- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ട് ദിവസത്തിനകം ജലീലിനെ എൻഐഎയും ചോദ്യം ചെയ്യും; അതു കഴിഞ്ഞാൽ വീണ്ടും ഇഡിയുടെ മൊഴിയെടുക്കൽ; കസ്റ്റംസും മന്ത്രിയെ വിവരങ്ങൾ ആരായാൻ വിളിപ്പിച്ചക്കും; ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ആകെ ആശ്വാസം ജലീൽ സ്വർണക്കടത്തിനു കൂട്ടുനിന്നതിനു തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ലെന്ന കേന്ദ്ര ഏജൻസികളുടെ വിശദീകരണം മാത്രം; നയതന്ത്ര ബാഗിലെ ഖുറാൻ എത്തിക്കലിൽ മന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് ഇഡിയും; ജലീലിനെ വിടാതെ പിന്തുടർന്ന് കേന്ദ്ര ഏജൻസികൾ
ന്യൂഡൽഹി: സ്വർണക്കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിനെ ദേശീയ അന്വേഷണ ഏജൻസിയും (എൻ.ഐ.എ.) രണ്ടുദിവസത്തിനകം ചോദ്യംചെയ്യുമെന്ന് വാർത്താ ഏജൻസിയായ ഐ.എ.എൻ.എസ്. റിപ്പോർട്ട് ചെയ്തു. നേരത്തെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും മന്ത്രിയെ ചോദ്യം ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് മന്ത്രിയുടെ മൊഴി രേഖപ്പെടുത്തുമെന്നും എൻ.ഐ.എ. മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചതായി ഏജൻസി വ്യക്തമാക്കി. ഇഡിയും കസ്റ്റംസും മന്ത്രിയെ ചോദ്യം ചെയ്യുന്നത് പരിഗണിക്കുന്നുണ്ട്. ജലീലിന് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് ഇഡി ഡയറക്ടർ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ഇതിനിടെയാണ് ദേശീയ അന്വേഷണ ഏജൻസിയുടെ ചോദ്യം ചെയ്യൽ. പല ഘട്ടങ്ങളിൽ മന്ത്രിയെ ചോദ്യം ചെയ്യാനാണ് തീരുമാനം. മതഗ്രന്ഥങ്ങളുടെ വിതരണത്തിന്റെ മറവിൽ സ്വർണക്കള്ളക്കടത്ത് നടന്നിട്ടുണ്ടോയെന്ന് അന്വേഷിച്ചറിയാനാണ് അദ്ദേഹത്തെ ചോദ്യംചെയ്യുന്നത്. കേസിൽ ജലീലിന്റെ പേര് ചേർക്കപ്പെട്ടിട്ടില്ലെന്നും അധികൃതർ അറിയിച്ചു. സ്വപ്നാ സുരേഷിന്റെ കൈവശമുണ്ടായിരുന്ന ഉപകരണങ്ങളിൽനിന്ന് ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചുവരികയാണെന്നും കേസന്വേഷണവുമായി ബന്ധപ്പെട്ട് അന്വേഷണസംഘം വീണ്ടും യു.എ.ഇ. സന്ദർശിക്കുമെന്നും എൻ.ഐ.എ. വൃത്തങ്ങൾ അറിയിച്ചു. രണ്ട് ദിവസത്തിനകം ജലീലിനെ ചോദ്യം ചെയ്യുമെന്നാണ് സൂചന.
സ്വപ്‌നാ സുരേഷിനെ കസ്റ്റഡിയിൽ വാങ്ങാനാണ് എൻഐഎ തീരുമാനം. അതിന് ശേഷം വിശദ മൊഴി എടുക്കും. പിന്നീട് ജലീലിനെ ചോദ്യം ചെയ്യാനാണ് തീരുമാനം. യുഎഇ കോൺസുലേറ്റിന്റെ പേരിലെത്തിയ നയതന്ത്രപാഴ്‌സൽ ഏറ്റുവാങ്ങിയതിലെ പ്രോട്ടോക്കോൾ ലംഘനം സംബന്ധിച്ചു മന്ത്രി കെ.ടി. ജലീൽ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് (ഇഡി). വ്യക്തമാക്കുന്നുണ്ട്. മൊഴി പരിശോധിച്ച ശേഷം ജലീലിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് ഇഡി ഡയറക്ടർ സഞ്ജയ്കുമാർ മിശ്ര സ്ഥിരീകരിച്ചു. കേസിൽ ജലീലിനു ക്ലീൻചിറ്റ് നൽകിയതായി ഇന്നലെ ഉച്ചയോടെയുണ്ടായ പ്രചാരണവും അദ്ദേഹം തള്ളി. അതേസമയം, ജലീൽ സ്വർണക്കടത്തിനു കൂട്ടുനിന്നതിനു തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ല.
