കണ്ണൂർ: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ.ഗോപിനാഥ് രവീന്ദ്രൻ ഇനിയും നാണം കെടാൻ നിൽക്കാതെ രാജിവെച്ചു പുറത്തു പോകണമെന്നാവശ്യപ്പെട്ട്  വിസിയുടെ പയ്യാമ്പലത്തെ ഔദ്യോഗിക വസതിക്കു മുൻപിൽ കെ.എസ്.യു പ്രവർത്തകർ പ്രതിഷേധിച്ചു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് ,സിൻഡിക്കേറ്റ് അംഗം ഫർഹാൻ മുണ്ടേരി എന്നിവരുടെ നേതൃത്വത്തിൽ പത്തോളം കെ.എസ്.യു പ്രവർത്തകരാണ് ജാഥയായി വി സിയുടെ വീട്ടിലെത്തിയത്. ഈ സമയത്ത് വി സി പുറത്താണുണ്ടായിരുന്നത്. തുടർന്ന് ചാൻസലർ തള്ളി പറഞ്ഞ നാണം കെട്ട വി സി പുറത്തു പോവുകയെന്ന പോസ്റ്ററുകൾ കെ.എസ്.യു പ്രവർത്തകർ മതിലിൽ ഒട്ടിച്ചു.

ചാൻസലറായ ഗവർണർ പോലും തള്ളി പറഞ്ഞ സാഹചര്യത്തിൽ കണ്ണൂർ സർവകലാശാല വി സിയായ പ്രൊഫ.ഗോപിനാഥ് രവീന്ദ്രൻ എത്രയും പെട്ടെന്ന് രാജിവെച്ചു പുറത്തു പോകുന്നതാണ് നല്ലതെന്നും ജ്യോത്സനെ കണ്ടാലും സർവകലാശാലയുടെ ആസ്ഥാന മന്ദിരത്തിന്റെ മുഖം മാറ്റിയാലുമൊന്നും ഈ പ്രതിസന്ധിയിൽ നിന്നും രക്ഷപ്പെടാനാവില്ലെന്നും ഷമ്മാസ് പറഞ്ഞു. തുടർന്ന് അര മണിക്കൂറോളം മുദ്രാവാക്യം വിളിച്ചതിനു ശേഷമാണ് പ്രവർത്തകർ പിരിഞ്ഞു പോയത്. കെ.എസ് യു പ്രവർത്തകരെ തടയുന്നതിനായി കണ്ണുർ ടൗൺ എസ്‌ഐ അഖിലിന്റെ നേതൃത്വത്തിൽ വൻ പൊലിസ് സന്നാഹം സ്ഥലത്ത് ക്യാംപ് ചെയ്തിരുന്നു.