- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊണ്ടു വന്നത് മതഗ്രന്ഥങ്ങൾ എന്ന് ജീവനക്കാരെ വിശ്വസിപ്പിക്കാനായി ഒരു പെട്ടി മാത്രം തുറന്നു; ബാക്കിയുള്ളവ സി-ആപ്റ്റിന്റെ വാഹനത്തിൽ മലപ്പുറത്തേക്കും കോഴിക്കോട്ടേക്കും കൊണ്ടു പോയി; മന്ത്രി ജലീൽ ലംഘിച്ചത് ഫോറിൻ എക്സ്ചേഞ്ച് മെയിന്റനൻസ് നിയവും ഫോറിൻ ട്രേഡ് റെഗുലേഷന് നിയമവും റിസർവ് ബാങ്ക് ആക്ടും; പാഴ്സൽ എന്തിന് ആർക്ക് വേണ്ടി അയച്ചെന്നതും വ്യക്തമല്ല; പ്രോട്ടോകോൾ ഓഫീസറുടെ വിശദീകരണവും മന്ത്രിക്ക് എതിര്; ജലീലിന് വിനയായി പാഴ്സൽ കടത്തിലെ അന്വേഷണം
തിരുവനന്തപുരം: ദുബായിൽ നിന്ന് യു.എ.ഇ. കോൺസുലേറ്റിലേക്കെന്ന പേരിൽ അയച്ച പാഴ്സലുകളെക്കുറിച്ച് ഒരു രേഖയും ഇല്ലെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തുമ്പോൾ വെട്ടിലാകുന്നത് മന്ത്രി കെ ടി ജലീൽ. നയതന്ത്ര ബാഗേജിന്റെ മറവിലുള്ള സ്വർണക്കടത്ത് പിടിയിലായതോടെയാണ് ഇക്കാര്യങ്ങൾ പുറത്തു വന്നത്. ഈ പാഴ്ലസുകളിൽ മിക്കതും എവിടെനിന്നു വന്നുവെന്നോ ആരയച്ചുവെന്നോ ഒരു വ്യക്തതയുമില്ല. ഇവയിലെന്താണെന്നുപോലും ഉറപ്പുമില്ല. അത്തരം പാഴ്സലാണ് കേരള സർക്കാരിന്റെ വാഹനത്തിൽ കൊണ്ടുപോയതും വിതരണം ചെയ്തതും. സ്വർണക്കടത്ത് സംഘം രേഖകളോ തെളിവുകളോ അവശേഷിപ്പിക്കാെതയാണ് ഇടപാടുകൾ മൊത്തം നടത്തിയതെന്നാണ് മാതൃഭൂമിയുടെ റിപ്പോർട്ട്.
രണ്ടുവർഷമായി നയതന്ത്ര പാഴ്സലുകൾക്ക് അനുമതി നൽകിയിട്ടില്ലെന്നു കസ്റ്റംസിനു സംസ്ഥാന പ്രോട്ടോകോൾ ഓഫീസർ ബി. സുനിൽകുമാറിന്റെ രേഖാമൂലമുള്ള മറുപടി.യും ജലീലിനെ വെട്ടിലാക്കും. യു.എ.ഇയിൽനിന്നു നയതന്ത്ര ബാഗേജിലൂടെ മതഗ്രന്ഥങ്ങൾ എത്തിച്ചു വിതരണം നടത്തിയതുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിനെ പ്രതിക്കൂട്ടിലാക്കുന്നതാണ് ഇത്. തന്റെ അറിവോടെ ഇക്കാര്യം നടന്നിട്ടില്ലെന്നും ഇ-മെയിലിലൂടെ സുനിൽ കുമാർ വിശദീകരിച്ചതോടെ അന്വേഷണം മുൻ പ്രോട്ടോകോൾ ഓഫീസറിലേക്കും നീളുമെന്നാണ് സൂചന. മന്ത്രിക്കു കീഴിലുള്ള സി-ആപ്റ്റിന്റെ വാഹനത്തിലാണ് മതഗ്രന്ഥങ്ങൾ കൊണ്ടുപോയത്. ഇരുപതോളം വലിയ പെട്ടികളിലായാണു മതഗ്രന്ഥങ്ങൾ എത്തിച്ചെന്നു കരുതുന്നത്. ഈ പെട്ടികളിൽ സ്വർണമടക്കം മറ്റു പലതും കൊണ്ടുവന്നതായി എൻ.ഐ.എ. സംശയിക്കുന്നു.
