- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കള്ളപ്പണം വെളുപ്പിക്കലിന് ചന്ദ്രികയെയും ലീഗിനെയും കുഞ്ഞാലിക്കുട്ടിയും മകനും മറയാക്കി; തന്റെ പക്കലുള്ള തെളിവുകളെല്ലാം ഇഡിക്ക് കൈമാറി; കുഞ്ഞാലിക്കുട്ടിയെ നാളെ ചോദ്യംചെയ്യുമെന്നും കെ.ടി ജലീൽ; ഇനി എല്ലാം കാത്തിരുന്ന് കാണാമെന്നും മൊഴി നൽകിയ ശേഷം മാധ്യമങ്ങളോട് ജലീൽ
കൊച്ചി: മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിക്കും മകനുമെതിരായ സാമ്പത്തിക തട്ടിപ്പ് ആരോപണത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് തന്റെ പക്കലുള്ള തെളിവുകളും രേഖകളും കൈമാറിയതായി കെ.ടി ജലീൽ എംഎൽഎ. കുഞ്ഞാലിക്കുട്ടിയും മകനും കള്ളപ്പണം വെളുപ്പിക്കലിന് ചന്ദ്രികയെ മറയാക്കുകയാണെന്നും ഈ കേസിൽ തെളിവ് നൽകാനും മൊഴിയെടുക്കാനുമാണ് തന്നെ നോട്ടീസ് നൽകി വിളിപ്പിച്ചതെന്നും കെ ടി ജലീൽ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
കുഞ്ഞാലിക്കുട്ടിയെയും മകനെയും ചോദ്യം ചെയ്യാൻ ഇഡി വിളിപ്പിച്ചിട്ടുണ്ട്. നാളെ കുഞ്ഞാലിക്കുട്ടിയെയും 7 ാം തിയ്യതി മകനെയും ചോദ്യം ചെയ്യുമെന്നാണ് വിവരം. ചന്ദ്രികയും ലീഗ് നേതൃത്വത്തെ മറയാക്കി ചില നേതാക്കൾ അനധികൃത ഇടപാട് നടത്തുന്നു.
കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലാണിത് നടക്കുന്നതെന്നും എ ആർ നഗർ ബാങ്ക് കള്ളപ്പണ നിക്ഷേപണ ആരോപണത്തിൽ ഇന്ന് മൊഴി നൽകിയില്ലെന്നും ജലീൽ അറിയിച്ചു. ചന്ദ്രികയിലെ 10 കോടിയുടെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഇഡിയും ആദായ നികുതി വകുപ്പും നേരത്തെ തന്നെ അന്വേഷണം തുടങ്ങിയിരുന്നു.
ഇതിനകം കൊടുത്തുകഴിഞ്ഞ രേഖകൾക്ക് പുറമെ കുറച്ച് രേഖകൾ കൂടി ആവശ്യമുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. ആ രേഖകളും സംഘടിപ്പിച്ച് ബന്ധപ്പെട്ടവർക്ക് നൽകും. കുഞ്ഞാലിക്കുട്ടിയെ നാളെയും ഏഴാം തിയതി അദ്ദേഹത്തിന്റെ മകൻ ആഷിഖിനേയും ഇ.ഡി.വിളിപ്പിച്ചിട്ടുണ്ടെന്നാണ് താൻ മനസ്സിലാക്കുന്നതെന്നും ജലീൽ കൂട്ടിച്ചേർത്തു.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തി മൊഴി നൽകിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുൻ മന്ത്രി. ഇന്ന് രാവിലെ 10.45 ഓടെയാണ് ജലീൽ ഇ.ഡി.ഓഫീസിലെത്തിയത്. വൈകീട്ട് നാല് മണിയോടെയാണ് അദ്ദേഹം പുറത്തിറങ്ങിയത്.
'എ.ആർ.നഗർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട വിഷയം ഇപ്പോൾ വന്നിട്ടില്ല. ചില കാര്യങ്ങൾ അറിയാനുണ്ടെന്ന് പറഞ്ഞ് ഇ.ഡി.വിളിപ്പിക്കുകയായിരുന്നു. എ.ആർ.നഗർ ബാങ്കുമായി ബന്ധപ്പെട്ട കാര്യം വരുന്നതേ ഉള്ളൂ. അതിന്റെ അന്വേഷണ റിപ്പോർട്ട് ഇപ്പോൾ സമർപ്പിച്ചിട്ടേ ഉള്ളൂ. അതിന്റെ വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം എടുക്കേണ്ടതുണ്ട്. അതിന് ശേഷം ഞാൻ മാധ്യമങ്ങളെ കാണും' ജലീൽ പറഞ്ഞു.
മറ്റുപലരുടേയും സാമ്പത്തിക ഉറവിടം സംബന്ധിച്ച് വിവരങ്ങൾ ഇ.ഡി .ചോദിച്ചു. അതുകൊടുത്തിട്ടുണ്ടെന്നും ജലീൽ വ്യക്തമാക്കി. ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട ആളുകളുടെ വിവരമാണോ ചോദിച്ചതെന്ന് മാധ്യമങ്ങൾ ആരാഞ്ഞപ്പോൾ. അല്ലാതെ മറ്റാരുടേതും ചോദിക്കില്ലല്ലോ എന്ന് ജലീൽ മറുപടി നൽകി.
ചന്ദ്രിക പത്രത്തേയും മുസ്ലിംലീഗ് സംഘടനയേയും സ്ഥാപനങ്ങളേയും മറയാക്കി കള്ളപ്പണം വെളുപ്പിക്കുക, അവിഹത ധനസമ്പാദനം നടത്തുക എന്നത് കുറച്ചുകാലമായി നടന്നുവരുന്നുണ്ട്. ചന്ദ്രികയുടെ നാലര കോടി ഉപയോഗിച്ച് കോഴിക്കോട് നലേക്കർ സ്ഥലം വാങ്ങി. മുസ്ലിംലീഗ് ഓഫീസ് നിർമ്മിക്കാനാണ് വാങ്ങിയത്.
രണ്ടേകാൽ ഏക്കർ സ്ഥലം വാങ്ങിയത് ഹൈദരലി തങ്ങളുടെ പേരിലാണ്. നിർമ്മാണത്തിന് അനുയോജ്യമായ രണ്ടേക്കർ സ്ഥലം വാങ്ങിയത് ഒരു പ്രമുഖ നേതാവിന്റെ മകന്റെ പേരിലാണ്. ഇത്തവണ അധികാരത്തിലെത്തിയാൽ വെള്ളക്കെട്ടുള്ള സ്ഥലം നികത്താമെന്നായിരുന്നു വിചാരിച്ചിരുന്നതെന്നും ജലീൽ ആരോപിച്ചു. കേസിൽ ലീഗ് പ്രതികൂട്ടിലാകുമോയെന്ന് കാത്തിരുന്ന് കാണാം. എആർ നഗർ ബാങ്കുമായി ബന്ധപ്പെട്ട് കാര്യങ്ങൾ വരുന്നതേയുള്ളൂയെന്നും ജലീൽ കൂട്ടിച്ചേർത്തു.
കുഞ്ഞാലിക്കുട്ടിക്ക് എതിരായ ആരോപണത്തിൽ തെളിവുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് ഇഡി കെടി ജലീലിന് നോട്ടീസ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജലീൽ ഇന്ന് കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ ഹാജരായത്.
മറുനാടന് മലയാളി ബ്യൂറോ