- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ? കേരളീയ സ്ത്രീ ചരിത്രത്തിന് ഒരു ആമുഖം
കേരളീയ സ്ത്രീവാദചിന്തയുടെ ഏറ്റവും രാഷ്ട്രീയജാഗ്രതയുള്ള സ്വരമാണ് ജെ. ദേവിക. സാമൂഹികവും സാംസ്‌കാരികവുമൊക്കെയായ കേരളീയമണ്ഡലങ്ങളിൽ നിലനിൽക്കുന്ന ലിംഗപദവിബന്ധങ്ങളുടെ അപഗ്രഥനത്തിൽ സൈദ്ധാന്തികവും പ്രായോഗികവുമായ മൗലികതയും ചരിത്രപരമായ സൂക്ഷ്മതയും ഇത്രമേൽ പ്രകടിപ്പിക്കുന്ന മറ്റൊരാൾ കേരളത്തിലില്ല. സാംസ്‌കാരിക വിമർശനത്തിന്റെ രാഷ്ട്രീയസ്വഭാവങ്ങളിൽ വിട്ടുവീഴ്ച ചെയ്യാത്ത നിലപാടുകളും സാംസ്‌കാരിക വിഗ്രഹങ്ങളെ ഉടച്ചുവാർക്കുന്നതിൽ സംശയങ്ങളേതുമില്ലാത്ത സമീപനങ്ങളും ദേവികയ്ക്കുണ്ട്. ചരിത്രപഠനത്തിലിടപെടുന്ന അപൂർവം മലയാളിസ്ത്രീകളിലൊരാൾ. ചരിത്രം, സാമൂഹ്യശാസ്ത്രം, ലിംഗപദവിപഠനം, മാർക്‌സിസത്തോടുള്ള വിമർശനം, സാഹിത്യപഠനം, പൊതുമണ്ഡലചർച്ച തുടങ്ങിയ മേഖലകളിൽ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകാലം ദേവിക നടത്തുന്ന ഇടപെടലുകൾ മലയാളചിന്തയുടെ ആധുനികാനന്തരഘട്ടത്തിലെ ഏറ്റവും ദീപ്തമായ മുഖം തന്നെയാണ്. 'വ്യക്തിയുടെ ലിംഗവൽക്കരണം' (Engendering Individuals) എന്ന വിഷയത്തിൽ ദേവിക നടത്തിയ ഡോക്ടറൽ ഗവേഷണവും അതിന്റെ ഗ്രന്ഥരൂപവും (Orient Longman, 2007)
കേരളീയ സ്ത്രീവാദചിന്തയുടെ ഏറ്റവും രാഷ്ട്രീയജാഗ്രതയുള്ള സ്വരമാണ് ജെ. ദേവിക. സാമൂഹികവും സാംസ്‌കാരികവുമൊക്കെയായ കേരളീയമണ്ഡലങ്ങളിൽ നിലനിൽക്കുന്ന ലിംഗപദവിബന്ധങ്ങളുടെ അപഗ്രഥനത്തിൽ സൈദ്ധാന്തികവും പ്രായോഗികവുമായ മൗലികതയും ചരിത്രപരമായ സൂക്ഷ്മതയും ഇത്രമേൽ പ്രകടിപ്പിക്കുന്ന മറ്റൊരാൾ കേരളത്തിലില്ല. സാംസ്‌കാരിക വിമർശനത്തിന്റെ രാഷ്ട്രീയസ്വഭാവങ്ങളിൽ വിട്ടുവീഴ്ച ചെയ്യാത്ത നിലപാടുകളും സാംസ്‌കാരിക വിഗ്രഹങ്ങളെ ഉടച്ചുവാർക്കുന്നതിൽ സംശയങ്ങളേതുമില്ലാത്ത സമീപനങ്ങളും ദേവികയ്ക്കുണ്ട്. ചരിത്രപഠനത്തിലിടപെടുന്ന അപൂർവം മലയാളിസ്ത്രീകളിലൊരാൾ. ചരിത്രം, സാമൂഹ്യശാസ്ത്രം, ലിംഗപദവിപഠനം, മാർക്‌സിസത്തോടുള്ള വിമർശനം, സാഹിത്യപഠനം, പൊതുമണ്ഡലചർച്ച തുടങ്ങിയ മേഖലകളിൽ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകാലം ദേവിക നടത്തുന്ന ഇടപെടലുകൾ മലയാളചിന്തയുടെ ആധുനികാനന്തരഘട്ടത്തിലെ ഏറ്റവും ദീപ്തമായ മുഖം തന്നെയാണ്.
'വ്യക്തിയുടെ ലിംഗവൽക്കരണം' (Engendering Individuals) എന്ന വിഷയത്തിൽ ദേവിക നടത്തിയ ഡോക്ടറൽ ഗവേഷണവും അതിന്റെ ഗ്രന്ഥരൂപവും (Orient Longman, 2007) പാഠങ്ങളുടെ ചരിത്രപരതയ്ക്കും ചരിത്രത്തിന്റെ പാഠപരതയ്ക്കും ഊന്നൽ നൽകുന്ന നവചരിത്രവാദത്തിന്റെ രീതിശാസ്ത്രം പാലിച്ചുകൊണ്ട് കേരളത്തിലുണ്ടായ ഏറ്റവും മികച്ച സാംസ്‌കാരികപഠനമാണ്.
