ഒന്റാരിയോ: കാനഡയിലെ ഈ വർഷത്തെ ആദ്യ ഓണാഘോഷ പരിപാടിക്ക് കനേഡിയൻ മലയാളികളുടെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ കേരള ട്രക്കേഴ്‌സ് ഇൻ കാനഡയുടെ (K T C) നേതൃത്വത്തിൽ ഓഗസ്റ്റ് 6-ന് ലണ്ടൻ ഒന്റാരിയോയിൽ തുടക്കം കുറിച്ചു.

ആയിരത്തോളം ആളുകൾ പങ്കെടുത്ത പരിപാടി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വടംവലി മത്സരവും, തിരുവാതിര കളി മത്സരവും, ചെണ്ട മേളവും, KTC അംഗങ്ങൾക്കായുള്ള ഓണക്കോടി വിതരണവും ഉൾപ്പടെ വിപുലമായ ഓണാഘോഷ പരിപാടിയാണ് കേരള ട്രക്കേഴ്‌സ് ഇൻ കാനഡ ഒരുക്കിയത്.

നൂറോളം സ്ത്രീകൾ പങ്കെടുത്ത മെഗാ തിരുവാതിര ഓണാഘോഷത്തിന്റെ മുഖ്യ ആകർഷണമായിരുന്നു. കാനഡയുടെ ചരിത്രത്തിൽ ഏറ്റവും അധികം സ്ത്രീകൾ പങ്കെടുത്ത തിരുവാതിര കളി ആയിരുന്നു ഇതെന്ന് KTC യുടെ ഭാരവാഹികൾ പറഞ്ഞു.

ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വടം വലി മത്സരത്തിൽ കാനഡയിലെ പ്രമുഖമായ നിരവധി ടീമുകൾ പങ്കെടുത്തു. കോട്ടയം ബ്രദേഴ്‌സ് (KBC) ഒന്നാം സമ്മാനവും, ടീം ഗ്ലാഡിയേറ്റേഴ്‌സ് രണ്ടാം സ്ഥാനവും നേടി. ലണ്ടൻ ടൈഗേഴ്‌സ്, കനേഡിയൻ ലയൺസ് എന്നിവർ യഥാക്രമം മൂന്നും നാലും സ്ഥാനം നേടി. തിരുവാതിര കളി മത്സരത്തിൽ ടീം ധ്വനി (ഗ്ലാഡിയേറ്റേഴ്‌സ്) ഒന്നാം സ്ഥാനവും, ടീം മയൂര ( കനേഡിയൻ ലയൺസ്) രണ്ടാം സ്ഥാനവും, ടീം നക്ഷത്ര (കോട്ടയം ബ്രദേഴ്‌സ് കാനഡ) മൂന്നാം സ്ഥാനവും നേടി. ഓണാഘോഷ പരിപാടി വൻവിജയമാക്കിയ എല്ലാവർക്കും KTC യുടെ പ്രസിഡന്റ് സുരേഷ് നാരായണനും സെക്രട്ടറി റെജിമോനും നന്ദി അറിയിച്ചു. പ്രോഗ്രാമിന് അരുൺ ദാസിന്റെ നേതൃത്വത്തിലുള്ള സംഘാടക സമിതി നേതൃത്വം നൽകി. അതോടൊപ്പം തന്നെ KTC മെംബേഴ്‌സിനു മാത്രമായിട്ടുള്ള മെംബേഴ്‌സ് പ്രിവിലേജ് കാർഡ് പ്രഥമ മെംബർ സൽജൻ പ്ലാമൂട്ടിൽ ജോണിനു കൈമാറി ഉൽഘാടനം നടത്തി.

സാംസൺ ആന്റണി ആയിരുന്നു ഓണാഘോഷ പരിപാടിയുടെ മെഗാ സ്‌പോൺസർ.