കൂളിമാട് പാലം തകരാൻ കാരണം ഹൈഡ്രോളിക് ജാക്കിയുടെ തകരാറെന്ന് മന്ത്രി മുഹമ്മദ് റിയാസ് സഭയിൽ; മന്ത്രിക്ക് വീഴ്ചയെന്ന് പ്രതിപക്ഷം; ഉദ്യോഗസ്ഥർ നിർമ്മാണ സ്ഥലങ്ങളിൽ ഉണ്ടെന്നു ഉറപ്പാക്കാൻ നൂതന സാങ്കേതിക വിദ്യ ആലോചനയിലെന്നും മന്ത്രി
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: കൂളിമാട് പാലം തകർന്ന സാഹചര്യം സഭയിൽ വിവരിച്ചു പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഹൈഡ്രോളിക് ജാക്കിയുടെ അപാകതയാണ് കൂളിമാട് പാലം തകരാൻ കാരണമെന്ന് റിയാസ് പറഞ്ഞു. നിയമസഭയിൽ മറുപടി നൽകുകയായിരുന്നു മന്ത്രി. ഹൈഡ്രോളിക് ജാക്കിക്ക് ഉണ്ടായ തകരാറാണ് പ്രശ്നമെന്ന് എൻ ഐ ടിയുടെ റിപ്പോർട്ടും ഉണ്ടെന്ന് മന്ത്രി സഭയെ അറിയിച്ചു. അതേസമയം ജീവനക്കാർക്ക് നൈപുണ്യം ഉണ്ടായിരുന്നു . ഗുണനിലവാര പരിശിധനാ ഫലവും തൃപ്തികരം ആണെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു.
എന്നാൽ പാലത്തിനുണ്ടായ തകരാർ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. എൻജിനീയറോടും അസിസ്റ്റന്റ് എൻജിനീയറോടും വിശദീകരണം തേടി. അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ അവധിയിൽ പോയപ്പോൾ പകരം ആളെ ചുമതല ഏല്പിച്ചില്ല. ഉദ്യോഗസ്ഥർ നിർമ്മാണ സ്ഥലങ്ങളിൽ ഉണ്ടെന്നു ഉറപ്പാക്കാൻ നൂതന സാങ്കേതിക വിദ്യാ ആലോചനയിൽ ഉണ്ടെന്നും മന്ത്രി സഭയെ അറിയിച്ചു. സംഭവത്തെ കുറിച്ച് വിശദ അന്വേഷണം നടത്തി. വിജിലൻസ് റിപ്പോർട്ടിൽ നടപടികൾക്ക് നിർദ്ദേശം നൽകിയെന്നും മന്ത്രി പറഞ്ഞു.
അതേസമയം പൊതുമരാമത്ത് മന്ത്രിക്ക് വീഴ്പറ്റിയെന്ന് പ്രതിപക്ഷം ആരോപിച്ചു. കൂളിമാട് പാലം തകർച്ചയെ കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണം എന്നു റോജി ജോൺ എം എൽ എ ആവശ്യപ്പെട്ടു. എന്നാൽ പാലാരിവട്ടം പാലം പോലെ അല്ല കൂളിമാട് പാലം എന്നു മന്ത്രി പറഞ്ഞു. പാലാരിവട്ടം പാലം നിർമ്മാണ കമ്പനിയെ തന്നെ കരിമ്പട്ടികയിൽ പെടുത്താൻ നിർദ്ദേശം നൽകിയെന്ന് മന്ത്രി പറഞ്ഞു. പ്രതിപക്ഷ അംഗങ്ങളുടെ മണ്ഡലത്തിലും പാലങ്ങൾ നിർമ്മാണത്തിൽ തകരാർ സംഭവിച്ചിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.
പാലത്തിന്റെ നിർമ്മാണ കരാർ ഉള്ള ഊരാളുങ്കലിനെ രക്ഷിക്കാനാണ് സർക്കാർ ശ്രമമെന്നാണ് പ്രതിപക്ഷ ആരോപണം. എന്നാൽ ആര് തെറ്റ് ചെയ്താലും അതിനെ തെറ്റെന്ന് തന്നെ പറയുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ബർമുഡ ഇട്ടാൽ ബർമുഡ ഇട്ടു എന്ന് തന്നെ പറയും അല്ലാതെ പാന്റ് എന്ന് പറയില്ലഏതെങ്കിലും ഒരു പ്രത്യേക കമ്പിനിയോട് പ്രത്യേക മമതയോ വിദ്വേഷമോ സർക്കാരിനില്ല.പ്രതിപക്ഷ എം എൽ എ മാർ തന്നെ ഊരാളുങ്കൽ കമ്പനിയെ നിയോഗിക്കണം എന്ന് കത്ത് നൽകിയിട്ടുണ്ട്. അത് നല്ല നിലയിൽ പ്രവർത്തിക്കുന്ന കമ്പനിയാണെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു
മറുനാടന് മലയാളി ബ്യൂറോ