ന്യൂഡൽഹി: ഐഎൻഎല്ലിലെ പിളർപ്പിൽ സിപിഎമ്മിനുണ്ടായ അതൃപ്തി മുതലെടുക്കാൻ കെടി ജലീൽ. ഐ എൻ എല്ലിലെ പിളർപ്പിൽ സിപിഎം അതൃപ്തരാണ്. ഈ സാഹചര്യത്തിൽ ഐ എൻ എൽ പ്രതിനിധി അഹമ്മദ് ദേവർകോവിലിനെ മാറ്റാനാണ് സിപിഎമ്മിൽ ആലോചന. ഈ സാഹചര്യത്തിൽ ബന്ധു നിയമന വിവാദത്തിലെ ലോകായുക്ത റിപ്പോർട്ടിന് എതിരെ സുപ്രീംകോടതിയിൽ എത്തുകയാണ് ജലീൽ.

ലോകായുകത സ്വാഭാവിക നീതി നിഷേധിച്ചുവെന്ന് ആരോപിച്ചാണ് ജലീൽ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ലോകായുക്ത റിപ്പോർട്ടും ഹൈക്കോടതി വിധിയും അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ജലീൽ സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ഈ ആവശ്യം അംഗീകരിച്ചാൽ ജലീലിന് വീണ്ടും മന്ത്രിയാകാൻ കഴിയും. നേരത്തെ സുപ്രീംകോടതിയിൽ നിന്നും തിരിച്ചടിയുണ്ടാകുമെന്ന് ഭയന്ന് സുപ്രീംകോടതിയെ സമീപിക്കാൻ ജലീൽ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നില്ല.

ബന്ധുവായ കെ.ടി. അദീബിന് ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ ജനറൽ മാനേജർ തസ്തികയിൽ ഡെപ്യൂട്ടേഷനിൽ നിയമനം നൽകിയതിൽ ജലീൽ സ്വജനപക്ഷപാതം കാണിച്ചു എന്നായിരുന്നു ലോകായുക്ത റിപ്പോർട്ട്. എന്നാൽ സ്വജന പക്ഷപാതം നടന്നിട്ടില്ല എന്ന് ജലീൽ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ആരോപിച്ചിട്ടുണ്ട്. പരാതിയിൽ പ്രാഥമിക അന്വേഷണം നടത്താതെയാണ് ലോകായുക്ത റിപ്പോർട്ട് തയ്യാറാക്കിയത്. തന്റെ ഭാഗം ലോകായുക്ത കേട്ടിട്ടില്ല.

പരാതിക്കാർ വാക്കാൽ നടത്തിയ വാദത്തിന്റെ അടിസ്ഥാനത്തിൽ ആണ് ലോകായുക്ത റിപ്പോർട്ട് തയ്യാറാക്കിയത് എന്നും ജലീൽ ആരോപിച്ചിട്ടുണ്ട്. ഈ വാദങ്ങൾ സുപ്രീംകോടതി തള്ളിയാൽ അത് ജലീലിന് രാഷ്ട്രീയമായി വലിയ തിരിച്ചടിയാകും. ഇതിനൊപ്പം കള്ളനാണെന്ന പ്രതിച്ഛായയും വരും. മറ്റ് നിയമ നടപടികളിലേക്കും പ്രതിപക്ഷ പാർട്ടികൾ കടക്കും. ഇതെല്ലാം ജലീലിന് അറിയാം. അപ്പോഴും മന്ത്രിയാകാനുള്ള സാധ്യത തിരിച്ചറിഞ്ഞ് നിയമ പോരാട്ടം നടത്തുകയാണ് ജലീൽ.

സച്ചാർ കമ്മീഷൻ റിപ്പോർട്ടിലും മറ്റും ലീഗ് ശക്തമായ സമരത്തിലാണ്. ഇത് സിപിഎമ്മിന് രാഷ്ട്രീയ തിരിച്ചടിയാകുമോ എന്ന ആശങ്കയുണ്ട്. ജലീലായിരുന്നു അവരെ സിപിഎമ്മായി അടുപ്പിച്ച് നിർത്തിയത്. അതു കൊണ്ട് തന്നെ ജലീലിനെ വീണ്ടും മന്ത്രിയാക്കുന്നത് നല്ലതാണെന്ന ചിന്ത മുഖ്യമന്ത്രിക്കുമുണ്ട്. അധികം വൈകാതെ സിപിഎം സംസ്ഥാന സമ്മേളനം നടക്കും. അതിന് ശേഷം മന്ത്രിസഭാ പുനഃസംഘടനയ്ക്കുള്ള സാധ്യതയുമുണ്ട്. പല മന്ത്രിമാരും ആരോപണത്തിലാണ്. ഇതെല്ലാം അനുകൂലമാകുമെന്ന പ്രതീക്ഷ ജലീലിനുണ്ട്.

ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നാണ് സുപ്രീംകോടതിയിലെ ഹർജിയിലെ ആവശ്യം. ലോകായുക്തയുടെ നടപടി സ്വാഭാവിക നീതി നിഷേധിക്കുന്നതാണ്. കേസ് വേഗത്തിൽ പരിഗണിക്കണമെന്നും ഹർജിയിൽ ജലീൽ ആവശ്യപ്പെട്ടിട്ടുണ്ട്. ബന്ധുനിയമനവിവാദത്തിൽ വഴിവിട്ട് നീക്കങ്ങൾ നടത്തിയ ജലീൽ രാജി വയ്ക്കണമെന്ന് പരാമർശമുള്ള ലോകായുക്തയുടെ ഉത്തരവിൽ തെറ്റില്ലെന്നാണ് ഹൈക്കോടതി വിധിച്ചത്.

ലോകായുക്ത എല്ലാ ചട്ടങ്ങളും പാലിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇതിനെതിരെയാണ് അപ്പീൽ. മുഖ്യമന്ത്രിയുടെ അടക്കം സമ്മതത്തോടെയാണ് ഈ നിയമ നടപടി.