കൊളോണിയൽ ആധുനികതയുടെ സാംസ്‌കാരികപാഠരൂപങ്ങളെന്ന നിലയിൽ മുഖ്യമായും സാഹിത്യം, പത്രപ്രവർത്തനം എന്നിവ മുൻനിർത്തി കേരളീയ സ്ത്രീയുടെ ലിംഗപദവിയെ ചരിത്രവൽക്കരിക്കുകയും സാമൂഹ്യവൽക്കരിക്കുകയും ചെയ്യുന്ന പഠനമാണിത്. ജാതി, മതം, വർഗം, ലിംഗം തുടങ്ങിയ സാമൂഹ്യസ്ഥാപനങ്ങളും സാക്ഷരത, എഴുത്ത്, വായന, ഭാവന, തൊഴിൽ തുടങ്ങിയ സാംസ്‌കാരികാനുഭവങ്ങളും സാഹിത്യം, പത്രപ്രവർത്തനം എന്നീ ക്രിയാത്മക മേഖലകളും കുടുംബം, ലൈംഗികത, മാതൃത്വം, ശരീരം, സ്വാതന്ത്ര്യം, സദാചാരം തുടങ്ങിയ ജീവിതാധികാരമണ്ഡലങ്ങളും മുൻനിർത്തി ആധുനികത സൃഷ്ടിച്ച സ്ത്രീവ്യക്തിത്വം, ലിംഗപദവി കൈവരിക്കുന്നതിന്റെ ചരിത്രാന്വേഷണമായി മാറുന്നു, ഈ പഠനം. ആത്മകഥ, ജീവചരിത്രം, നോവൽ, നാടകം, കവിത, ഉപന്യാസം, സാമൂഹ്യപഠനം, ചരിത്രപഠനം, പത്രമാസികകൾ തുടങ്ങിയ ആഖ്യാനങ്ങളിലും പാഠരൂപങ്ങളിലും നിന്നാണ് ഈ പഠനം ഊർജ്ജം നേടുന്നത്. ചരിത്രത്തിൽനിന്ന് സ്ത്രീയിലേക്കു വളരുന്ന പരമ്പരാഗത രീതിശാസ്ത്രം തലകീഴ്മറിച്ച് സ്ത്രീയിൽനിന്ന് ചരിത്രത്തിലേക്കു വളരുന്ന വേറിട്ട സമീപനമാണ് ദേവിക പിന്തുടരുന്നത്. ഇതിനു തെളിവുകളാണ് കുടുംബാസൂത്രണം, ജനകീയാസൂത്രണം എന്നീ രംഗങ്ങൾ മുൻനിർത്തി കേരളീയ സ്ത്രീയുടെ സാമൂഹ്യ വികസന സൂചികകളുടെ പശ്ചാത്തല രാഷ്ട്രീയം അന്വേഷിക്കുന്ന അവരുടെ പഠനങ്ങൾ.
റോബിൻ ജഫ്രി തുടക്കമിട്ട കേരളീയസ്ത്രീപഠനങ്ങളുടെ രംഗത്ത് സ്വന്തം വഴി വെട്ടിത്തുറക്കുകയായിരുന്നു ദേവിക. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനദശകം മുതലുള്ള നാലുപതിറ്റാണ്ടിൽ മലയാളിസ്ത്രീകളെഴുതിയ ചില പത്രമാസികാലേഖനങ്ങൾ മുൻനിർത്തി ഒന്നാംതലമുറ കേരളീയസ്ത്രീവാദത്തിന്റെ വേരുകൾ തിരയുന്നു, 'കല്പനയുടെ മാറ്റൊലി' എന്ന ഗ്രന്ഥത്തിൽ ദേവിക. ഏറ്റവുമൊടുവിൽ പ്രസിദ്ധീകൃതമായ 'Woman Writing=Man reading?' എന്ന ഗ്രന്ഥവും വ്യത്യസ്തമല്ല. സാഹിത്യചരിത്രവിജ്ഞാനീയം, സാഹിത്യപൊതുമണ്ഡലം, മലയാളസാഹിത്യ വിമർശനം എന്നീ മൂന്നു മേഖലകളെ സ്ത്രീവാദനിലപാടിൽ ഒരേസമയംതന്നെ അപഗ്രഥിക്കുകയും അപനിർമ്മിക്കുകയും ചെയ്യുന്ന പഠനമാണിത്. 'സാഹിത്യപൊതുമണ്ഡല'മെന്ന പരികല്പനയും വിഷയവും മലയാളത്തിൽ ഇത്രമേൽ മൗലികവും വിപുലവുമായി ചർച്ചചെയ്യുന്ന മറ്റൊരു പഠനമില്ല. ദേശീയവാദ, പുരോഗമനവാദ, നിഷ്പക്ഷ, ലിബറൽ മാനവിക, സ്റ്റാലിനിസ്റ്റ്-ചരിത്ര, സാമൂഹ്യ, സാംസ്‌കാരികാവബോധങ്ങളെ വിമർശിച്ചും നിരാകരിച്ചുമാണ് ദേവിക തന്റെ സ്ത്രീവാദനിലപാടുകൾ തുടക്കം മുതൽ രൂപപ്പെടുത്തിയിട്ടുള്ളത്.
'പെണ്ണെഴുത്തിന്റെ ആൺവായന'യിലും അതിനു മാറ്റമില്ല.
'കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ?' എന്ന ഗ്രന്ഥമാകട്ടെ (2010) കേരളീയസ്ത്രീയുടെ സാമൂഹ്യ, സാംസ്‌കാരിക, ചരിത്രഭാഗധേയങ്ങൾ ക്രോഡീകരിക്കുന്ന അസാധാരണമായ ഒരു ഗ്രന്ഥമാണ്. സ്ത്രീവാദ ചരിത്രവിജ്ഞാനീയത്തിന്റെ സിദ്ധാന്തവും പ്രയോഗവുമായി മാറുന്ന ഏക മലയാള മാതൃക. സ്ത്രീക്ക് പൗരത്വവും സാമൂഹികതയും സമത്വവും സ്വാതന്ത്ര്യവും സ്വന്തം ശരീരത്തിനുമേൽ പോലുമുള്ള ഉടമസ്ഥതയും നിരാകരിക്കുന്ന പുരുഷാധീശ സ്ഥാപനങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും ചരിത്രപരമായ അപനിർമ്മാണമായി മാറുന്നു, ഈ ഗ്രന്ഥം.
പത്തുമേഖലകളിലായി, സ്ത്രീയെക്കുറിച്ച് മലയാളത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള നിരവധി ആഖ്യാനങ്ങൾ സമാഹരിച്ചും വിശകലനം ചെയ്തും രൂപപ്പെടുത്തിയ മലയാളത്തിലെ ഏറ്റവും ബൃഹത്തായ സ്ത്രീപഠനവും സ്ത്രീചരിത്രവും.
