കോഴിക്കോട്: മാവൂർ റോഡ് കെഎസ്ആർടിസി സമുച്ചയത്തിലെ ബലക്കുറവ വിജിലൻസ് കേസാകും. ആർക്കിടെക്ടിനും ചീഫ് എൻജിനീയർക്കുമെതിരെ കേസ് എടുത്ത് അന്വേഷണം മുന്നോട്ടു കൊണ്ടുപോകേണ്ട അവസ്ഥയിലാണ് കാര്യങ്ങൾ. ബസുകൾ നിർത്തിയിടുന്ന നിലയുടെ നിർമ്മാണത്തിന് ബലം വേണ്ടത്രയില്ലാത്ത കമ്പികളാണ് ഉപയോഗിച്ചതെന്ന് നിർമ്മാണ ഘട്ടത്തിൽ തന്നെ കരാറുകാരൻ വ്യക്തമാക്കിയിരുന്നതായി വിജിലൻസ് റിപ്പോർട്ട് പറയുന്നു. അട്ടിമറി ഉറപ്പിക്കുന്നതാണ് ഈ വെളിപ്പെടുത്തൽ.

8 മില്ലി മീറ്റർ വണ്ണമുള്ള കമ്പികൾ കൊണ്ടാണ് ബസുകൾ നിർത്തേണ്ട നില ഉൾപ്പെടെ വാർക്കുന്നതെന്നും ഇത് അപര്യാപ്തമാണെന്നുമായിരുന്നു കരാറുകാരന്റെ കത്ത്. ഈ സംശയങ്ങൾ തള്ളിക്കളഞ്ഞാണ് കെടിഡിഎഫ്‌സി ചീഫ് എൻജിനീയറും ആർക്കിടെക്ടും നിർമ്മാണവുമായി മുന്നോട്ടു പോയതെന്ന് വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഈ കത്ത് അഴിമതിക്കുള്ള തെളിവായി മാറും. കെട്ടിടത്തിന്റെ ബലക്ഷയത്തെ കുറിച്ച് മദ്രാസ് ഐഐടി സംഘം തയാറാക്കിയ റിപ്പോർട്ടുകൾ വിജിലൻസും ശരിവയ്ക്കുന്നു. അതിനിടെ അന്വേഷണം അട്ടിമറിക്കാനും നീക്കമുണ്ട്.

2010 ലെ രേഖകൾ പരിശോധിച്ചാണ് വിജിലൻസ് റിപ്പോർട്ട് തയ്യാറാക്കിയത്. നേരത്തെ സർക്കാർ വിദഗ്ധ സംഘത്തെ നിയോഗിച്ച് സമാന്തര പഠനം നടത്തി, ഐഐടി റിപ്പോർട്ട് തന്നെ തള്ളിക്കളഞ്ഞിരുന്നു. ആർക്കിടെക്ടിനും ചീഫ് എൻജിനീയർക്കുമെതിരെ കേസ് എടുത്ത് അന്വേഷണം മുന്നോട്ടു കൊണ്ടുപോകണം എന്നായിരുന്നു വിജിലൻസ് ശുപാർശ. ഇത് വിജിലൻസ് ഡയറക്ടർ അംഗീകരിച്ചെങ്കിലും സർക്കാർ തടയുകയും ചെയ്തു. ഇതിന് പിന്നാലെയാണ് നിർണ്ണായക വെളിപ്പെടുത്തൽ വരുന്നത്.

കോഴിക്കോട് കെഎസ്ആർടിസി സമുച്ചയത്തിന് ബലക്ഷയമെന്ന് റിപ്പോർട്ടുകൾക്ക് പിന്നാലെ കോംപ്ലക്സ് നിർമ്മാണത്തിൽ ഗുരുതര വീഴ്ച നടന്നതായി വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ ഡിസൈനറെ പ്രതി ചേർത്ത് കേസെടുക്കാനായിരുന്നു വിജിലൻസ് ശുപാർശ. കെട്ടിടത്തിന്റെ സ്ട്രക്ചറൽ ഡിസൈൻ ഉൾപ്പെടെ മാറ്റിയിട്ടുണ്ടെന്ന് വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്നാണ് റിപ്പോർട്ടിലെ പരാമർശം. കെട്ടിടത്തിന്റെ രണ്ട് നിലകളിൽ ചോർച്ചയും ബലക്കുറവുമുണ്ടെന്നും വിജിലൻസ് കണ്ടെത്തൽ.

കെട്ടിടത്തിന്റെ നിർമ്മാണത്തിൽ അപാകതയുണ്ടെന്ന് ചെന്നൈ ഐഐടി നടത്തിയ പഠനത്തിലാണ് കണ്ടെത്തിയത്. കെട്ടിടത്തിൽ നിന്ന് വലിയ രീതിയിലുള്ള ബലക്ഷയമുണ്ടെന്ന വ്യക്തമാക്കുന്ന റിപ്പോർട്ടിൽ നിർമ്മാണത്തിന് വേണ്ടത്ര നിർമ്മാണ സാമഗ്രികൾ ഉപയോഗിച്ചിട്ടില്ലെന്നും പഠന റിപ്പോർട്ടിൽ കണ്ടെത്തലുണ്ട്. 2015 ലാണ് കോഴിക്കോട് കെഎസ്ആർടിസി സമുച്ചയം നിർമ്മിച്ചത്. 76 കോടി രൂപയാണ് ചെലവിലാണ് സമുച്ചയം നിർമ്മിച്ചത്.

വലിയ വ്യാപ്തിയുള്ള കെട്ടിടത്തിലെ ചില മുറികൾ വാടകയ്ക്ക് കൊടുക്കാനും അന്ന് പദ്ധതിയുണ്ടായിരുന്നു. എന്നാൽ തുടക്കം മുതലെ നിരവധി പരാതികളാണ് കെട്ടിടത്തിന്റെ അപാകത സംബന്ധിച്ച് ഉയർന്നു വന്നത്.