കൊച്ചി: ഔദ്യോഗികപദവി ദുരുപയോഗം ചെയ്ത് ഖുറാൻ ഇറക്കുമതിചെയ്തതെന്ന ആരോപണം നേരിടുന്ന മന്ത്രി കെ.ടി. ജലീലിനെ കസ്റ്റംസ് വിശദമായി തന്നെ ചോദ്യം ചെയ്യും. ഇതിനുള്ള ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്. ചോദ്യം ചെയ്ത ശേഷമേ കേസിൽ ആരെയെങ്കിലും പ്രതിയാകക്കാൻ കസ്റ്റംസിനെ നിയമം അനുവദിക്കുന്നുള്ളൂ. അതുകൊണ്ട് തന്നെ നാളത്തെ ചോദ്യം ചെയ്യലിന് ശേഷം ജലീലിനെ അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്. ഇതിന് മുമ്പ് ഗവർണ്ണറുടെ അനുമതിയും കസ്റ്റംസ് തേടിയേക്കും. ചോദ്യം ചെയ്യൽ പുരോഗതി വിലയിരുത്തിയാകും കാര്യങ്ങൾ ഗവർണ്ണറെ അറിയിക്കൂ. ജലീലിന്റെ ഗൺമാൻ പ്രജീഷിന്റെ മൊബൈൽ ഫോണിലെ മായ്ചുകളഞ്ഞ വിവരങ്ങൾ വീണ്ടെടുത്ത ശേഷമാണ് കസ്റ്റംസിന്റെ ചോദ്യം ചെയ്യൽ. നേരത്തേ എൻ.ഐ.എയും ഇ.ഡിയും മന്ത്രിയെ ചോദ്യം ചെയ്തിരുന്നു.

മുമ്പ് രണ്ടുതവണ ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ)ക്കു മുന്നിൽ ജലീൽ ഹാജരായിരുന്നു. പിന്നീട് വിട്ടയയ്ക്കുകയും ചെയ്തു. എന്നാൽ, നാളെ കസ്റ്റംസിൽ ഹാജരാകുമ്പോൾ ഒട്ടേറെ ചോദ്യങ്ങൾക്കു ജലീൽ മറുപടി പറയേണ്ടിവരും. മറുപടികളിൽ വ്യക്തയുണ്ടായില്ലെങ്കിൽ അറസ്റ്റ് അനിവാര്യതയാകും. എൻഐഎയ്ക്ക് നൽകിയ മൊഴികൾ കസ്റ്റംസ് പരിശോധിച്ചിരുന്നു. നിരവധി പൊരുത്തക്കേടുകൾ കണ്ടെത്തുകയും ചെയ്തു. മന്ത്രിയെ വിളിപ്പിക്കുന്നതിനു മുന്നോടിയായി അദ്ദേഹത്തിന്റെ ഗൺമാനെ വെള്ളിയാഴ്ച കസ്റ്റംസ് വിശദമായി ചോദ്യം ചെയ്തിരുന്നു. ഗൺമാന്റെ ഫോണിലൂടെ ജലീൽ പലരേയും വിളിച്ചിരുന്നുവെന്നു കണ്ടെത്തിയതിനെ തുടർന്നാണിത്.

4479കിലോയുള്ള കാർഗോയിലെ 250പാക്കറ്റുകളിൽ 32എണ്ണമാണ് സി-ആപ്റ്റിന്റെ വാഹനത്തിൽ മലപ്പുറത്തെത്തിച്ചത്. എയർവേ ബിൽ പ്രകാരം 7750മതഗ്രന്ഥങ്ങൾ എത്തിച്ചിട്ടുണ്ടെങ്കിലും മലപ്പുറത്തെത്തിച്ച 992എണ്ണമൊഴിച്ച് 6758മതഗ്രന്ഥങ്ങൾ എവിടെയാണെന്ന് കണ്ടെത്താനായിട്ടില്ല. സർക്കാർ വാഹനത്തിൽ കൊണ്ടുപോയത് ഗുരുതര വീഴ്ചയാണ്. വാഹനത്തിന്റെ ജി.പി.എസ് ഓഫായതും, പിന്നാലെ മറ്റൊരു വാഹനം കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലേക്ക് പോയതും ദുരൂഹമാണ്. ഇതാണ് മന്ത്രിക്ക് വിനയാകുന്നത്. സ്വർണ്ണ കടത്ത വിവാദത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ അറസ്റ്റിലായി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷും മയക്കുമരുന്ന് കേസിൽ അറസ്റ്റിലാണ്. ഇതിന് പിന്നാലെ മന്ത്രി ജലീലും അറസ്റ്റ് ഭീതിയിലാകുകയാണ്.

