- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
ശ്രീനാരായണീയർ പൊറുക്കണം; കാലം മാറിയത് അവരറിഞ്ഞില്ല: ഡോ. കെ ടി ജലീൽ എഴുതുന്നു
മനുഷ്യനെ പെട്ടന്ന് പ്രകോപിതനാക്കാനും വൈകാരികമായി പ്രതികരിപ്പിക്കാനും ഏറ്റവും യോജ്യമായ മാർഗമായി 'മതജാതി ചിന്തകൾ' മാറുകയാണ്. ലോകത്തുണ്ടായ വൈജ്ഞാനിക മുന്നേറ്റവും ശാസ്ത്രപുരോഗതിയും ജനതതിയെ മുന്നോട്ടല്ല പിന്നോട്ടാണ് നയിച്ചതെന്നതിന് ഇതിൽപരമൊരു തെളിവ് വേറെവേണ്ട. തന്റെ കാലത്ത് നിലനിന്നിരുന്ന വിശ്വാസ ബിംബവൽക്കരണത്തെ എതിർത്താണ് ശ
മനുഷ്യനെ പെട്ടന്ന് പ്രകോപിതനാക്കാനും വൈകാരികമായി പ്രതികരിപ്പിക്കാനും ഏറ്റവും യോജ്യമായ മാർഗമായി 'മതജാതി ചിന്തകൾ' മാറുകയാണ്. ലോകത്തുണ്ടായ വൈജ്ഞാനിക മുന്നേറ്റവും ശാസ്ത്രപുരോഗതിയും ജനതതിയെ മുന്നോട്ടല്ല പിന്നോട്ടാണ് നയിച്ചതെന്നതിന് ഇതിൽപരമൊരു തെളിവ് വേറെവേണ്ട. തന്റെ കാലത്ത് നിലനിന്നിരുന്ന വിശ്വാസ ബിംബവൽക്കരണത്തെ എതിർത്താണ് ശ്രീബുദ്ധൻ രംഗത്തുവന്നത്. ഗൗതമന്റെ മരണശേഷം അധികംവൈകാതെ സാക്ഷാൽ ബുദ്ധൻതന്നെ പ്രതിമയാക്കപ്പെട്ടത് നാം കണ്ടു.
മഹാന്മാർ അനുസ്മരിക്കപ്പെടുന്നത് കേവലമൊരു ആഘോഷത്തിമർപ്പിനുവേണ്ടിയാകരുത്. അവരുടെ ജീവിതസന്നേശം പുതിയകാലത്തിന് പകർന്നുകൊടുക്കാനാവണം. യേശുക്രിസ്തവും മുഹമ്മദ്‌നബിയും ശ്രീകൃഷ്ണനും ഗുരുനാനാക്കും ശ്രീനാരായണഗുരുവും ഒർമിക്കപ്പെടുന്നത് പ്രസക്തമാകുന്നതും അവിടെയാണ്. മനുഷ്യമനസ്സുകൾക്ക് വെളിച്ചംപകരേണ്ട ഈ മഹത്തുക്കളുടെ ജീവിതം കാലുഷ്യങ്ങൾക്ക് വഴിവെക്കുന്നത് വിരോധാഭാസമാണ്. മതാഘോഷങ്ങൾ മതേതരമായാണ് ഒരു ബഹുസ്വരസമൂഹത്തിൽ നടക്കേണ്ടത്.
ദൗർഭാഗ്യവശാൽ സമീപകാലത്തായി ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് കായികാഭ്യാസവും കുറുവടിപ്രയോഗവുമുൾപ്പെടെ മതാഭിമുഖ്യ ഘോഷയാത്രകളടക്കം വർഗീയവാദികളുടെ മേൽക്കയ്യിൽ നടന്നുവരുന്നത് കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തെ അസ്വസ്ഥമാക്കുന്നത് കണ്ടില്ലെന്ന് നടിച്ച് കടന്നുപോകാൻ നവോത്ഥാനത്തിന്റെ നെരിപ്പോട് നെഞ്ചിൽ കനലായി കൊണ്ടുനടക്കുന്നവർക്ക് കഴിയില്ല. ശ്രീകൃഷ്ണ ജയന്തിയുടെ മറവിൽ മതേതരരായ നിഷ്‌കളങ്ക വിശ്വാസികളുടെ കുടുംബങ്ങളിലേക്ക് കടന്നുകയറി കാവിപ്പട നടത്തുന്ന കുത്സിത നീക്കത്തിനെതിരെ സിപിഐ(എം) രംഗത്തുവന്നതും അതുകൊണ്ടാണ്. ഇതേറ്റവുമധികം വിറളി പിടിപ്പിച്ചത് ബിജെപിയേയും ആർഎസ്എസിനെയുമാണ്. അവരത് പ്രകടിപ്പിക്കാൻ കൂട്ടുപിടിച്ചച്ചതാവട്ടെ ശ്രീനാരായനഗുരുവിനേയും.