പത്തുഭാഗങ്ങളായി അവതരിപ്പിക്കുന്ന ആധുനിക മലയാളി സ്ത്രീയുടെ സ്വത്വരൂപീകരണങ്ങളുടെ ഈ ചരിത്രം ഒരേസമയംതന്നെ കേരളചരിത്രപഠനങ്ങളുടെയും അപനിർമ്മാണമായി മാറുന്നു. കേരളത്തിന്റേതുൾപ്പെടെ, ആധുനികതയിലുണ്ടായ 'നിഷ്പക്ഷ' ചരിത്രനിർമ്മാണപദ്ധതികൾ പുലർത്തിയ ദേശീയ, വരേണ്യ, പുരുഷ, മേലാള, ഔദ്യോഗിക, രാഷ്ട്രീയ ചരിത്രസമീപനങ്ങൾ മറികടക്കുന്ന പ്രാദേശിക, കീഴാള, സ്ത്രീ, ജനകീയ, സാംസ്‌കാരിക ചരിത്രമാണ് 'കുലസ്ത്രീയും ചന്തപ്പെണ്ണും'. കൊളോണിയൽ ദേശീയ ആധുനിക ചരിത്രപദ്ധതികളെ നിരാകരിച്ചു രൂപംകൊണ്ട മാർക്‌സിസ്റ്റ് ചരിത്രപഠനങ്ങളാണ് 'നിഷ്പക്ഷ' ചരിത്രത്തിന്റെ ആദ്യ വിമർശന സന്ദർഭം. പിന്നീട് കീഴാളപഠനങ്ങളുടെ വരവായി. ഒടുവിൽ അധിനിവേശാനന്തര ചരിത്രപഠനങ്ങളുടെയും. ഒരർഥത്തിൽ ആധുനികീകരണം, അധിനിവേശം, ദേശീയത എന്നീ മൂന്നു വ്യവഹാരങ്ങളോടും കലഹിച്ചുകൊണ്ടാണ് ഇവയുടെ നില. അതേസമയംതന്നെ ഈ ചരിത്രരചനാപദ്ധതികളിലും വേണ്ടത്ര നീതി ലഭിക്കാത്ത സ്ത്രീത്വത്തിന്റെ ചരിത്രനിർവാഹകശേഷിയെക്കുറിച്ചുള്ള അന്വേഷണമാണ് ദേവികയുടെ ഈ ഗ്രന്ഥം. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ രൂപീകൃതമായ കേരളീയ സ്ത്രീ നവോത്ഥാനത്തിന്റെ വ്യത്യസ്തങ്ങളായ ഏടുകൾ മുൻനിർത്തി എഴുതപ്പെടുകയും പറയപ്പെടുകയും ദൃശ്യവൽക്കരിക്കപ്പെടുകയും ചെയ്ത നിരവധിയായ ഉപാദാനങ്ങളിൽ നിന്ന് ദേവിക ക്രോഡീകരിക്കുന്ന ആധുനിക കേരളീയ സ്ത്രീചരിത്രമെന്ന നിലയിൽ ഈ ഗ്രന്ഥം തുറന്നിടുന്ന, ഒരേസമയം അക്കാദമികവും ജനകീയവുമായ ചരിത്രനിർമ്മാണത്തിന്റെ സാധ്യതകൾ വരുംകാല മലയാള സ്ത്രീപഠനങ്ങൾക്കുള്ള ഭദ്രവും ദൃഢവുമായ ഒരടിത്തറയും ആമുഖവുമാണ്. രാഷ്ട്രീയാധികാരം, കുടുംബപദവി, മാതൃത്വം, പൗരത്വം, ബൗദ്ധികവും ഭാവനാത്മകവുമായ ആവിഷ്‌കാരങ്ങൾ, മതം, ജാതി തുടങ്ങിയവയുടെ പ്രാമാണ്യം, ശരീരത്തിന്റെ പ്രകടനം എന്നിങ്ങനെ സ്ത്രീയുടെ ജീവിതസ്വരൂപങ്ങളിലൂടെ നിർമ്മിക്കുന്ന അവളുടെ സാമൂഹ്യചരിത്രമാകുന്നു, ഈ പഠനത്തിന്റെ രീതിശാസ്ത്രം. ആധുനിക കേരളീയ സ്ത്രീയുടെ ജീവചരിത്രമെന്നപോലെതന്നെ ആധുനിക കേരളത്തിന്റെ സ്ത്രീചരിത്രവുമായി മാറുന്ന അസാധാരണമായ ഒരു പഠനഗ്രന്ഥം.
മരുമക്കത്തായം, വിവാഹം, കുടുംബം തുടങ്ങിയ സാമൂഹ്യഘടനകൾ മുൻനിർത്തി കേരളീയസ്ത്രീകൾ അനുഭവിച്ചിരുന്ന സ്വാതന്ത്ര്യത്തിന്റെ ഭിന്നതലങ്ങൾ അന്വേഷിക്കുന്നു, 'പെണ്ണരശുനാടോ കേരളമോ?' എന്ന ഒന്നാംഭാഗം. ജാതി, മതം, വർഗം, ദേശം തുടങ്ങിയ ഘടകങ്ങൾക്കനുസരിച്ച് മാറിവരുന്ന സ്ത്രീയുടെ സ്വത്വപദവികൾ ഒരുകാലത്തും ഒരിടത്തും ഒരുപോലെയായിരുന്നില്ല എന്നു നിരീക്ഷിക്കുന്നു, ഈ അന്വേഷണം. നിരവധി ആത്മകഥകളും സാഹിത്യകൃതികളും ചരിത്രസൂചനകളും മറ്റും മറ്റും ഈ ആലോചനയുടെ ആകരമാകുന്നു.
