർന്ന നേതാക്കൾ ആരെങ്കിലും മത്സരിക്കണമെന്ന നിലപാടിലായിരുന്നു കെഎസ്‌യുവും യൂത്ത് കോൺഗ്രസും. എന്നാൽ, ഇവരുടെ നിലപാടുകൾക്കൊന്നും ചെവികൊടുക്കാതെയാണ് കെപിസിസി നേതൃത്വം ശബരിനാഥനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ഇതിനെതിരെ പ്രതികരിച്ച കെഎസ്‌യു നേതൃത്വത്തെ 'കോളേജ് യൂണിയൻ തെരഞ്ഞെടുപ്പല്ല' ഇതെന്നു പറഞ്ഞു പരിഹസിക്കുകയായിരുന്നു കെപിസിസി പ്രസിഡന്റ് വി എം സുധീരൻ.

ഇതിനെതിരെയാണ് പിന്നീട് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് വി എസ് ജോയി രംഗത്തെത്തിയത്. ശബരീനാഥനെ സ്ഥാനാർത്ഥിയാക്കുന്നതിൽ എതിർപ്പ് അറിയിച്ച് കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ വി എസ് ജോയ് കെപിസിസി അധ്യക്ഷന് കത്ത് നൽകിയിരുന്നു. പാർട്ടിയിൽ കഴിവുള്ള മറ്റ് നേതാക്കളുണ്ടെന്നും വി എം സുധീരൻ തന്നെ മത്സരിക്കണം എന്നുമായിരുന്നു കെഎസ്‌യുവിന്റെ നിർദ്ദേശം.

ശബരീനാഥന്റെ സ്ഥാനാർത്ഥിത്വം പാർട്ടിക്ക് അവമതിപ്പുണ്ടാക്കും. സമ്പന്നമായ നേതൃത്വം കോൺഗ്രസിനുണ്ട്. ഇവരിൽനിന്ന് സ്ഥാനാർത്ഥികളെ കണ്ടെത്തണമെന്നും വി എസ് ജോയ് കെപിസിസിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതൊന്നും പരിഗണിച്ചില്ല.

കെഎസ്‌യുവിന്റെ എതിർപ്പു വന്നതോടെയാണ് മറുപടിയുമായി കാർത്തികേയന്റെ ഭാര്യ എം ടി സുലേഖ രംഗത്തെത്തിയത്. കെഎസ്‌യുവിന്റെ വിമർശനം കുട്ടികളുടെ വാക്കുകളായി മാത്രം കണക്കാക്കുന്നു. പഴയ കാര്യങ്ങൾ അറിയാത്തതുകൊണ്ടാണ് വിമർശനം. പഠനകാലത്ത് ശബരീനാഥൻ രാഷ്ട്രീയത്തിൽ സജീവമായി ഇടപെട്ടിരുന്നു. എഞ്ചിനീയറിങ് കോളേജിൽ കെഎസ്‌യുവിന് വേരു പിടിക്കാൻ ശബരിയുടെ പ്രവർത്തനം സഹായിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിലേക്ക് വന്ന മക്കൾ പ്രവർത്തന പാരമ്പര്യമുള്ളവരാണെന്നും സുലേഖ പറഞ്ഞു.

എന്തായാലും പുതിയ വിവാദം പാർട്ടിക്കുള്ളിൽ കടുത്ത അതൃപ്തിയാണ് ഉണ്ടാക്കിയിരിക്കുന്നത്. എൽഡിഎഫ് ശക്തനായ സ്ഥാനാർത്ഥിയെ തന്നെ രംഗത്തിറക്കിയ സാഹചര്യത്തിൽ ഉൾപ്പാർട്ടി പോര് കൂടുതൽ തലവേദന സൃഷ്ടിക്കുമോ എന്ന ആശങ്കയിലാണ് കോൺഗ്രസ് നേതൃത്വം. കോഴ വിവാദങ്ങളും അഴിമതിയുമെല്ലാം യുഡിഎഫ് സർക്കാരിനു നേർക്ക് ചോദ്യ ചിഹ്നമായി നിൽക്കുന്ന സമയത്തെത്തിയ തെരഞ്ഞെടുപ്പിൽ ഉൾപ്പാർട്ടി പോരും പ്രതികൂലമായി ഭവിക്കുമോ എന്ന സന്ദേഹത്തിലാണ് പാർട്ടി പ്രവർത്തകർ. സ്ഥാനാർത്ഥിക്കു പിന്തുണ അറിയിക്കുന്നുണ്ടെങ്കിലും കടുത്ത വിമർശനമാണ് ഫേസ്‌ബുക്ക് പോസ്റ്റിൽ വി എസ് ജോയി ഉന്നയിച്ചിരിക്കുന്നത് എന്നതാണ് നേതൃത്വത്തെ അലട്ടുന്നത്. കെഎസ്‌യുവിന്റെ നിലപാടുകൾ തെരഞ്ഞെടുപ്പിൽ ദോഷം ചെയ്യില്ലെന്ന പ്രതീക്ഷയാണ് നേതാക്കൾക്കുള്ളത്.

അരുവിക്കരയിലെ യു.ഡി.എഫ് സ്ഥാനാര്ത്ഥി കെ.എസ്. ശബരി നാഥിന് വിജയാശംസകൾ....അദ്ദേഹത്തിന്റെ വിജയത്തിനുവേണ്ടി കേരളത്തിലെ കെ.എ...

Posted by Adv VS Joy on Saturday, 30 May 2015