ഗുരുദർശനങ്ങളെ വർഗീയക്കോമരങ്ങൾ കുരിശിലേറ്റിയത് പ്രതീകാത്മകമായി അവതരിപ്പിച്ചത് തെറ്റായി വ്യാഖ്യാനിച്ചും ദുഷ് പ്രചരണം നടത്തിയുമാണ് കൃഷ്ണസന്ദേശം അല്പംപോലും മനസ്സിൽപേറാത്തവർ സിപിഐ(എം)നെ നാരായണീയവിരുദ്ധരായി ചിത്രീകരിക്കുന്നത്. ക്ഷേത്രോത്സവങ്ങൾ ഹൈന്ദവ വിശ്വാസികൾ വ്യവസ്ഥാപിത കമ്മിറ്റികൾക്ക് കീഴിൽ നാട്ടാഘോഷമാക്കി കൊണ്ടാടുന്നത്‌പോലെ ശ്രീകൃഷ്ണജയന്തി ഘോഷയാത്രയും മാറിയിരുന്നെങ്കിൽ എത്രനന്നായിരുന്നു. ഇപ്പോഴുണ്ടായ സംഭവങ്ങൾ അത്തരമൊരുചിന്തക്ക് വഴിതുറക്കുമെങ്കിൽ അതാകും വർത്തമാനകാലത്തെ, നവോഥാനത്തിന്റെ ഏറ്റവുംവലിയ കേളികൊട്ട്. ജനകീയമതമായ ഹിന്ദുമതവുമായി ബന്ധപ്പെട്ട് നടക്കുന്ന ആഘോഷങ്ങളിൽ സഹോദരമതസ്ഥരെ നാലയലത്ത് പോലും അടുപ്പിക്കാതെ നടത്തപ്പെടുന്ന ഒരേഒരുപരിപാടി ആർഎസ്എസ് സ്‌പോൺസേർഡു ശോഭായാത്രകൾ മാത്രമാണെന്നുകൂടി ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടതുണ്ട്.
കോൺഗ്രസ്സ് ഉൾപ്പെടെ ഇടതുപക്ഷമടക്കമുള്ള എല്ലാ മതേതര പാർട്ടികളിലെയും ഹൈന്ദവ വിശ്വാസികളായ സ്‌നേഹിതന്മാർ സഗൗരവം ഇതേക്കുറിച്ച് ചർച്ചചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നേർച്ചകളും നബിദിന ഘോഷയാത്രകളും നടക്കുന്നത് വ്യവസ്ഥാപിത പള്ളിക്കമ്മറ്റികൾക്കും മുസ്ലിംമതസംഘടനകൾക്കും കീഴിലാണ്. ഒരിക്കലുമത് തങ്ങളിലെ വർഗീയവാദികൾക്കോ തീവ്രവാദികൾക്കോ അവർ വിട്ടുകൊടുക്കാറില്ല. സമാനാവസ്ഥ അരാധനാലയങ്ങളുമായി ബന്ധപ്പെട്ട എല്ലാപൊതുപരിപാടികൾക്കുമുണ്ടായാൽ വിശ്വാസികൾ മതത്തോട് ചെയ്യുന്ന വലിയ പുണ്യമാകുമത്.
നബിദിനാഘോഷം മുസ്ലിം തീവ്രവാദികളും വർഗീയവാദികളും ഹൈജാക്ക് ചെയ്ത് മുസ്ലിംകുടുംബങ്ങളിൽ മതാന്ധത കുത്തിവെക്കാൻ ശ്രമിച്ചാൽ നബിദിനവും മതേതരമായി ആഘോഷിക്കുന്നതിനെ കുറിച്ച് മതനിരപേക്ഷവാദികൾക്ക് ആലോചിക്കേണ്ടിവരുമെന്ന കാര്യത്തിൽ സംശയംവേണ്ട. ജീവിതത്തിൽഭവിക്കുന്ന ദുരന്തങ്ങളിൽ മനംനൊന്ത് താൻ ആരാധിച്ചിരുന്ന ദൈവരൂപത്തിന്റെ മുഖത്തേക്ക് കാർക്കിച്ച്തുപ്പുന്ന 'നിർമ്മാല്യം' എന്ന സിനിമ എം ടി. വാസുദേവൻ നായർ നിർമ്മിച്ച കാലമല്ലിതെന്നും ആ കഥാപാത്രത്തെ ജീവസ്സുറ്റതാക്കിയ പി.ജെ. ആന്റണിക്ക് ഭരത് അവാർഡ് നേടിക്കൊടുത്ത സാഹചര്യമല്ലിതെന്നും മനസ്സിലാക്കാൻ ചില സഖാക്കൾക്ക് സാദ്ധ്യമാകാതെപോയത് അവർക്ക് സംഭവിച്ച വീഴ്‌ച്ച തന്നെയാണ്. അത് പാർട്ടി മനസ്സിലാക്കി അഭിപ്രായം പറയുകയും ചെയ്തു. ഇനിയും കമ്മ്യുണിസ്റ്റ് വിരുദ്ധ 'കലിപ്പ്' തീരാതെ ഉറഞ്ഞുതുള്ളുന്നവരുടെ ലക്ഷ്യം കേരളത്തെയും കാവിപുതപ്പിക്കലാണെന്ന് തിരിച്ചറിയാൻ വൈകിയാൽ നഷ്ടം ഏതെങ്കിലുമൊരു പാർട്ടിക്ക് മാത്രമാവില്ല , മലയാളക്കരക്കാകമാനമാകും , തീർച്ച.