കേരളീയ സ്ത്രീകളുടെ രാഷ്ട്രീയാധികാരത്തിന്റെ ഭൂതകാല വിശകലനമാണ് രണ്ടാം ഭാഗം. റാണിമാരും തമ്പുരാട്ടിമാരും മുതൽ ജഡ്ജിമാരും മന്ത്രിമാരും വരെയായി മാറിയ മലയാളിസ്ത്രീകളുടെ ചരിത്രത്തിനൊപ്പം അധികാരമണ്ഡലത്തിൽ സ്ത്രീ പാർശ്വവൽക്കരിക്കപ്പെട്ടതിന്റെ ചരിത്രവും ഈ ഭാഗം കണ്ടെത്തുന്നു.
മതം, ജാതി, സാഹിത്യം, കല തുടങ്ങിയ ഓരോ രംഗത്തും സ്ത്രീക്കു ചാർത്തിക്കൊടുക്കപ്പെട്ട കുലീനതയുടെയും കുലടത്വത്തിന്റെയും പ്രതീകപദവികളായ 'തറവാട്ടിൽ പിറന്നവൾ', 'ചന്തപ്പെണ്ണ്' എന്നീ സാമൂഹ്യവിശേഷണങ്ങളുടെ സാംസ്‌കാരിക പശ്ചാത്തലം തിരയുകയാണ് മൂന്നാം ഭാഗം. പുരുഷന് ഇങ്ങനെയൊരു സദാചാര വിഭജനം ഒരിക്കലും നേരിടേണ്ടിവരുന്നില്ല. വിദ്യാഭ്യാസം, തൊഴിൽ, സാമ്പത്തിക സ്വാതന്ത്ര്യം തുടങ്ങിയ ഘടകങ്ങൾ സ്ത്രീക്ക് നേടിക്കൊടുക്കുന്ന ലൈംഗികസ്വാതന്ത്ര്യത്തിനു വിലങ്ങിടാൻ സമൂഹം സൃഷ്ടിച്ചെടുത്ത ആധുനിക 'ധാർമിക' വ്യവസ്ഥയുടെ ഫലമാണ് ഈ വിഭജനം. ബുദ്ധിപരമോ ഭാവനാപരമോ ആയ ഏതു സ്വാതന്ത്ര്യത്തിന്റെയും ആവിഷ്‌കാരം ഈ സ്ത്രീകൾക്കു വിലക്കാൻ സമൂഹം നിർമ്മിച്ച അനീതിസാരം.
'വരവില'യെ കേന്ദ്രീകരിക്കുന്ന നാലാം ഭാഗം 'സ്ത്രീധന'ത്തിന്റെ നാനാതരം രൂപഭാവങ്ങളെക്കുറിച്ചാണ്. 'വിവാഹബന്ധമൊഴിഞ്ഞാൽ സ്ത്രീക്കു മടക്കിക്കിട്ടേണ്ട സ്വത്തല്ല, വിവാഹം നടക്കാൻ വരൻ ഈടാക്കുന്ന തുക മാത്രമാണ് സ്ത്രീധന'മെന്ന യാഥാർഥ്യം നിലനിൽക്കുമ്പോൾ സ്ത്രീക്കു നഷ്ടമാകുന്ന ആത്മാഭിമാനത്തിന്റെ വിശകലനമായി മാറുന്നു, ഈ ഭാഗം. മരുമക്കത്തായം മുതൽ ആധുനിക വിവാഹ സമ്പ്രദായങ്ങൾ വരെയുള്ളവ മുൻനിർത്തി ഭിന്ന ജാതി, മത, സമുദായങ്ങൾക്കുള്ളിൽ സ്ത്രീക്കു കല്പിക്കപ്പെട്ട വരവിലനിലവാരത്തിന്റെ ചരിത്രം ദേവിക അപഗ്രഥിക്കുന്നു.
വിവാഹത്തെയും കുടുംബവ്യവസ്ഥയെയും സാമൂഹികവും സാമ്പത്തികവുമായി ഉറപ്പിച്ചെടുക്കുന്ന 'വരവില'പോലെതന്നെയാണ് 'മാതൃത്വ'ത്തിനു കല്പിക്കപ്പെടുന്ന മഹത്വത്തിന്റെയും രാഷ്ട്രീയം. ഇതാണ് അടുത്ത ഭാഗത്തെ ചർച്ചാവിഷയം. കൂട്ടുകുടുംബം മുതൽ അണുകുടുംബം വരെയും സർക്കാർനയങ്ങൾ മുതൽ തൊഴിൽ നിയമങ്ങൾ വരെയുള്ളവ കേരളീയ മാതൃത്വത്തിനുമേൽ നിർമ്മിച്ച നാനാതരം മൂല്യവ്യവസ്ഥകൾ മറനീക്കുന്ന ചരിത്ര, സാഹിത്യ, സാമൂഹ്യപാഠങ്ങൾ ദേവിക ഉദ്ധരിക്കുന്നു.
'സ്ത്രീശരീരത്തിനു ചുറ്റും നടന്ന യുദ്ധങ്ങൾ' എന്ന ആറാം ഭാഗമാകട്ടെ, വസ്ത്രധാരണത്തിന്റെയും 'മാന്യത'യുടെയും പേരിൽ കേരളീയ സ്ത്രീക്കുമേൽ നടന്ന കയ്യേറ്റങ്ങളുടെ ചരിത്രവും നടക്കുന്ന കയ്യേറ്റങ്ങളുടെ വർത്തമാനവും വിശകലനം ചെയ്യുന്നു. ബ്രാഹ്മണ്യം മുതൽ വിക്ടോറിയൻ സദാചാരം വരെയുള്ള ജാതി-മത നിഷ്ഠ സ്ഥാപനങ്ങൾ സൃഷ്ടിച്ച സദാചാരാധുനികതയുടെ പ്രമാണപത്രങ്ങളാണ് യഥാർഥത്തിൽ വസ്ത്രധാരണത്തെയും ശരീരശുദ്ധിയെയും കുറിച്ചുള്ള മലയാളിയുടെ പൊതുബോധത്തിനു രൂപംകൊടുത്തിട്ടുള്ളത്. മുൻഭാഗങ്ങളിൽ മരുമക്കത്തായത്തെക്കുറിച്ചും അതിന്റെ സ്ത്രീയവസ്ഥയെക്കുറിച്ചും സാമ്പ്രദായിക ചരിത്രകാരന്മാരുടേതിൽ നിന്നു ഭിന്നമായ നിരീക്ഷണം അവതരിപ്പിച്ച ദേവിക ഇവിടെ 'മാറുമറയ്ക്കൽസമരം' പോലുള്ള പ്രക്ഷോഭങ്ങൾക്കു പിന്നിലെ 'സ്ത്രീവാദ'ത്തെയും പുതിയ രീതിയിൽ വ്യാഖ്യാനിക്കുന്നു. ഭൂതകാലത്തെ വ്യാഖ്യാനിക്കുന്നതിലാണല്ലോ ചരിത്രരചയിതാക്കളുടെ രാഷ്ട്രീയവും മൗലികതയും വെളിപ്പെടുക. ദേവികയുടെ സ്ത്രീരാഷ്ട്രീയവും ചരിത്രവിശകലന സമീപനവും വെളിപ്പെട്ടുവരുന്ന ചില സന്ദർഭങ്ങളാണ് മേൽ സൂചിപ്പിച്ചവ.