കൊണ്ടുവന്നത് മതഗ്രന്ഥങ്ങളാണെന്നു ജീവനക്കാരെ വിശ്വസിപ്പിക്കാനായി ഒരു പെട്ടി മാത്രമാണു തുറന്നത്. ബാക്കിയുള്ളവ സി-ആപ്റ്റിന്റെ വാഹനത്തിൽ മലപ്പുറത്തേക്കും കോഴിക്കോട്ടേക്കും കൊണ്ടുപോയി. മതഗ്രന്ഥം നയതന്ത്ര പാഴ്സലായി കൊണ്ടുവന്ന സംഭവത്തിൽ മന്ത്രി ജലീൽ ഫോറിൻ എക്സ്ചേഞ്ച് മെയിന്റനൻസ് നിയമം, ഫോറിൻ ട്രേഡ് റെഗുലേഷൻ/കോൺട്രിബ്യൂഷൻ നിയമങ്ങൾ, റിസർവ് ബാങ്ക് നിയമം തുടങ്ങിയവ ലംഘിച്ചെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. രേഖകളൊന്നും ഇല്ലാതെ മതഗൃന്ഥം എത്തിയതിലും ദുരൂഹത ഏറെയാണ്.
ആർക്കുവേണ്ടി മതഗ്രന്ഥം ആര് ആവശ്യപ്പെട്ട് ആര് കൊടുത്തയച്ചു. ആര് സ്വീകരിച്ചു. രേഖകൾ വ്യക്തമല്ലാത്ത പാഴ്സലുകളിൽ മുഴുവൻ മതഗ്രന്ഥമായിരുന്നുവെന്ന് ഉറപ്പിച്ചിട്ടുണ്ടോ. എന്ത് ഉറപ്പിൽ, എന്ത് രേഖകളുടെ ബലത്തിൽ ഇവ സർക്കാർ വാഹനത്തിൽ കൊണ്ടുപോയി എന്നിവ ജലീലിന് വിശദീകരിക്കേണ്ടി വരും. ഏറെ ദുരൂഹമാണ് ഈ ഇടപാടുകൾ. ദുബായ് വിമാനത്താവളത്തിൽ പാഴ്സൽ സ്വീകരിച്ച് ബുക്ക് ചെയ്തത് വിമാനക്കമ്പനിയായ എമിറേറ്റ്സിലെ ഉദ്യോഗസ്ഥനാണെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, കാർഗോ വില്ലേജിൽതന്നെ താമസിക്കുന്ന ഇദ്ദേഹത്തിന് ആര് പാഴ്സൽ കൊടുത്തെന്നു വ്യക്തമല്ല.
തനിക്ക് കോൺസുലേറ്റിൽ നിന്ന് ലഭിച്ചത് മതഗ്രന്ഥമാണ് എന്ന് സ്ഥാപിക്കാൻ ജലീൽ പുറത്ത്് വിട്ട രേഖ പ്രകാരം 4479 കിലോഗ്രാം തൂക്കമുള്ള 250 പാക്കറ്റുകളാണ് വന്നിട്ടുള്ളത്. സാധാരണഗതിയിൽ എന്ത് സാധനങ്ങൾ അയക്കുമ്പോഴും ആര് പറഞ്ഞിട്ടാണ് അയക്കുന്നത് എന്നതിന് രേഖവേണം. ഇവിടെ മതഗ്രന്ഥമായാലും മറ്റെന്ത് പാഴ്സലായാലും ആര് പറഞ്ഞിട്ട് അയച്ചെന്നതിനു രേഖയില്ല. പാഴ്സൽ ആർക്കുവേണ്ടി അയച്ചുവെന്നു വ്യക്തമല്ല. സാധാരണ, വിമാനത്താവളത്തിലെത്തിയ പാഴ്സൽ വാങ്ങാൻപോകുന്ന ആളിന്റെ പാസ്പോർട്ട് രേഖകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ വാങ്ങിവെക്കാറുണ്ട്. എന്നാൽ, വിവാദ പാഴ്സൽ തിരുവനന്തപുരം വിമാനത്താവളത്തിൽ വാങ്ങിയതാര് എന്നതിലും വ്യക്തതയില്ല.-ഇതെല്ലാം ദുരൂഹമാണ്. കസ്റ്റംസിലുള്ളവരുടെ സഹായവും ഇതിന് കിട്ടിയിട്ടുണ്ടെന്നാണ് സൂചന.
