കൊച്ചി: 'സത്യമേ ജയിക്കൂ; സത്യം മാത്രം. ലോകം മുഴുവൻ എതിർത്താലും മറിച്ചൊന്ന് സംഭവിക്കില്ല' - മന്ത്രി കെ.ടി. ജലീൽ ഇന്നലെ രാത്രി ഫെയ്‌സ് ബുക്കിൽ കുറിച്ച വചനങ്ങളാണ് ഇത്. ഇതു തന്നെയാണ് യഥാർത്ഥത്തിൽ സംഭവിച്ചതും. മന്ത്രി ഒളിപ്പിക്കാൻ ശ്രമിച്ചിട്ടും ആ സത്യം പുറത്തു വന്നു. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ നയതന്ത്ര പാഴ്‌സലുകളിലെ പ്രോട്ടോക്കോൾ ലംഘനം, സ്വർണക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട് ജലീലിനെ എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തതും പുറംലോകത്ത് എത്തി. മന്ത്രിയെ ഇന്നലെ രാവിലെ എറണാകുളത്തെ ഇഡി ഓഫിസിൽ വിളിച്ചുവരുത്തുകയായിരുന്നു.

മന്ത്രിക്ക് ഇഡിയുടെ നോട്ടീസ് കിട്ടിയെന്ന് രണ്ട് ദിവസം മുമ്പ് വാർത്ത എത്തി. എന്നാൽ അത്തരത്തിലൊരു നോട്ടീസേ കിട്ടിയിട്ടില്ലെന്നായിരുന്നു മന്ത്രി ചോദിച്ചവരോടെല്ലാം പറഞ്ഞത്. അതിന് ശേഷം അതീവ രഹസ്യമായി ചോദ്യം ചെയ്യലിന് എത്തി. ആരും അറിയാതിരിക്കാനുള്ള എല്ലാ മുൻകുരതലും എടുത്തു. ഇന്നലെ പുലർച്ചെ അരൂരിലെ കുടുംബസുഹൃത്തിന്റെ വീട്ടിലെത്തിയ മന്ത്രി, സ്റ്റേറ്റ് കാർ അവിടെയിട്ട് സ്വകാര്യ കാറിൽ ഇഡി ഓഫിസിലെത്തി. മൊഴിയെടുപ്പ് 2 മണിക്കൂർ കൊണ്ട് പൂർത്തിയായി.

അതിന് ശേഷവും ചോദ്യം ചെയ്യൽ മന്ത്രി നിഷേധിച്ചു. അതിനിടെയാണ് എൻഫോഴ്‌സ് ഡയറക്ടർ എല്ലാ സത്യവും തുറന്നു പറഞ്ഞത്. രാത്രിയോടെ 'സത്യമേ ജയിക്കൂ; സത്യം മാത്രം. ലോകം മുഴുവൻ എതിർത്താലും മറിച്ചൊന്ന് സംഭവിക്കില്ല' എന്ന കുറിപ്പും മന്ത്രി ഇട്ടു. സ്വയം ന്യായീകരണത്തിനാണ് ഇത് ഇട്ടതെങ്കിലും കളവ് പറഞ്ഞ മന്ത്രിക്ക് നേരെയുള്ള പരിഹാസം കൂടിയായി ഈ പോസ്റ്റ് മാറി.

മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചിട്ടായിരുന്നു മന്ത്രി ചോദ്യം ചെയ്യലിന് ഹാജരായത്. പരമാവധി രഹസ്യമാക്കി ഇത് സൂക്ഷിക്കുമെന്നും പറഞ്ഞു. കൊച്ചിയിലെ ഇഡി ഉദ്യോഗസ്ഥരും ഒന്നും പുറത്തു പറഞ്ഞില്ല. ചോദ്യം ചെയ്യലിന് ശേഷം വൈകിട്ട് 5 മണിവരെ വിവരം മന്ത്രി ജലീലും അദ്ദേഹത്തിന്റെ ഓഫിസും അടുത്ത സുഹൃത്തുക്കളും നിഷേധിച്ചുകൊണ്ടിരുന്നു. നോട്ടിസ് പോലും ലഭിച്ചിട്ടില്ലെന്നു മന്ത്രി പ്രതികരിച്ചു. എന്നാൽ, മന്ത്രിയുടെ മൊഴി രേഖപ്പെടുത്തിയ വിവരം വൈകിട്ട് 5.45 ന് ഇഡി മേധാവി ന്യൂഡൽഹിയിൽ സ്ഥിരീകരിച്ചു. ഇതോടെ സത്യം പുറത്തായി. അങ്ങനെ മുഖ്യമന്ത്രി മാത്രം അറിഞ്ഞ സത്യം പുറം ലോകത്ത് എത്തി.

