കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും മന്ത്രി കെ.ടി. ജലീലിനെ ചോദ്യംചെയ്യും. നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ടാണ് കസ്റ്റംസ് ആക്ട് പ്രകാരം മൊഴിയെടുക്കുക. ഇതിന് ഉടൻ നോട്ടീസ് നൽകും. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇ.ഡി.) പിന്നാലെയാണ് കസ്റ്റംസിന്റെ ചോദ്യം ചെയ്യൽ. ഇഡിക്ക് നൽകിയ മൊഴികളിൽ അവ്യക്തതയുണ്ടെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് ഇഡിയും വീണ്ടും മന്ത്രിയെ ചോദ്യം ചെയ്യും. ആരും അറിയാതെ അതീവ രഹസ്യമായി ഇഡിയുടെ ചോദ്യം ചെയ്യലിന് മന്ത്രി വിധേയമായത് ഏറെ വിവാദമായിട്ടുണ്ട്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭവും ശക്തമാണ്. ഇതിനിടെയാണ് കസ്റ്റംസും ചോദ്യം ചെയ്യാൻ തയ്യാറെടുക്കുന്നത്.

മന്ത്രിയുടെ മൊഴികൾ ഇ.ഡി. അന്വേഷണസംഘം വിശദമായി പരിശോധിച്ചു. യു.എ.ഇ. കോൺസുലേറ്റുമായി മന്ത്രിയെന്നനിലയ്ക്കപ്പുറമുള്ള ഇടപാടുകൾ ഉണ്ടോയെന്ന സംശയം ഇനിയും ഇഡിക്ക് മാറിയിട്ടില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നതിനെ കുറിച്ച് ഇഡി ആലോചിക്കുന്നത്. കസ്റ്റംസാണ് ജലീലിനെതിരെ ആദ്യം നിലപാട് എടുത്തത്. ജലീലിന്റെ ഇടപെടലുകൾ കേന്ദ്ര ധനമന്ത്രാലയത്തിന് റിപ്പോർട്ടായി നൽകി. നയതന്ത്ര ചട്ടങ്ങൾ ലംഘിച്ചുവെന്നും അറിയിച്ചു. ഇതിന്റെ ഭാഗമായിട്ടാണ് ഇഡി ചോദ്യം ചെയ്തത്. ഇതിന് പിന്നാലെ കസ്റ്റംസും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമ്പോൾ മന്ത്രി കൂടുതൽ പ്രതിരോധത്തിലാകും.

നയതന്ത്ര ബാഗേജിനെക്കുറിച്ചുള്ള കാര്യത്തിൽ ജലീലിന്റെ വിശദീകരണം കസ്റ്റംസ് ആക്ട് 108 പ്രകാരമായിരിക്കും രേഖപ്പെടുത്തുക. ഇത് പിന്നീട് മാറ്റിപ്പറയാൻ കഴിയില്ല. കോടതിയിൽ തെളിവുമൂല്യവും ഉണ്ടാകും. മന്ത്രി ജലീലിൽനിന്നും ബിനീഷ് കോടിയേരിയിൽനിന്നും ഇതേ രീതിയിലാണ് ഇ.ഡി. മൊഴിയെടുത്തത്. മന്ത്രിയുടെ മൊഴി അവലോകനംചെയ്ത ഇ.ഡി. കോൺസുലേറ്റുമായുള്ള ബന്ധം സാധാരണയിൽ കവിഞ്ഞുള്ളതാണെന്നാണു വിലയിരുത്തിയത്. പ്രോട്ടോകോളുകൾ പാലിക്കപ്പെട്ടിട്ടില്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അറിഞ്ഞുമാത്രം ചെയ്യേണ്ട കാര്യങ്ങളിൽ അതുണ്ടായതുമില്ല. ഈ സാഹചര്യത്തിലാണ് കസ്റ്റംസും നോട്ടീസ് നൽകുന്നത്.

യു.എ.ഇ. കോൺസുലേറ്റിൽനിന്ന് നയതന്ത്ര ബാഗേജുകളിലെ പായ്ക്കറ്റുകൾ ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള സി-ആപ്റ്റിന്റെ ഓഫീസിൽ എത്തിച്ചിരുന്നു. ഇത് ജലീലിന്റെ നിർദേശപ്രകാരമായിരുന്നു. സി-ആപ്റ്റിന്റെ വാഹനത്തിൽ മലപ്പുറത്തെ രണ്ടു സ്ഥാപനങ്ങളിൽ എത്തിച്ച പായ്ക്കറ്റുകളിൽ മതഗ്രന്ഥമാണെന്നാണ് മന്ത്രി അവകാശപ്പെട്ടത്. ഇതിൽ കസ്റ്റംസ് പ്രിവന്റീവ് സംഘം വിശദപരിശോധന നടത്തിയിരുന്നു. ബാഗേജിന്റെ തൂക്കവ്യത്യാസമാണ് കസ്റ്റംസിന് സംശയം ജനിപ്പിക്കുന്നത്.