സ്ത്രീവിദ്യാഭ്യാസവും ആധുനിക കേരളീയസ്ത്രീയുടെ നിർമ്മിതിയുമാണ് അടുത്ത വിഷയം. മുഖ്യമായും മിഷനറി ആധുനികതയുടെ സംഭാവനയാണല്ലോ ഈ ഘടകം. ജാതി, മത വിവേചനങ്ങൾ സാമാന്യമായെങ്കിലും മറികടക്കാനും സാമ്പത്തിക, തൊഴിൽ സ്വാതന്ത്ര്യം കുറെയൊക്കെ നേടാനും വിദ്യാഭ്യാസം സ്ത്രീകളെ സഹായിച്ചപ്പോൾ തന്നെ ലിംഗവിവേചനം വിദ്യാഭ്യാസ രംഗത്തും കലശലായിരുന്നു. ചുരുക്കത്തിൽ, വിദ്യാഭ്യാസം സ്വാതന്ത്ര്യത്തിലേക്കുള്ള വഴിയാണെന്ന പൊതുതത്വം ഒരു പുരുഷതത്വം മാത്രമായിരുന്നുവെന്ന് ദേവിക സയുക്തികം സ്ഥാപിക്കുന്നു.
സാഹിത്യം, കല തുടങ്ങിയവ കേരളീയസ്ത്രീയുടെ കർതൃത്വനിർമ്മിതിയിൽ നടത്തിയ ഇടപെടലുകളുടെ വിശകലനമാണ് അടുത്ത ഭാഗം. ക്ഷേത്രകലകൾ മുതൽ ഇലക്ട്രോണിക് കലകൾവരെ; സാമ്പ്രദായിക സാഹിത്യം മുതൽ ആധുനിക ഭാഷാ വ്യവഹാരങ്ങൾ വരെ ഓരോന്നും സ്ത്രീക്ക് പ്രജ്ഞാപരമായ ആവിഷ്‌കാര സാധ്യതകൾ തുറന്നുകൊടുത്തതിനൊപ്പം തന്നെ അവളുടെമേൽ ലിംഗ, ശരീര, ധാർമിക നിയമങ്ങൾ അടിച്ചേല്പിക്കുകയും ചെയ്തിരുന്നു. കവിത, നാടകം, സാഹിത്യസംഘടനകൾ, നൃത്തം, സിനിമ തുടങ്ങിയ മണ്ഡലങ്ങളിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്കുമേൽ മുൻകാലങ്ങളിൽ ചൊരിയപ്പെട്ട അധിക്ഷേപങ്ങളുടെ നിലവറ തുറന്നിടുകയാണ് ദേവിക.
ഒൻപതാം ഭാഗം, സ്ത്രീയുടെ കുടുംബ-പൗര പദവികൾ തമ്മിലുള്ള സംഘർഷത്തെക്കുറിച്ചാണ്. സ്ത്രീയുടെ സാമൂഹ്യ സ്വാതന്ത്ര്യം, സ്വത്തവകാശം, തൊഴിൽരംഗത്തെ തുല്യത, ലിംഗസമത്വം തുടങ്ങിയ പൗരാവകാശങ്ങൾ ഒന്നടങ്കം ഇന്നും പ്രശ്‌നഭരിതമായ മണ്ഡലങ്ങൾ തന്നെയാണ്. സഞ്ചാരസ്വാതന്ത്ര്യം മുതൽ വസ്ത്രധാരണ സ്വാതന്ത്ര്യം വരെയും വോട്ടവകാശം മുതൽ സ്വത്തവകാശം വരെയുമുള്ള എത്രയെങ്കിലും രംഗങ്ങളിൽ സ്ത്രീകൾ നടത്തിയ പോരാട്ടങ്ങൾ കൊണ്ടൊന്നും കേരളീയ സമൂഹത്തിന്റെ പൊതുബോധം അതിന്റെ കൊമ്പുകെട്ടിയ പുരുഷക്കോയ്മയിൽ നിന്നു വ്യതിചലിച്ചില്ല. 1935ൽ വിഖ്യാത നിയമജ്ഞയായ അന്നാചാണ്ടി എഴുതിയ ഈ വാക്കുകൾ നോക്കൂ: 'കേരളീയസഹോദരിമാരിൽ പലർക്കും സ്വത്തവകാശമുണ്ട്. സമ്മതിദാനാവകാശമുണ്ട്. സാമ്പത്തിക സ്വാതന്ത്ര്യമുണ്ട്. എത്രപേർക്ക് സ്വന്തം ശരീരത്തിനുമേൽ അധികാരമുണ്ട്? സ്ത്രീശരീരം പുരുഷസുഖത്തിനുള്ള ഒരുപകരണം മാത്രമാണെന്നുള്ള മൂഢവിശ്വാസം എത്ര സ്ത്രീകളെയാണ് അപകർഷഗർത്തത്തിൽ ആപതിപ്പിച്ചിരിക്കുന്നത്? (അന്നാ ചാണ്ടി, 'ദൗർബല്യബോധം', മലയാളമനോരമ വിശേഷാൽപ്രതി 1935)'
