തിരുവനന്തപുരം: സംസ്ഥാനം ഭരിക്കുന്ന മന്ത്രി ഇത്ര ലളിതനാണോ. ഗൺമാന്റെയും ഡ്രൈവറുടെയും കൂടെയിരുന്ന് ഊണു കഴിക്കാൻ അദ്ദേഹത്തിനാകുമോ? മന്ത്രി കെ.ടി. ജലീലിനെക്കുറിച്ചാണ് ചോദ്യമെങ്കിൽ അതേ എന്നുതന്നെയാണ് ഉത്തരം. ജോലിക്കാരെ ഒപ്പമിരുത്തി ഭക്ഷണം കഴിക്കുക മാത്രമല്ല, അവർക്കു വിളമ്പിക്കൊടുക്കുകവരെ ചെയ്യും ഈ മന്ത്രി.

ചരിത്രകാരനും കോളജ് അദ്ധ്യാപകനുമായ ഈ മന്ത്രി സംസ്ഥാനത്തെ പൊതുഭരണമാണ് കൈകാര്യം ചെയ്യുന്നത്. മന്ത്രിയാണെങ്കിലും അദ്ദേഹം വച്ചുപുലർത്തുന്ന ലാളിത്യവും തൊഴിലാളി സ്‌നേഹവും നേരിട്ട് അനുഭവിക്കാൻ അവസരം ലഭിച്ചത് മനോരമയുടെ തിരുവനന്തപുരം ലേഖകനായ മഹേഷ് ഗുപ്തനാണ്.

ഔദ്യോഗിക ആവശ്യത്തിനായി മന്ത്രിയുടെ തിരുവനന്തപുരത്തെ വസതിയായ ഗംഗയിലെത്തിയതായിരുന്നു മഹേഷ് ഗുപ്തൻ. കഴിഞ്ഞ ദിവസം ഫോണിൽ വിളിച്ചപ്പോൾ മന്ത്രി വീട്ടിലേക്കു ചെല്ലാൻ ആവശ്യപ്പെടുകയായിരുന്നു. മന്ത്രിയുടെ വീട്ടിൽ ചെന്നപ്പോഴാണ് മാധ്യമപ്രവർത്തകന് അത്യപൂർവ കാഴ്ചയ്ക്ക് അവസരം ലഭിച്ചത്. ഇക്കാര്യം മഹേഷ് ഗുപ്തൻ ഫേസ്‌ബുക്കിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.

വീട്ടിലെത്തിയ മഹേഷ് ഗുപ്തനോട് മന്ത്രി ജലീൽ ഊണുകഴിച്ചുകൊണ്ടു സംസാരിക്കാം എന്നു പറഞ്ഞു. മനോരമ ആഴ്ചപ്പതിപ്പിന്റെ എഡിറ്റർ ഫ്രാൻസിസ് സാറും കൂടെയുണ്ടായിരുന്നു. നിർബന്ധത്തിനു വഴങ്ങി ഊണു കഴിക്കാനിരുന്നപ്പോഴാണ് തന്നെ അദ്ഭുതപ്പെടുത്തിയ കാഴ്ച ഉണ്ടായതെന്നു മഹേഷ് ഗുപ്തൻ വിവരിക്കുന്നു.

മന്ത്രിയ്‌ക്കൊപ്പമിരുന്ന് ഊണുകഴിക്കുന്നത് അദ്ദേഹത്തിന്റെ കാർ ഡ്രൈവർ മുനീറും ഗൺമാൻ പ്രജീഷും. കൂട്ടത്തിൽ തങ്ങളും കൂടിയിരുന്ന് ഊണു കഴിച്ചതായി മാധ്യമപ്രവർത്തകൻ പറഞ്ഞു.
മന്ത്രി തന്നെ ഗൺമാനും ഡ്രൈവർക്കുമൊക്കെ വിളമ്പിക്കൊടുക്കുന്നു. വിഭവങ്ങൾ കുറവാണെങ്കിലും അവരെ അതു കഴിക്കാൻ നിർബന്ധിക്കുന്നു.

ഒരുപാടുമന്ത്രിമാരേയും അവരുടെ ഡ്രൈവർമാരേയും താൻ നേരിട്ടു കണ്ടിട്ടുണ്ടെന്നു മഹേഷ് ഗുപ്തൻ പറയുന്നു. പക്ഷേ ഇതുപോലൊരു കാഴ്ച ഇതാദ്യം. അതുകൊണ്ടുതന്നെ മന്ത്രി ജലീലിന് ഒരു സല്യൂട്ട് നേർന്നുകൊണ്ടാണ് മഹേഷ് ഗുപ്തൻ ഫേസ്‌ബുക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.