ഫോണിൽ കിട്ടിയ നിർദ്ദേശപ്രകാരം ഒരു കസ്റ്റംസ് ക്ലിയറൻസ് ഏജന്റാണ് മാർച്ച് നാലിനെത്തിയ പാഴ്സൽ സ്വീകരിച്ചത്. ഇതിന് 81,000 രൂപ അടച്ചിട്ടുണ്ട്. മുമ്പ് വന്ന പാഴ്സലുകൾക്കെല്ലാം 10,000 രൂപയിൽ താഴെ മാത്രമാണ് അടച്ചിരുന്നത്. കാർഗോ കോംപ്ലക്സിൽനിന്ന് കെ.എൽ.1 സി 6264 എന്ന രജിസ്ട്രേഷനിലുള്ള പ്ലാറ്റഫോം ലോറിയിൽ 250 പാക്കറ്റുകളടങ്ങിയ പാഴ്സൽ മാർച്ച് ആറിന് യു.എ.ഇ. കോൺസുലേറ്റിലേക്ക് പോയി. അതിൽ 28 പാഴ്സലുകൾ മന്ത്രി ജലീലിന്റെ കീഴിലുള്ള സർക്കാർസ്ഥാപനമായ സി-ആപ്റ്റിലേക്ക് കോൺസുലേറ്റ് വാഹനത്തിൽ കൊണ്ടുപോയി. അവിടെനിന്ന് സി-ആപ്റ്റ് വാഹനത്തിൽ ഇവ മലപ്പുറം ജില്ലയിലേക്കു കൊണ്ടുപോയി. ഒരു പാഴ്സൽ സി-ആപ്റ്റ് വാഹനത്തിൽതന്നെ ബെംഗളൂരുവിലേക്കും കൊണ്ടുപോയി. ഇത് ജലീലിനെ വെട്ടിലാക്കുമെന്നാണ് സൂചന.
അതിനിടെ രണ്ടുവർഷമായി വന്ന ഒരു പാഴ്സലിനെക്കുറിച്ചും യു.എ.ഇ. കോൺസുലേറ്റ് അറിയിച്ചില്ലെന്ന് സംസ്ഥാന പ്രോട്ടോകോൾ വിഭാഗം കസ്റ്റംസിനെ അറിയിച്ചു. മുമ്പ് നികുതിയിളവിനായി സർട്ടിഫിക്കറ്റ് വാങ്ങിയിരുന്ന വസ്തുക്കൾക്കുപോലും രണ്ടുവർഷമായി സർട്ടിഫിക്കറ്റിന് അപേക്ഷിച്ചിട്ടില്ല. 2017 ജൂലായിൽ കൊച്ചി തുറമുഖത്തെത്തിയ പാഴ്സലിന് നികുതിയിളവ് ലഭിക്കാനാണ് യു.എ.ഇ. കോൺസുലേറ്റ് അവസാനം സർട്ടിഫിക്കറ്റ് ഹാജരാക്കിയത്. ഇതിൽ അന്നത്തെ സംസ്ഥാന പ്രോട്ടോകോൾ ഓഫീസർ ഒപ്പിട്ടിട്ടുമുണ്ട്. അടുക്കളസാധനങ്ങളും ഭക്ഷ്യവസ്തുക്കളും അടങ്ങുന്ന 4000 കിലോഗ്രാമിന്റെ പാഴ്സലാണ് എത്തിയത്.
നയതന്ത്ര പാഴ്സലിന്റെ മറവിൽ സ്വർണം കടത്തിയ സംഘം ഇതിന്റെ രേഖകളും തെളിവുകളും ഒരിടത്തും അവശേഷിപ്പിക്കാതിരിക്കാൻ ശ്രമിച്ചിരുന്നു. നികുതിയിളവിന് പ്രോട്ടോകോൾ ഓഫീസറെ സമീപിക്കുമ്പോൾ പാഴ്സലിനെപ്പറ്റി മുഴുവൻ വിവരങ്ങളും നൽകേണ്ടതുണ്ട്. അതുകൊണ്ടാണ് ഇത് വേണ്ടെന്ന് വച്ചതെന്നാണ് സൂചന.
മറുനാടന് മലയാളി ബ്യൂറോ