'സ്ത്രീകളും സമരങ്ങളും' എന്ന അവസാന ഭാഗം ഇരുപതാം നൂറ്റാണ്ടിലെ ജനകീയസമരങ്ങളിൽ സ്ത്രീക്കുണ്ടായ പങ്കാളിത്തത്തെക്കുറിച്ചാണ്. സ്ത്രീയുടെ ദൃശ്യത, എല്ലായ്‌പ്പോഴും സമരങ്ങളെ ജനകീയവും സാമൂഹികവുമാക്കുകയാണോ ചെയ്യുന്നത്? പലപ്പോഴും സ്ത്രീകൾ മത, ജാതി, രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സംഘടിത പ്രേരണയ്ക്കു വശംവദരായി തെരുവിലിറക്കപ്പെടുകയല്ലേ ചെയ്യുന്നത്? താലപ്പൊലിയും ക്ഷേത്രോത്സവങ്ങളും പള്ളിപ്പെരുന്നാളും ആൾദൈവങ്ങൾക്കുള്ള അകമ്പടിയും പോലെ? 1950കളിലെ തൊഴിൽസമരങ്ങളെയും വിമോചനസമരത്തെയുമൊക്കെ ദേവിക വിശകലനം ചെയ്യുന്നു. അക്കാമ്മ ചെറിയാൻ, എം വി കുട്ടിമാളുവമ്മ, കെ.ആർ. ഗൗരിയമ്മ, സുശീലാ ഗോപാലൻ, ലക്ഷ്മി എൻ. മേനോൻ, പി.കെ. മേദിനി തുടങ്ങിയവരുടെ തൂലികാചിത്രങ്ങളുണ്ട് ഈ ഭാഗത്ത്.
ആധുനികാനന്തര ചരിത്രരചനാപദ്ധതിയുടെ രീതിശാസ്ത്രങ്ങൾ പലതും (നവചരിത്രവാദം ഉൾപ്പെടെ) പിൻപറ്റി ദേവിക എഴുതുന്ന ആധുനിക മലയാളി സ്ത്രീയുടെ ഈ ജീവിതചരിത്രം, കേരളീയ ചരിത്രവിജ്ഞാനീയത്തിൽ നടത്തുന്ന മൗലികമായ ഒരു ഇടപെടലാണ്.
വിവിധങ്ങളായ ആകരങ്ങളിൽ നിന്നെടുത്ത വസ്തുതകൾക്കൊപ്പം ചിത്രങ്ങളും കൊളാഷുകളും കൊണ്ട് പ്രിയാരഞ്ജൻ ലാൽ സൃഷ്ടിക്കുന്ന വ്യത്യസ്തമായ ആഖ്യാന-ആലേഖന കല ഈ പുസ്തകത്തെ വേറിട്ടതാക്കുന്നു. 'കേരളത്തിന്റെ ചരിത്രകാരികൾ' എന്ന പേരിൽ നൽകുന്ന അഞ്ച് സ്ത്രീചരിത്രഗവേഷകരുടെ വ്യക്തിചിത്രമാണ് ശ്രദ്ധേയമായ മറ്റൊരു ഉള്ളടക്കം. മീരാ വേലായുധൻ, ജി. അരുണിമ, പ്രവീണ കോടോത്ത്, കെ. ശാരദാമണി, അന്നാ ലിൻഡ്ബർഗ് എന്നിവർ.
'കൂടുതൽ വായനയ്ക്ക്' എന്ന ശീർഷകത്തിൽ ഈ പുസ്തകത്തിന്റെ അവസാനം ചേർത്തിരിക്കുന്ന അസാധാരണമായ ഒരു വിവരണാത്മക പഠനസൂചിയുണ്ട്. നാളിതുവരെ നടന്നിട്ടുള്ള നിഷ്പക്ഷ, സ്ത്രീപക്ഷ, ലൈംഗിക, ദേശീയവാദ, മാർക്‌സിയൻ, കീഴാള, കോളനിയനന്തര ചരിത്രപഠനങ്ങളുടെ വിപുലമായ സൂചികയാണ് ഇവിടെയുള്ളത്.
ഏതർഥത്തിലും കേരളീയ ചരിത്രരചനാമണ്ഡലത്തിൽ സംഭവിച്ച ഏറ്റവും രാഷ്ട്രീയബദ്ധമായ ഒരു ചുവടുവയ്പ് എന്ന നിലയിൽ ദേവികയുടെ ഈ ഗ്രന്ഥം വരുംകാല സ്ത്രീപഠനങ്ങൾക്കും സാംസ്‌കാരിക പഠനങ്ങൾക്കും ബലിഷ്ഠമായ അടിത്തറയൊരുക്കും എന്നതിൽ സംശയം വേണ്ട.
