- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
100 ലധികം തവണ വിളിച്ചതായി എഴുതിയത് തെറ്റാണ്... വിളിച്ചിട്ടുണ്ട്... അത് റംസാൻ കിറ്റു വിതരണത്തിന്റെ കാര്യം പറയാനായിരുന്നു; കോൺസലേറ്റ് അറ്റാഷെ നിർദ്ദേശിച്ചതനുസരിച്ചാണ് സ്വപ്നയെ വിളിച്ചത്; കിറ്റിനൊപ്പം വിശുദ്ധ ഖുറാൻ ഉണ്ടായിരുന്നു എന്നു പറഞ്ഞതും മന്ത്രി തന്നെ; യുഎഇ സർക്കാറിൽ നിന്ന് 5 ലക്ഷം രൂപ കിട്ടിയതായുള്ള വെളിപ്പെടുത്തൽ കുറ്റസമ്മതമായി; മന്ത്രി കെടി ജലീൽ വീണത് സ്വയം കുഴിച്ച കുഴയിൽ; എഫ് ഐ ആർ രജിസ്റ്റർ ചെയ്താൽ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കും; കടുത്ത നടപടിക്ക് സിപിഎം
തിരുവനന്തപുരം: യുഎഇ കോൺസലേറ്റു മുഖേനെയുള്ള കള്ളക്കടത്തിൽ മന്ത്രി കെ ടി ജലീലിനെതിരെ അന്വേഷണം മുറുകുന്നതിന് വഴിയൊരുക്കിയത് മന്ത്രി തന്നെ നടത്തിയ പത്രസമ്മേളനം. സ്വപ്‌നാ സുരേഷിന്റെ കോൾ ലിസ്റ്റിൽ ജലീലിന്റെ സാന്നിധ്യവും ഉണ്ടായിരുന്നു. ഇത് വിവാദമായി. ഇതോടെ സ്വപ്‌നയുമായുള്ള ബന്ധം നിഷേധിക്കാൻ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങളാണ് ജലീലിനു സ്വയം കുരുക്കായത്. നിഷേധിക്കാനാകാത്ത തെളിവും. അതിനിടെ മന്ത്രി ജലീൽ കൊറോണ ക്വാറന്റീനിലാണെന്ന സൂചന. പേഴ്‌സണൽ സ്റ്റാഫിലെ ഒരാൾക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇത്.
ഈ സാഹചര്യത്തിലാണ് അനുമതിയില്ലാതെ മന്ത്രി കെ.ടി. ജലീൽ യുഎഇയിൽ നിന്ന് സഹായം സ്വീകരിച്ചെന്ന പരാതിയിൽ കേന്ദ്രധനമന്ത്രാലയം അന്വേഷണം നടത്തുന്നത്. വിദേശ നാണ്യ വിനിമയ ചട്ട ലംഘനം ഉണ്ടായിരിക്കുന്നുവെന്നാണ് കേന്ദ്രത്തിന്റെ പ്രാഥമിക വിലയിരുത്തൽ.യുഎഇ കോൺസുലേറ്റിന്റെ റമസാൻ കിറ്റ് വിതരണവുമായി ബന്ധപ്പെട്ടാണ് കേന്ദ്രത്തിന് പരാതികൾ ലഭിച്ചത്. ഖുറാൻ വിതരണവുമായി ബന്ധപ്പെട്ടും ജലീൽ ആരോപണങ്ങൾ നേരിടുന്നുണ്ട്. എൻഐഎയെയും വിഷയത്തിൽ ഉൾപ്പെടുത്താനാണ് കേന്ദ്രത്തിന്റെ നീക്കം. മന്ത്രിയെ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യും. കേസിൽ ജലീലിനെതിരെ എഫ് ഐ ആർ ഇട്ടാൽ മന്ത്രി സ്ഥാനത്തു നിന്നും ജലീലിനെ നീക്കം.
ജലീൽ സ്വയം കുഴിച്ച കുഴിയിൽ വീണെന്നാണ് സിപിഎം വിലയിരുത്തുന്നത്. വിവാദ പത്ര സമ്മേളനം നടത്തിയത് സ്വന്തം ഇഷ്ട പ്രകാരമാണ്. പറഞ്ഞതെല്ലാം അബദ്ധമായെന്നും സിപിഎം വിലയിരുത്തുന്നു. ഈ സാഹചര്യത്തിൽ എം ശിവശങ്കർ ഐഎഎസിനോട് പാർട്ടി എടുത്ത അതേ നിലപാട് മാത്രമേ കേസിൽ പ്രതിയായാൽ ജലീലിനെതിരേയും ഉണ്ടാകൂവെന്ന് സിപിഎമ്മിലെ ഉന്നതൻ മറുനാടനോട് പറഞ്ഞു.
ഗൗരവത്തോടെയാണ് സിപിഎം ജലീൽ വിഷയത്തെ എടുത്തിട്ടുള്ളത്. സർക്കാരിനെ ജലീൽ തീർത്തും പ്രതിരോധത്തിലാക്കിയെന്നാണ് വിലയിരുത്തൽ.