രാവിലെ 9.30 മുതൽ കൊച്ചി ഓഫിസിൽ മന്ത്രി ജലീലിനെ ചോദ്യം ചെയ്‌തെന്നും സ്വർണക്കടത്തു കേസിൽ മറ്റു വിഷയങ്ങളും ഉൾപ്പെടുമെന്നും ഇഡി ഉന്നതർ അറിയിച്ചു. പല ചോദ്യങ്ങളിലും കൃത്യമായ ഉത്തരം നൽകാതെ ജലീൽ ഒഴിഞ്ഞുമാറിയെന്ന് ഇഡി വൃത്തങ്ങൾ പറഞ്ഞു. ചോദ്യം ചെയ്യൽ തൃപ്തികരമായിരുന്നില്ല; ഇന്നലെ നൽകിയ മൊഴി പരിശോധിച്ച ശേഷം വീണ്ടും ചോദ്യം ചെയ്‌തേക്കും.

അതായത് മന്ത്രി സംശയ നിഴലിലാണ്. ഇങ്ങനെ സംശയ നിഴലിലുള്ള മന്ത്രി രാജി വയ്ക്കണമെന്നാണ് ഉയരുന്ന ആവശ്യം. കേന്ദ്ര ഏജൻസികൾ മന്ത്രിയെ സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട് സംശയത്തിൽ നിർത്തി ചോദ്യം ചെയ്യുന്നത് അത്യപൂർവ്വമാണ്. ഇത്തരത്തിൽ ചർച്ച ഉയരാതിരിക്കാനാണ് ജലീൽ എല്ലാം അതീവ രഹസ്യമാക്കിയത്. ചോദ്യം ചെയ്യലിന് ശേഷവും അത് നിഷേധിച്ചതും.

2020 മാർച്ച് 4നു തിരുവനന്തപുരം യുഎഇ കോൺസൽ ജനറലിന്റെ പേരിലെത്തിയ നയതന്ത്ര പാഴ്‌സലുകളെക്കുറിച്ചായിരുന്നു പ്രധാന ചോദ്യങ്ങൾ. മതഗ്രന്ഥങ്ങളെന്നാണ് മന്ത്രി നൽകിയിരുന്ന വിശദീകരണം. കള്ളക്കടത്തു സംഘം ഈ നയതന്ത്ര പാഴ്‌സലുകളിൽ സ്വർണമോ പണമോ കടത്തിയോ എന്ന് അന്വേഷണ സംഘം പരിശോധിക്കുകയാണ്. കള്ളപ്പണം കറൻസി നോട്ടുകളായി കടത്തിയോ എന്നും അന്വേഷിക്കുന്നു. സ്വർണക്കടത്തു പ്രതികൾ യുഎഇ കോൺസുലേറ്റ് വഴി ജലീലുമായി അടുത്ത ബന്ധമുണ്ടാക്കിയെന്നും അതിന്റെ മറവിൽ കുറ്റകൃത്യം നടത്തിയെന്നുമുള്ള നിഗമനത്തിലാണ് അന്വേഷണ സംഘം.

സ്വർണക്കടത്തു കേസിൽ ഒന്നും ഒളിക്കാനില്ലെന്നു പലവട്ടം ആവർത്തിച്ച മന്ത്രി കെ.ടി. ജലീൽ, ഇഡി ചോദ്യം ചെയ്തതു രഹസ്യമാക്കി വയ്ക്കാൻ പാടുപെട്ടു. ഇഡി സമൻസ് അയച്ച വിവരം ഇന്നലെ നിഷേധിച്ച മന്ത്രി, ഇത് പത്രത്തിൽ വായിച്ച അറിവേയുള്ളൂ എന്നാണു പ്രതികരിച്ചത്. ചോദ്യം ചെയ്യലിനു ഹാജരാകാൻ ഇന്നലെ അതിരാവിലെ തിരുവനന്തപുരത്തു നിന്നു കൊച്ചിയിലേക്കു തിരിച്ച മന്ത്രി, നാട്ടിലേക്കു പോകുന്നുവെന്നാണ് ഓഫിസിലും മറ്റും അറിയിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെ ഫോണിൽ ബന്ധപ്പെട്ടപ്പോഴും നാട്ടിലേക്കുള്ള യാത്രയിലാണെന്നും ഒന്നും ഒളിച്ചു വയ്ക്കാനില്ലെന്നുമായിരുന്നു പ്രതികരണം. സ്റ്റേറ്റ് കാർ സുഹൃത്തിന്റെ വീട്ടിൽ നിർത്തിയിട്ട് സ്വകാര്യവാഹനത്തിൽ ചോദ്യം ചെയ്യലിനെത്തിയതും വിവാദമായി.

'ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ മന്ത്രി ജലീൽ തലയിൽ മുണ്ടിട്ടു പോയതു കേരളത്തിനു നാണക്കേടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. കേരള ചരിത്രത്തിൽ ആദ്യമായാണ് ഒരു മന്ത്രിയെ കേന്ദ്ര കുറ്റാന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യുന്നത്. മുഖ്യമന്ത്രിക്ക് ഇച്ഛാശക്തിയുണ്ടെങ്കിൽ ജലീലിന്റെ രാജി എഴുതി വാങ്ങണം എന്നും ചെന്നിത്തല പറഞ്ഞു.