പുസ്തകത്തിൽ നിന്ന്
'മാറുമറയ്ക്കൽ കലാപം' കീഴ്ജാതിക്കാരികളെ ലൈംഗിക അടിമകളായി നിലനിർത്തുന്നതിനെതിരെയുള്ള പൊട്ടിത്തെറിയായിരുന്നുവെന്ന് പലരും പറഞ്ഞിട്ടുണ്ട്. 1822 മുതൽ 1860കൾ വരെയുണ്ടായ ലഹളകളിൽ കുപ്പായം ധരിച്ച ചാന്നാർസ്ത്രീകൾ ആക്രമണവിധേയകളായിയെന്നത് വാസ്തവംതന്നെ - അവരുടെ മേൽവസ്ത്രത്തെ ബലപ്രയോഗത്തിലൂടെ അഴിച്ചുനീക്കാനാണ് ഉന്നതജാതിക്കാരായ അക്രമികൾ ശ്രമിച്ചത്. പക്ഷേ, കേരളത്തിലെ സ്ത്രീകൾ പണ്ടുകാലത്ത് മാറുമറയ്ക്കാതിരുന്നത് അവർ മേൽജാതിക്കാരുടെ ലൈംഗിക അടിമകളായിരുന്നതുകൊണ്ടാണെന്ന വാദം ശരിയാണോ? പുനഃപരിശോധിക്കേണ്ട കാര്യമാണിത്. കീഴ്ജാതിസ്ത്രീകളെ ഉന്നതജാതിക്കാരായ പുരുഷന്മാർ ലൈംഗിക ചൂഷണത്തിനു വിധേയരാക്കിയിരുന്നുവെന്നത് നേരുതന്നെ. എന്നാൽ മാറുമറയ്ക്കാത്ത വസ്ത്രധാരണം ഈ ചൂഷണത്തിന്റെ ഭാഗമായിരുന്നോ? അല്ലെന്നു സൂചിപ്പിക്കുന്ന തെളിവുകൾ കുറവല്ല. കേരളത്തിൽ മുസ്ലിം, സുറിയാനി ക്രിസ്തീയവിഭാഗങ്ങളിൽപ്പെട്ട സ്ത്രീകൾ പണ്ടുമുതൽക്കേ കുപ്പായം ധരിച്ചിരുന്നുവെന്നത് വസ്തുതയാണ്. എന്നാൽ ശരീരത്തെക്കുറിച്ചുള്ള 'പാപബോധം' ഉള്ളതുകൊണ്ടോ അല്ലെങ്കിൽ ലൈംഗിക അടിമത്തം ഇല്ലാത്തതുകൊണ്ടോ മാത്രമല്ല അവർ മാറുമറച്ചിരുന്നത്. യഥാർത്ഥത്തിൽ മാറുമറയ്ക്കൽ കാര്യത്തിൽ അത്രവലിയ കടുംപിടിത്തമൊന്നും ക്രിസ്തീയ സ്ത്രീകൾക്കുണ്ടായിരുന്നില്ലെന്ന് സൂചിപ്പിക്കുന്ന തെളിവുകളുമുണ്ട്. 19-ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ തിരുവിതാംകൂർ ബ്രിട്ടിഷിനു കീഴ്‌പ്പെട്ടയുടൻ ഇവിടത്തെ പ്രകൃതിവിഭവങ്ങളെക്കുറിച്ചും ജനങ്ങളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ശേഖരിക്കാനായി ബ്രിട്ടിഷ് അധികാരികൾ വാർഡ്, കോണർ എന്നീ രണ്ടു ബ്രിട്ടിഷുകാരെക്കൊണ്ട് ഇവിടെ ഒരു സർവ്വേ നടത്തിയിരുന്നു. ഇവിടത്തെ സുറിയാനി സ്ത്രീകൾ കുപ്പായം ധരിക്കുമെങ്കിലും ഇടയ്ക്കും മുറയ്ക്കുമൊക്കെ അതു മാറ്റിവയ്ക്കാനും മറ്റു സ്ത്രീകളെപ്പോലെ നടക്കാനും അവർക്കു മടിയില്ലെന്നും ഇവർ തങ്ങളുടെ റിപ്പോർട്ടിൽ നിരീക്ഷിച്ചിരുന്നു!
തന്നെയുമല്ല, മേൽജാതിയിൽപ്പെട്ട ഏതൊരു വ്യക്തിയുടെയും മുന്നിൽ കീഴ്ജാതിയിൽപ്പെട്ടവർ - പുരുഷനായാലും സ്ത്രീയായാലും - മേൽവസ്ത്രം മാറ്റിപ്പിടിച്ച് വന്ദിച്ചുനിൽക്കണമെന്നായിരുന്നു നിയമം - അതായത് സ്ത്രീകൾക്കുമാത്രം ബാധകമായ നിയമമല്ലായിരുന്നു ഇത്. 1717 മുതൽ 1723 വരെ കൊച്ചിയിൽ താമസിച്ചിരുന്ന ജേക്കബ്‌സ് കാന്റർ വിസ്ചർ (Jacobus Canter Visscher) അന്നത്തെ കൊച്ചീരാജസദസ്സിനെക്കുറിച്ച് ഇങ്ങനെ എഴുതി:
......കൊച്ചീരാജാവിന്റെ സാമന്തർ (മങ്ങാട്, പുറക്കാട് മുതലായവ) അദ്ദേഹത്തോട് ബഹുമാനം പ്രകടിപ്പിക്കണം; അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിൽ അവർ മേൽവസ്ത്രമഴിക്കണം; മേൽവസ്ത്രം ധരിക്കാൻ അദ്ദേഹം അനുവദിക്കുംവരെ അവർ നഗ്നങ്ങളായ ചുമലുകളോടെ അങ്ങനെ നിൽക്കണം... സ്ത്രീകളും പുരുഷന്മാരെപ്പോലെതന്നെയാണ് നമസ്‌ക്കരിക്കുന്നത് - മേൽമുണ്ട് താഴേയ്ക്കിട്ട്, കൈകൾ മുന്നിൽ കെട്ടിവച്ചുകൊണ്ട്. (കെ.പി. പത്മനാഭമേനോൻ, History of Kerala, വാല്യം 2, New Delhi, (1929), 1984, പുറം 30)