സ്വർണ്ണക്കള്ളക്കത്തു കേസുമായി ജലീലിനുള്ള ബന്ധത്തെ കുറിച്ച വാർത്ത വന്നതോടെയാണ് വിവാദത്തിന് തുടക്കം. സ്പനയെ കൂടുതൽ വിളിച്ചത് മന്ത്രി കെ ടി ജലീൽ എന്ന തലക്കെട്ടിൽ വാർത്ത എത്തി. ജലീൽ 100 ൽ അധികം തവണ സ്വപ്ന സുരേഷിനെ വിളിച്ചതായി റിപ്പോർട്ടുകളുമെത്തി. ഇതോടെയാണ് ജലീൽ പ്രതിരോധത്തിന് ഇറങ്ങിയത്. ഇതിനായി ജൂലൈ 14ന് വാർത്താ സമ്മേളനം നടത്തി. സ്വപ്‌നാ സുരേഷിനെ വിളിച്ചുവെന്ന് സമർത്ഥിക്കാൻ മന്ത്രി പറഞ്ഞതെല്ലാം പ്രശ്‌നമായി.
'100 ലധികം തവണ വിളിച്ചതായി എഴിതിയത് തെറ്റാണ്. വിളിച്ചിട്ടുണ്ട്. അത് റംസാൻ കിറ്റു വിതരണത്തിന്റെ കാര്യം പറയാനായിരുന്നു. കോൺസലേറ്റ് അറ്റാഷെ നിർദ്ദേശിച്ചതനുസരിച്ചാണ് സ്വപ്നയെ വിളിച്ചത്' എന്നു പറഞ്ഞുകൊണ്ട് വാട്സ് അപ്പ് മെസേജിന്റെ കോപ്പിയും നൽകി. തവണ എത്രയാണെങ്കിലും മന്ത്രി കോൺസലേറ്റ് ഉദ്യോഗസ്ഥരെ വിളിച്ചത് ചട്ടവിരുദ്ധമാണെന്നു വന്നതോടെ കൂടുതൽ വിശദീകരണവുമായി ജലീൽ രംഗത്തു വന്നു.
റംസാൻ കിറ്റിന്റെ ബില്ലിന്റെ കാര്യം പറയാനാണെന്നും കിറ്റിനൊപ്പം വിശുദ്ധഖുറാൻ ഉണ്ടായിരുന്നു എന്നുമെല്ലാം ജലീൽ തന്നെ പറഞ്ഞു. യുഎഇ സർക്കാറിൽ നിന്ന് റംസാൻ കിറ്റിനായി 5 ലക്ഷം രൂപ കിട്ടിയതായി ജലീൽ സമ്മതിച്ചു. കേന്ദ്ര സർക്കാറിന്റെ അനുമതി ഇല്ലാതെ പണം വാങ്ങിയത് അഞ്ചു വർഷം വരെ തടവും പിഴയും കിട്ടുന്ന കുറ്റമാണ്. ഖുറാൻ കടത്തിയത് നിയമവിരുദ്ധവുമാണ്. ഖുറാന്റെ മറവിൽ സ്വർണ്ണവും രാജ്യവിരുദ്ധ ലഘുലേഘകളും കടത്തിയിട്ടുണ്ടോ എന്നത് എൻഐഎ അന്വേഷിക്കുന്നുമുണ്ട്. ഇത് വിതരണം ചെയ്തത് സി ആപ്റ്റിലെ വാഹനം ഉപയോഗിച്ചാണെന്ന് കൂടി വന്നതോടെ ജലീൽ കുടുങ്ങുകയായിരുന്നു.
യാതൊരുവിധ അനുമതിയുമില്ലാതെ വിദേശ സഹായം സ്വീകരിച്ചുവെന്ന കുറ്റസമ്മതമായാണ് ജലീലിന്റെ വാർത്താ സമ്മേളനത്തെ കേന്ദ്ര ഏജൻസികൾ എടുക്കുന്നത്. വിദേശ നാണ്യ വിനിമയ ചട്ടം ലംഘിച്ചോയെന്നാണ് കേന്ദ്രം പരിശോധിക്കുന്നത്. മന്ത്രിക്കെതിരെയുള്ള അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത് ധനമന്ത്രാലയമാണ്. മന്ത്രാലയത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കെടി ജലീലിന്റെ ഭാഗത്തുനിന്ന് പ്രോട്ടോക്കോൾ ലംഘനം ഉണ്ടായിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് ലഭിച്ചിരിക്കുന്ന റിപ്പോർട്ടിൽ പരാമർശമുണ്ടെന്നും സൂചനകൾ പുറത്തുവന്നിട്ടുണ്ട്. കേന്ദ്ര ഏജൻസിയാണ് ഈ റിപ്പോർട്ട് നൽകിയത്.
അതേസമയം കെടി ജലീൽ നടത്തിയ അനധികൃത ഇടപാടുകളെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം വിവരശേഖരണം ആരംഭിച്ചിട്ടുണ്ട്. ജലീലിനെതിരെ വിവിധ കോടതികളിൽ നൽകിയ സ്വകാര്യ അന്യായങ്ങളുടെ തുടർനടപടികൾക്കായി പത്തിലധികം പേർ ആഭ്യന്തര മന്ത്രാലയത്തിന് അപേക്ഷ നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് വിവര ശേഖരണം തുടങ്ങിയത്.
മറുനാടന് മലയാളി ബ്യൂറോ