കണ്ണുർ: കണ്ണൂർ സർവകലാശാല സിലബസിൽ കാവി വൽക്കരണം നടത്തുന്നുവെന്നാരോപിച്ച് കെ.എസ്.യു പ്രവർത്തകർ താവക്കരയിലുള്ള സർവകലാശാല ആസ്ഥാന മന്ദിരത്തിലേക്ക് മാർച്ച് നടത്തി. പ്രതിഷേധ മാർച്ച് പൊലിസ് സർവ്വകലാശാലാ കവാടത്തിന് മുൻപിൽ തടഞ്ഞതിനെ തുടർന്ന്. പ്രവർത്തകർ സിലബസ് കത്തിച്ച് പ്രതിഷേധിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി ഉദ്ഘഠനം ചെയ്തു.

കണ്ണൂർ സർവ്വ കലാശാലയിലെ എം എ ഗവേർണനൻസ് ആൻഡ് പൊളിറ്റിക്കൽ കോഴ്‌സ് സിലബസിൽ നെഹ്റു വിനെയും ഗാന്ധിയെ അപ്രസക്തരാക്കി എന്നാരോപിച്ചാണ് കെ എസ് യു പ്രതിഷേധ മാർച്ച് നടത്തിയത്. സ്വാതന്ത്ര്യ സമര ചരിത്രത്തെ അട്ടിമറിക്കാനും രാജ്യത്തെ വിദ്യാഭ്യാസ രംഗത്തെ കാവിവത്കരിക്കാനുമുള്ള ശ്രമമാണ് നടക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ റീജിൽ മാക്കുറ്റി പറഞ്ഞു.

വിവാദ സിലബസ് പിൻവലിക്കണമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ വരും ദിനങ്ങളിലും പ്രതിഷേധം ശക്തമാക്കുമെന്ന് റിജിൽ മാക്കുറ്റി മുന്നറിയിപ്പു നൽകി. കെ എസ് യു ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് അധ്യക്ഷനായി. അഭിജിത് സി ടി,ആദർശ് മങ്ങാട്ടിടം,ഫർഹാൻ മുണ്ടേരി,ആകാശ് ഭാസ്‌കർ തുടങ്ങിയവർ പങ്കെടുത്തു.