ഇതേ പുസ്തകത്തിൽ മറ്റൊരിടത്ത് പത്മനാഭമേനോൻ കുറേക്കൂടി സമീപമായകാലത്ത് - 20-ാം നൂറ്റാണ്ടിന്റെ ആദ്യവർഷങ്ങളിൽ - കൊച്ചിയിൽ നടന്ന ഒരു സംഭവവും വിവരിക്കുന്നുണ്ട്. തൃപ്പൂണിത്തുറ പൂർണ്ണത്രയീശക്ഷേത്രത്തിൽ കൊച്ചീക്കോവിലകത്തെ ഒരു തമ്പുരാട്ടി ദർശനത്തിനായി എത്തിയ വേളയിൽ ബ്ലൗസ് ധരിച്ച ഒരു നായർ യുവതി അവരുടെ മുന്നിലൂടെ കടന്നുപോയതിനെച്ചൊല്ലിയുണ്ടായ കോലാഹലത്തെ അദ്ദേഹം വർണ്ണിക്കുന്നുണ്ട്. മേൽവസ്ത്രം അഴിച്ച് തമ്പുരാട്ടിയോടുള്ള ബഹുമാനം പ്രദർശിപ്പിക്കണമെന്ന് രാജഭടന്മാർ യുവതിയോട് ആവശ്യപ്പെട്ടെങ്കിലും അവർ അതിനു വഴങ്ങിയില്ല. ഭടന്മാർ ബലപ്രയോഗത്തിലൂടെ യുവതിയുടെ വസ്ത്രമഴിച്ചു - ഇതിനെക്കുറിച്ച് യുവതിയുടെ കുടുംബക്കാരണവർ മഹാരാജാവിനു പരാതി നൽകിയെങ്കിലും മറുപടിയൊന്നും ലഭിച്ചില്ലത്രെ! ഇതുകൂടാതെ ആറ്റിങ്ങൽ റാണിയുടെ മുന്നിൽ കുപ്പായം ധരിച്ചെത്തിയ നാട്ടുകാരിയായ സ്ത്രീയുടെ മുലകൾ മുറിച്ചുകളയാൻ ഉത്തരവുണ്ടായിയെന്ന് അക്കാലത്തെ ഒരു നിരീക്ഷകൻ രേഖപ്പെടുത്തിയതും മേനോൻ ഉദ്ധരിക്കുന്നുണ്ട്. പുരുഷന്മാരും സ്ത്രീകളും ഒരുപോലെ മേൽവസ്ത്രം ധരിക്കാത്തവരായിരുന്നെന്നും ഇക്കാര്യത്തിൽ മഹാരാജാവും ഏറ്റവും എളിയ സേവകനും ഒരുപോലെയായിരുന്നെന്നും വെളിവാക്കുന്ന നിരവധി രേഖകൾ മേനോൻ ഹാജരാക്കുന്നുണ്ട്. സ്ത്രീയുടെയും പുരുഷന്റെയും നഗ്നമായ മാറിടം വെറും സാധാരണ കാഴ്ചയായിരുന്നുവെന്ന് സാരം - ഇന്ന് നാം കൈകാലുകളെ കാണുന്നതുപോലെ. അക്കാലത്ത് കേരളത്തിലെത്തിയ യൂറോപ്യൻ നിരീക്ഷകരിലൊരാളായിരുന്ന ജോൺ ഹെന്റി ഗ്രോസ് (John Henry Grose) ഇപ്രകാരമെഴുതി: 'ഈ രാജ്യത്തെ സ്ത്രീകൾക്ക് മാറിടത്തിന്റെ ഒരുഭാഗവും മറയ്ക്കാൻ അനുവാദമില്ല; അതു നഗ്നമായി വയ്ക്കുന്നതിൽ എന്തെങ്കിലും കുറച്ചിലുണ്ടെന്ന് അവർ കരുതുന്നുമില്ല; ആ തോന്നൽതന്നെ ഈ കാഴ്ച പഴകുന്തോറും ഇല്ലാതാവുകയും ചെയ്യും. മിക്ക യൂറോപ്യന്മാർക്കും ആദ്യത്തെ കാഴ്ചയിൽ പ്രലോഭനം തോന്നും. (പക്ഷേ) വളരെ പെട്ടെന്നുതന്നെ ആ തോന്നൽ അവസാനിക്കും; ഇവിടത്തുകാരെപ്പോലെ അവരും ഇതിനെപ്പറ്റി അധികമൊന്നും വികാരംകൊള്ളാതെയാകും. അല്ലെങ്കിൽ ഈ ശരീരഭാഗങ്ങളെ മുഖം, കൈകാലുകൾ മുതലായവയെപ്പോലെ കണ്ടുതുടങ്ങും'.
(പത്മനാഭമേനോൻ ഉദ്ധരിച്ചത്, History of Kerala വാല്യം 3, 1984, പുറം 201-2)
മാത്രമല്ല, മാറുമറയ്ക്കുന്ന സ്ത്രീകൾ അഭിസാരികമാരാണെന്ന വിശ്വാസംപോലുമുണ്ടായിരുന്നു! എലിക് റെക്ലസ് (Elic Reclus) എന്ന ബ്രിട്ടീഷുകാരൻ 19-ാം നൂറ്റാണ്ടിൽ തലശ്ശേരിയിൽ പരിചയപ്പെട്ട തീയ്യവനിതകളെക്കുറിച്ച് പറഞ്ഞത് ശ്രദ്ധിക്കുക:
'ഈ സ്ത്രീകൾ എത്രതന്നെ അടക്കമൊതുക്കവും ഔചിത്യവുമുള്ളവരായാലും ശരി, അരയ്ക്കുമുകളിൽ യാതൊരു വസ്ത്രവും ധരിക്കില്ല: മാറുമറയ്ക്കാൻ ഞങ്ങൾ വേശ്യകളല്ല, അവർ പറയും. ഇവരെ ആയമാരായി വീട്ടിൽ നിയമിച്ച ഇംഗ്ലീഷ് വനിതകൾ ബ്രിട്ടീഷ് മാന്യതയുടെ പേരിൽ മാർക്കച്ചയെങ്കിലും ധരിക്കാൻ ഇവരെ പ്രേരിപ്പിക്കാറുണ്ട്; പക്ഷേ, ഓരോതവണയും വാശിയേറിയ എതിർപ്പിനെയാണ് അവർ നേരിടുന്നത്. (ഇംഗ്ലീഷ് സ്ത്രീകളോട്) പെരുവഴിയിലൂടെ നഗ്നരായി നടക്കണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടാൽ അവർ ഏതുവാശിയോടെ എതിർക്കുമോ, അതേ വാശിയാണ് (തീയ്യസ്ത്രീകൾ മേൽവസ്ത്രത്തിനെതിരെ) പ്രദർശിപ്പിക്കുന്നത്'.
(പത്മനാഭമേനോൻ, History of Kerala വാല്യം 3, 1984, പുറം 201.)
കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ?
ജെ. ദേവിക
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
2015, വില: 300 രൂപ