കഴിഞ്ഞ വെള്ളിയാഴ്ച ജലീൽ ഇഡി ഓഫിസിൽ ചോദ്യംചെയ്യലിനു വിധേയനായ വിവരമാണ് ഇതുവരെ പുറത്തുവന്നിരുന്നത്. എന്നാൽ അതിന്റെ തലേന്നു രാത്രി 7.30 മുതൽ 12 വരെ ചോദ്യം ചെയ്തിരുന്നതായി സംസ്ഥാന പൊലീസ് സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തു. ഇക്കാര്യം ഇഡി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വ്യാഴാഴ്ചത്തെ ചോദ്യം ചെയ്യലിനു ശേഷം പിറ്റേന്നു രാവിലെ പത്തിനു ഹാജരാകണമെന്ന് ഇഡി ആവശ്യപ്പെടുകയായിരുന്നുവെന്നാണു സൂചന. വ്യാഴാഴ്ച രാത്രി ചോദ്യങ്ങൾക്കു ജലീൽ സ്വയം എഴുതി കൈമാറിയ മറുപടികളുടെ അടിസ്ഥാനത്തിലുള്ള വിശദമായ ചോദ്യം ചെയ്യലാണു വെള്ളിയാഴ്ച നടന്നത്. 2 ദിവസങ്ങളിലായി ഏതാണ്ട് 8 മണിക്കൂറിലേറെയായിരുന്നു ചോദ്യം ചെയ്യൽ. െ
കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഏഴരയോടെ എൻഫോഴ്‌സമെന്റ് ഓഫിസിലെത്തിയ മന്ത്രിയെ രാത്രി 11.30 വരെ ചോദ്യം ചെയ്ത് അടുത്ത ദിവസം ഹാജരാകാൻ ആവശ്യപ്പെട്ട് പറഞ്ഞ് അയയ്ക്കുകയയാരുന്നു. തുടർന്നാണ് രാത്രിയിൽ അരൂരിലെ സുഹൃത്തായ വ്യവസായിയുടെ വീട്ടിൽ താമസിച്ച ശേഷം വെള്ളിയാഴ്ച രാവിലെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായി എന്നാണ് പുറത്തു വരുന്ന സൂചന. പ്രോട്ടോകോൾ ലംഘനത്തിലാണ് ഇ.ഡി. ജലീലിൽനിന്ന് കൂടുതൽ വിവരങ്ങൾ തേടുന്നത്. നയതന്ത്ര ബാഗിൽ എന്തെല്ലാം സാധനങ്ങളുണ്ടെന്നു വ്യക്തമാക്കുന്ന കോൺസുലേറ്റിന്റെ അപേക്ഷയിൽ പ്രോട്ടോകോൾ ഓഫീസർ ഒപ്പിട്ടാലേ ഡ്യൂട്ടിയിളവ് നൽകാൻ കഴിയൂ. നയതന്ത്ര പാഴ്സൽ വഴി മതഗ്രന്ഥങ്ങൾ കൊണ്ടുവരാനോ അതിൽ സംസ്ഥാനത്തിന് നികുതിയിളവിന് സാക്ഷ്യപത്രം നൽകാനോ ചട്ടപ്രകാരം കഴിയില്ല. ഇക്കാര്യങ്ങളിൽ മന്ത്രി പറഞ്ഞ മറുപടികൾ തൃപ്തികരമല്ലെന്നാണ് ഇ.ഡി.യുടെ വിലയിരുത്തൽ.
യു.എ.ഇ.യിൽനിന്നുള്ള നയതന്ത്ര ബാഗേജിലെ സാധനങ്ങൾ എന്തായിരുന്നുവെന്ന് അറിയില്ലെന്നും തനിക്കു ലഭിച്ച പാക്കറ്റുകളിൽ ഉണ്ടായിരുന്നത് മതഗ്രന്ഥങ്ങളായിരുന്നെന്നുമാണ് ജലീൽ ആദ്യത്തെ ചോദ്യംചെയ്യലിൽ ഇ.ഡി.യോടു പറഞ്ഞത്. മാർച്ച് നാലിനെത്തിയ 4478 കിലോ ബാഗേജിൽനിന്നുള്ള 32 പാക്കറ്റുകളാണ് മന്ത്രിമുഖേന മലപ്പുറത്തെ രണ്ടു മതസ്ഥാപനങ്ങളിൽ എത്തിച്ചത്.
ഇതിനായി എന്തിനാണ് സർക്കാർ വാഹനം ഉപയോഗിച്ചതെന്നും ആരുടെ നിർദേശമാണ് അനുസരിച്ചതെന്നുമുള്ള ചോദ്യങ്ങൾക്ക് മന്ത്രി പറഞ്ഞ ഉത്തരങ്ങളിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് ഇ.ഡി. വൃത്തങ്ങൾ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