- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗൺമാന്റെ ഫോൺ, തിരിച്ചു ലഭിച്ച വിവരം എല്ലാ 'അഭ്യുദയകാംക്ഷികളെ'യും സന്തോഷപൂർവ്വം അറിയിക്കുന്നു; ഭൂമി പിളർന്ന് വീണില്ല, ആകാശം ഇടിഞ്ഞും വീണില്ല; ഇഞ്ചി കൃഷിക്ക് പറ്റിയ ഭൂമിയുണ്ടെങ്കിൽ അറിയിക്കണം; കസ്റ്റംസ് ചോദ്യം ചെയ്യലിന് പിന്നാലെ കുറിപ്പുമായി കെ.ടി ജലീൽ
മലപ്പുറം: സ്വർണക്കടത്ത് വിവാദത്തിൽ ആരോപണത്തിൽ നിൽക്കുമ്പോൾ വിമർശകർക്ക് മറുപടി നൽകി മന്ത്രി കെ.ടി ജലീൽ കസ്റ്റംസ് പിടിച്ചെടുത്ത ഗൺമാന്റെ ഫോൺ തിരികെ ലഭിച്ച വിവരം എല്ലാ അഭ്യുദയകാംക്ഷികളെയും സന്തോഷപൂർവ്വം അറിയിക്കുന്നെന്നും ജലീൽ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
താൻ നാട്ടിൽ തന്നെയുണ്ടെന്ന് പറഞ്ഞ ജലീൽ കോഴ വിവാദത്തിൽപ്പെട്ട അഴീക്കോട് എംഎൽഎ കെ. എം ഷാജിയെയും പരിഹസിച്ച് രംഗത്തെത്തി. ഇഞ്ചി കൃഷിക്ക് യോജ്യമായ ഭൂമി വയനാട്ടിലോ കർണ്ണാടകയിലോ പാട്ടത്തിനോ വിലക്കോ ലഭിക്കാനുള്ളതായി ആരുടെയെങ്കിലും ശ്രദ്ധയിലുണ്ടെങ്കിൽ അറിയിച്ചാൽ നന്നായിരുന്നുവെന്നാണ് ജലീൽ പറഞ്ഞത്.
കെ. ടി ജലീലിന്റെ ഗൺമാന്റെ ഫോൺ പിടിച്ചെടുത്തിരുന്നു. ഈ സാഹചര്യത്തിൽ ശിവശങ്കറിന് പിന്നാലെ ജലീലിനും കുരുക്ക് മുറുകും എന്ന തലക്കെട്ടിൽ പത്രത്തിൽ വന്ന വാർത്ത പങ്കുവെച്ചുകൊണ്ടായിരുന്നു ജലീലിന്റെ കുറിപ്പ്. ആകാശം ഇടിഞ്ഞു വീണില്ല, ഭൂമി പിളർന്നില്ല എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഫേസ്ബുക്ക് പോസ്റ്റ് ആരംഭിച്ചത്.
നേരത്തെ കെടി ജലീലിനെ കസ്റ്റംസും ചോദ്യം ചെയ്തിരുന്നു. ഔദ്യോഗിക വാഹനത്തിലായിരുന്നു ജലീൽ കസ്റ്റംസ് ഓഫീസിൽ എത്തിയത്. ഈന്തപ്പഴവും മതഗ്രന്ഥങ്ങളും വിതരണം ചെയ്തതുമായി ബന്ധപ്പെട്ട കേസിലായിരുന്നു അദ്ദേഹത്തിനെ ചോദ്യം ചെയ്തത്.എല്ലാ ചോദ്യം ചെയ്യലുകൾക്കുമൊടുവിൽ താൻ ഇവിടെത്തന്നെയുണ്ടെന്നാണ് ജലീൽ ഫേസ്ബുക്കിലൂടെ പറഞ്ഞത്. താൻ ഒരു അഴിമതിയും നടത്തിയിട്ടില്ലെന്ന് ജലീൽ നേരത്തെയും പറഞ്ഞിരുന്നു.
കെ. ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:-
ആകാശം ഇടിഞ്ഞു വീണില്ല, ഭൂമി പിളർന്നില്ല.
സിറിയയിലേക്കും പാക്കിസ്ഥാനിലേക്കും വിളിച്ച കോളുകളടങ്ങിയതുൾപ്പടെ മന്ത്രി നടത്തിയ നിഗൂഢ നീക്കങ്ങളെ സംബന്ധിച്ചും, സ്വർണ്ണ കള്ളക്കടത്തിലെ പങ്കാളിത്തത്തെക്കുറിച്ചുമെല്ലാമുള്ള, അതീവ പ്രാധാന്യമർഹിക്കുന്ന വിവരങ്ങളടങ്ങിയ, കസ്റ്റംസ് പിടിച്ചെടുത്ത ഗൺമാന്റെ ഫോൺ, തിരിച്ചു ലഭിച്ച വിവരം എല്ലാ 'അഭ്യുദയകാംക്ഷികളെ'യും സന്തോഷപൂർവ്വം അറിയിക്കുന്നു.
മന്ത്രി നാട്ടിലൊക്കെത്തന്നെ ഉണ്ടെന്ന വിവരവും സവിനയം ഉണർത്തുന്നു. ഇഞ്ചി കൃഷിക്ക് യോജ്യമായ ഭൂമി വയനാട്ടിലോ കർണ്ണാടകയിലോ പാട്ടത്തിനോ വിലക്കോ ലഭിക്കാനുള്ളതായി ആരുടെയെങ്കിലും ശ്രദ്ധയിലുണ്ടെങ്കിൽ അറിയിച്ചാൽ നന്നായിരുന്നു. സത്യമേവ ജയതേ.
മറുനാടന് ഡെസ്ക്