തിരുവനന്തപുരം: സ്‌നേഹിതയിലേയ്ക്ക് അഭയം തേടി കഴിഞ്ഞ വർഷം വിളിച്ച 4721 സ്ത്രീകളിൽ 2224 പേരും എറണാകുളം ജില്ലയിൽ. ഗാർഹിക പീഡനത്തിനിരയായി കേളത്തിൽ അനേകം സ്ത്രീകൾ. ഗാർഹിക പീഡനമുൾപ്പെടെയുള്ള അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ആശ്രയ കേന്ദ്രമായ കുടുംബശ്രീ സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്‌കിൽ കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തത് 4721 കേസുകൾ. ഇതുവരെ 25,000 ത്തിലേറെ പേർക്ക് സ്നേഹിതയുടെ സേവനം ലഭ്യമായിട്ടുണ്ട്. 2244 സ്ത്രീകൾക്ക് ഷോർട്ട് ഷെൽറ്റർ ഹോം സേവനവും നൽകി വരികയാണ്.

നിരവധി ഗാർഹിക പീഡനങ്ങളനുഭവിച്ച് കഴിഞ്ഞ വർഷം സ്നേഹിതയിലെത്തിയ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 3271 പേർക്ക് കൗൺസലിങ് സേവനം ലഭ്യമാക്കിയത്. ഇതിൽ 2248 പേർ ഗാർഹിക പീഡനം നേരിട്ടവരും 30 പേർ മനുഷ്യക്കടത്തിനു വിധേയമായവരും. ഇതു കൂടാതെ ഫോൺ വഴി 6659 കേസുകളും സ്നേഹിതയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

സംസ്ഥാന ശിശുക്ഷേമ സമിതി, പൊലീസ്, സാമൂഹിക നീതി എന്നീ വകുപ്പുകളുമായി സംയോജിച്ചാണ് സ്നേഹിതയുടെ പ്രവർത്തനങ്ങൾ നടത്തിവരുന്നത്. അതിക്രമങ്ങൾ നേരിട്ട് സ്നേഹിതയിലെത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സ്നേഹിതയിലെ കൗൺസിലർമാർ വഴി ആവശ്യമായ കൗൺസലിങ് നൽകുന്നുണ്ട്. കൂടാതെ പഞ്ചായത്തു തലത്തിൽ പ്രവർത്തിക്കുന്ന വിജിലന്റ് ഗ്രൂപ്പുകൾ, ജെൻഡർ റിസോഴ്സ് സെന്ററുകൾ എന്നിവ വഴി അതിക്രമങ്ങൾക്കിരയാകുന്നതായി കണ്ടെത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സ്നേഹിതയുടെ ഷോർട്ട് സ്റ്റേ ഹോമിൽ സുരക്ഷിത താമസവും സൗജന്യനിയമ സഹായവും മാനസിക പിന്തുണയും ലഭ്യമാക്കും. രാത്രിയിൽ ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടിവരുന്ന സ്ത്രീകൾ, പരീക്ഷ ജോലി എന്നിവ സംബന്ധിച്ച് യാത്ര ചെയ്യേണ്ടി വരുന്ന സ്ത്രീകൾ എന്നിവർക്ക് ആവശ്യമെങ്കിൽ സ്നേഹിതയുടെ ഷോർട്ട് സ്റ്റേ ഹോമിൽ താമസിക്കാനുള്ള സൗകര്യം ലഭ്യമാക്കും.

കുടുംബശ്രീയുടെ സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി 2013 ഓഗസ്റ്റിലാണ് സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്‌ക് സംസ്ഥാനത്ത് പ്രവർത്തനം ആരംഭിച്ചത്. 2017-18 സാമ്പത്തിക വർഷത്തിൽ കേരളത്തിലെ എല്ലാ ജില്ലകളിലേക്കും സ്‌നേഹിത വ്യാപിപ്പിച്ചിരുന്നു. ആദ്യഘട്ടത്തിൽ ആറ് ജില്ലകളിൽ മാത്രമായിരുന്നു പ്രവർത്തിച്ചിരുന്നത്. ഇപ്പോൾ എല്ലാ ജില്ലകളിലും സ്നേഹിതയുടെ പ്രവർത്തനങ്ങൾ എത്തിക്കഴിഞ്ഞു. 24 മണിക്കൂറും പ്രവർത്തിക്കുന്ന സംവിധാനമാണ് സ്നേഹിത ഹെൽപ് ഡെസ്‌ക്കിന്റേത്. എത്തുന്ന എല്ലാ സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യ നിയമസഹായം ലഭ്യമാക്കുന്നതിനായി മുഴുവൻ സമയ അഭിഭാഷകയെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുകയാണ്.

തങ്ങളെ സമീപിക്കുന്ന സ്ത്രീകൾക്ക് മാനസികമായ പിന്തുണ നൽകുന്നതോടൊപ്പം തന്നെ അവർക്ക് വേണ്ട നിയമ സഹായം, കൗൺസിലിങ് തുടങ്ങിയ സേവനങ്ങളും സ്നേഹിതയിലുണ്ട്. ഇതിൽ ഏറ്റവും പ്രധാനം സ്ത്രീകൾക്കും കുട്ടികൾക്കും താത്ക്കാലിക അഭയവും സ്നേഹിത ഒരുക്കി നൽകുന്നു എന്നതാണ്. ഇതിനു പുറമേ നിരവധി ബോധവൽക്കരണ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. തിരുവനന്തപുരം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലായിരുന്നു തുടക്കത്തിൽ സ്നേഹിത പ്രവർത്തിച്ചിരുന്നത്. ഇപ്പോൾ കോട്ടയം, പത്തനംതിട്ട, കോഴിക്കോട്, കൊല്ലം, തൃശൂർ, കണ്ണൂർ, ആലപ്പുഴ, കാസർകോട് എന്നീ ജില്ലകളിലും സ്നേഹിത പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.