എൻഐഎയും കെ.ടി.ജലീലിനെ ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന. മന്ത്രി ജലീലിന്റെ മൊഴി ഇഡിയും വീണ്ടും രേഖപ്പെടുത്തും. 14നു ഹാജരാകാനാണു മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ വെള്ളിയാഴ്ച രാവിലെ എത്തുമെന്നു വ്യാഴാഴ്ച രാത്രി മന്ത്രി അന്വേഷണ സംഘത്തെ അറിയിച്ചു. ചോദ്യാവലി മുൻകൂട്ടി തയാറാക്കിയാണ് ഇഡിയുടെ മൊഴിയെടുപ്പ്. എന്നാൽ ചോദ്യാവലി തയാറാക്കും മുൻപു മന്ത്രി എത്തി. ആവശ്യപ്പെട്ട പല വിവരങ്ങളും കൈമാറാൻ മന്ത്രിക്കു കഴിയാതിരുന്നതിനാലാണ് ചോദ്യാവലി തയാറാക്കിയ ശേഷം വീണ്ടും മൊഴിയെടുക്കുന്നത്.

ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങൾ തുടരുകയാണ്. എന്നാൽ മന്ത്രിയെ പ്രതിരോധിക്കാനാണ് സിപിഎം തീരുമാനം. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിവരങ്ങൾ തേടി എന്നതിന്റെ പേരിൽ മന്ത്രി ജലീൽ രാജിവെയ്ക്കണമെന്ന കോൺഗ്രസ്സിന്റെയും ബിജെപിയുടെയും ആവശ്യം രാഷ്ട്രീയപ്രേരിതമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. കോൺഗ്രസ്സ് ബി.ജെ പിയുടെ ബി ടീം ആണെന്നും വിശദീകരിക്കുന്നു. ബിജെപി യുടെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഇ.ഡി ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളെ കേന്ദ്രം ഉപയോഗിക്കുന്നുവെന്ന് പ്രഖ്യാപിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഭാഗം തന്നെയാണോ കേരളത്തിലുള്ളതെന്ന് അഖിലേന്ത്യാ കോൺഗ്രസ്സ് നേതൃത്വം വ്യക്തമാക്കണമെന്നും സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

രാജസ്ഥാൻ ഗതാഗത മന്ത്രി പ്രതാപ് സിങ് കചര്യവാസനെ ആഗസ്റ്റിൽ ഏഴു മണിക്കൂർ ചോദ്യം ചെയ്തത് മുല്ലപ്പള്ളിയും സംഘവും അറിഞ്ഞമട്ടില്ല. മന്ത്രിമാരെയും എം എൽ എ മാരെയും ഇ.ഡി അടക്കമുള്ള ഏജൻസികൾ വേട്ടയാടിയെന്ന് രാജസ്ഥാൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അശോക് ഗെഹ്ലോത്ത് നിയമസഭയിൽ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ സഹോദരനെ ചോദ്യം ചെയ്യുക മാത്രമല്ല വീടും റെയ്ഡും ചെയ്തിരുന്നു. മതിൽ ചാടി കടന്നാണ് സിബിഐ ചിദംബരത്തെ അറസ്റ്റ്ചെയ്ത് ജയിലിലടച്ചത്. എൻഫോഴ്സ്മെന്റ് ചുമത്തിയ കേസിൽ റിമാന്റ് ചെയ്യപ്പെട്ട ശിവകുമാറിനെ ജയിൽ വിമോചിതനായപ്പോൾ കർണ്ണാടക പി.സി.സി പ്രസിഡന്റാക്കിയതും ജനങ്ങൾക്ക് അറിയാവുന്നതാണ്. വധേരയെ 12 പ്രാവശ്യമായി 70 മണിക്കൂറിലധികവും അഹമ്മദ് പട്ടേലിനെ നാലു തവണയായി 25 മണിക്കൂറിലധികവുമായിരുന്നു ഇ.ഡി ചോദ്യം ചെയ്തത്. അന്ന് എൻഫോഴ്സ്മെന്റ് രഷ്ട്രീയ ആയുധമെന്നു പറഞ്ഞ പാർട്ടിയുടെ കേരള ഘടകം ഇന്ന് അക്ഷരാർത്ഥത്തിൽ ബിജെപി തന്നെയായി മാറിയിരിക്കുകയാണെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് ആരോപിക്കുന്നു.