ഗൺമാന്റെ ഫോൺ പിടിച്ചെടുത്ത് കസ്റ്റംസ് പരിശോധിച്ചിരുന്നു. നിരവധി തെളിവുകൾ കിട്ടുകയും ചെയ്തു. യു.എ.ഇ. കോൺസുലേറ്റ് വഴി ഖുറാൻ ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട് മന്ത്രി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നതാണ് ആരോപണം. നയതന്ത്രചാനൽ വഴി നികുതിവെട്ടിച്ചാണ് ഖുറാൻ ഇറക്കുമതിചെയ്തതെന്നും സംസ്ഥാനത്ത് വിതരണം ചെയ്തതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതാകും ജലീലിന് വിനയാകുക. നികുതി വെട്ടിപ്പ് കുറ്റം നിഷേധിക്കാൻ ജലീലിനും കഴിയില്ല. ഇതിനൊപ്പം കോൺസുലേറ്റിനോട് സഹായം ആവശ്യപ്പെട്ടത് ജലീലാണെന്ന് സ്വപ്‌നാ സുരേഷും മൊഴി നൽകിയിട്ടുണ്ട്.

മാർച്ച് നാലിനായിരുന്നു നയതന്ത്ര ചാനൽ വഴി തിരുവനന്തപുരം വിമാനത്താവളത്തിൽ ഖുറാൻ എത്തിച്ചത്. ജലീൽ മന്ത്രിയായ ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സി ആപ്റ്റിന്റെ വാഹനത്തിലാണ് ഖുറാൻ വിവിധ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയി വിതരണം ചെയ്തത്. ഇതു ചട്ടലംഘനമാണ്. മതഗ്രന്ഥത്തിന്റെ മറവിൽ സ്വർണം കടത്തിയെന്നും ആരോപണമുണ്ട്. ജലീലിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്താലേ സത്യം പുറത്തു വരൂവെന്ന നിഗമനം കസ്റ്റംസിനുണ്ട്. എന്നാൽ സംസ്ഥാനത്തെ പ്രമുഖ മന്ത്രിയെ കരുതലോടെ മാത്രമേ അറസ്റ്റ് ചെയ്യാനാകൂവെന്ന തിരിച്ചറിവും ജലീലിനുണ്ട്.

മറ്റൊരു രാജ്യത്തിന്റെ വിദേശകാര്യവിഭാഗവുമായി സംസ്ഥാനമന്ത്രിക്ക് നേരിട്ട് ബന്ധപ്പെടാൻ നിയമം അനുവദിക്കുന്നില്ല. കേന്ദ്രത്തിന്റെ അനുമതിയോടെ മാത്രമേ ബന്ധപ്പെടാൻ സാധിക്കുകയുള്ളൂ. യു.എ.ഇ. കോൺസുലേറ്റിൽ കെ.ടി. ജലീലിൽ നേരിട്ട് ചെന്നതു ചട്ടലംഘനമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. വിദേശസംഭാവന സ്വീകരിക്കുന്നതുമായുള്ള നിയമങ്ങളും ജലീൽ ലംഘിച്ചിരുന്നുവെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഖുറാനു പുറമേ യു.എ.ഇയിൽനിന്ന് ഈന്തപ്പഴം കൊണ്ടുവന്നതിനും ചട്ടലംഘനമുണ്ടായിരുന്നു. ഇതിനെല്ലാം ജലീലിൽ നിന്ന് കൃത്യമായ മറുപടികളാണ് കസ്റ്റംസ് പ്രതീക്ഷിക്കുന്നത്.

മതഗ്രന്ഥങ്ങൾ മലപ്പുറത്ത് എത്തിച്ചതായി ഇ.ഡിയോടും എൻ.ഐ.എയോടും ജലീൽ സമ്മതിച്ചിട്ടുണ്ട്. ഇ.ഡിക്ക് നൽകിയ മൊഴി തെളിവായതിനാൽ മാറ്റിപ്പറയാനാവില്ല. മതഗ്രന്ഥങ്ങളടങ്ങിയ കാർഗോ മന്ത്രിക്ക് കൈമാറിയെന്ന് സ്വപ്നയും മൊഴിനൽകിയിട്ടുണ്ട്. കോൺസുലേറ്റ് സാധനങ്ങൾ എന്ന വ്യാജേന നികുതി ഇളവുൾപ്പെടെ നേടിയാണ് മതഗ്രന്ഥങ്ങളും 17,000കിലോ ഈന്തപ്പഴവും ഉൾപ്പെടുന്ന കാർഗോകൾ കൊണ്ടുവന്നതെന്ന് കസ്റ്റംസ് പറയുന്നു.

കോൺസൽ ജനറലിനെ മറയാക്കി കോൺസുലേറ്റ് ഉദ്യോഗസ്ഥനായ ഈജിപ്ഷ്യൻ പൗരൻ ഖാലിദ്, കോൺസൽ ജനറലിന്റെ സെക്രട്ടറിയായിരുന്ന സ്വപ്ന, പി.ആർ.ഒയായിരുന്ന സരിത്ത് എന്നിവരാണ് ഇതിന് പിന്നിലെന്നാണ് കസ്റ്റംസ് വിലയിരുത്തൽ.സ്വപ്ന നിയമനം നേടിക്കൊടുത്ത കോൺസുലേറ്റിലെ ചില ജീവനക്കാർക്കും പങ്കുണ്ടെന്നാണ് വിലയിരുത്തൽ.