സ്വർണ്ണക്കടത്ത് കേസ് മുതൽ ഉയർന്ന എല്ലാ പ്രശ്നങ്ങളിലും എത് ഏജൻസി വേണമെങ്കിലും അന്വേഷിച്ചോട്ടെ എന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുള്ളത്. അന്വേഷണ ഏജൻസികളെ തടയുന്ന സമീപനം എൽ ഡി എഫ് സർക്കാരിനില്ല. എന്നാൽ വിവാദമായ നയതന്ത്ര ബാഗേജുകൾ അയച്ചവരേയും കൈപ്പറ്റിയവരേയും ചോദ്യം ചെയ്യാൻ പോലും മൂന്നു കേന്ദ്ര ഏജൻസികളും തയ്യാറാകാത്തത് ദുരൂഹമാണ്. നയതന്ത്ര ബാഗേജ് വഴി നിരവധി തവണ സ്വർണം കടത്തിയെന്ന് കോടതിയിൽ പറഞ്ഞ ഏജൻസികൾ തന്നെ ഇവരെ അന്വേഷണ പരിധിയിൽ നിന്നും ഒഴിവാക്കുന്നത് സംശയാസ്പദമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആരോപിക്കുന്നു. ഇ.ഡിയുടെ സ്പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റിയത് രാഷ്ട്രീയ പ്രേരിതമാണെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കുകയുണ്ടായി. മന്ത്രി ജലീലിൽ നിന്നും വിവരം തേടിയ വിവരം ഡൽഹിയിൽ ഇ.ഡി മേധാവി തന്നെ പരസ്യപ്പെടുത്തിയ നടപടി അസാധാരണമാണ്. രാജ്യവ്യാപകമായി രാഷട്രീയമായി ഉപയോഗിക്കുന്നുവെന്ന ആക്ഷേപമുള്ള ഏജൻസിയാണ് ഇ.ഡി എന്നതും പ്രസക്തമാണ്.

ബിജെപി അനുകൂല ചാനലിന്റെ കോർഡിനേറ്റിങ് എഡിറ്ററെ ചോദ്യം ചെയ്തതിനു ശേഷം തുടർ നടപടികളില്ലാത്തതും കസ്റ്റംസ് സംഘത്തിലുണ്ടായ മാറ്റങ്ങളും ജനങ്ങളിൽ സംശയം സൃഷ്ടിച്ചിട്ടുണ്ട്. കേസിൽ പ്രതിചേർക്കപ്പെട്ട ഫൈസൽ ഫരീദിനെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിൽ വിദേശ മന്ത്രാലയവും കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നത്. എൻ.ഐ.എയും കസ്റ്റംസിനേയും നിഷേധിച്ച് നയതന്ത്ര ബാഗേജല്ല എന്ന നിലപാട് തുടർച്ചയായി സ്വീകരിച്ച വി.മുരളീധരൻ ഈ വകുപ്പിലെ സഹമന്ത്രിയാണെന്നതും ഇതിനു കാരണമായിരിക്കാം. മുസ്ലിം ലീഗിന്റെ എംഎ‍ൽഎ കമറൂദ്ദിനെതിരെ ഉയർന്ന 150 കോടിയിൽപരം രൂപയുടെ ജൂവലറി നിക്ഷേപ തട്ടിപ്പ് കേസും വഖഫ് ഭൂമി തിരിമിറി നടത്തിയതിലും നിക്ഷേപ തട്ടിപ്പിലും എംഎ‍ൽഎ യ്ക്കുള്ള പങ്ക് മറനീക്കി പുറത്തുവന്നതും മൂടിവയിക്കാനും വഴിതിരിച്ചു വിടാനുമാണ് മന്ത്രി കെ.ടി.ജലീലിന്റെ പേരുപറഞ്ഞ് യു.ഡി.എഫ് അക്രമവും കലാപവും സൃഷ്ടിച്ച് രംഗത്ത് വരുന്നതെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് ആരോപിക്കുന്നു.