ന്യൂഡൽഹി: ബിജെപിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച ആം ആദ്മി പാർട്ടിയുടെ ശൗര്യമെല്ലാം ചോർന്നുപോയോ? ആം ആദ്മിയുടെ നേതൃത്വത്തിന്റെ നിലപാടുകൾ അത്തരമൊരു സംശയത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഡൽഹിയിൽ അധികാരത്തിലേറാൻ ബിജെപി വഴിവിട്ട മാർഗങ്ങൾ ഉപയോഗിക്കുന്നുവെന്നും അതിനെ നഖശിഖാന്തം എതിർക്കുമെന്നും പാർട്ടി നേതാവ് അരവിന്ദ് കെജരീവാൾ പറയുമ്പോൾ, മറ്റൊരു നേതാവായ കുമാർ ബിശ്വാസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ചു സംസാരിക്കുന്നു.

മന്മോഹൻ സിങ്ങിനെക്കാൾ വളരെ മികച്ച പ്രധാനമന്ത്രിയാണ് മോദിയെന്നാണ് കുമാർ ബിശ്വാസിന്റെ നിരീക്ഷണം. മോദിയുടെ കാശ്മീർ, ജപ്പാൻ സന്ദർശനങ്ങളെ പ്രതീർത്തിക്കാനും ബിശ്വാസ് മറന്നില്ല. ഡൽഹിയിൽ ഭരണം ഉപേക്ഷിക്കാനുള്ള ആം ആദ്മി പാർട്ടിയുടെ തീരുമാനത്തെയും നേതാവ് എതിർക്കുന്നുണ്ട്. കാര്യമായ ആലോചനകളൊന്നും കൂടാതെയാണ് ഭരണം വിട്ടുകൊടുത്തത്. ആ തീരുമാനത്തിന് ജനങ്ങളോട് ഉത്തരം പറയേണ്ടിവരും.

തന്റെ എംഎൽഎമാരെ ചാക്കിട്ടുപിടിക്കാൻ ബിജെപി നടത്തുന്ന ശ്രമങ്ങളാണ് കെജരീവാളിനെ ചൊടിപ്പിക്കുന്നത്. 15 ആപ്പ് എംഎൽഎമാരുമായി ബിജെപി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇതിന്റെയൊക്കെ ഒളിക്യാമറാ ദൃശ്യങ്ങൾ തന്റെ പക്കലുണ്ടെന്നും കെജരീവാൾ പറയുന്നു. സർക്കാരുണ്ടാക്കാൻ ബിജെപിയെ ക്ഷണിച്ച ഡൽഹി ലെഫ്റ്റനന്റ് ഗവർണർ നജീബ് ജുങ്ങിന്റെ തീരുമാനത്തെയും അദ്ദേഹം വിമർഷിക്കുന്നു. ഡൽഹിയിൽ നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്തുന്നത് ഉചിതമാകില്ലെന്നും ജനപ്രിയ സർക്കാർ രൂപവൽക്കരിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തണമെന്നും ജുങ് രാഷ്ട്രപതിക്കയച്ച കത്തിൽ ആവശ്യപ്പെട്ടിരുന്നു. ഈ കത്തും ആം ആദ്മി പാർട്ടി മാദ്ധ്യമങ്ങൾക്ക് നൽകി.

തന്റെ പാർട്ടിക്കാരനായ എംഎൽഎയെ സ്വാധീനിക്കാൻ ബിജെപി നേതാവ് പണം വാഗ്ദാനം ചെയ്യുന്ന ദൃശ്യങ്ങളടങ്ങിയ സിഡി രാഷ്ട്രപതിക്ക് കൈമാറാൻ തയ്യാറാണെന്ന് കെജരീവാൾ പറഞ്ഞു. ഭരണത്തിലേറാൻ എന്തും ചെയ്യുന്ന ബിജെപിയെ തുറന്നുകാട്ടാൻ ഈ വീഡിയോയുമായി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുമെന്ന് കെജരീവാൾ പറഞ്ഞു. പുതിയ തിരഞ്ഞെടുപ്പല്ലാതെ ഡൽഹിയിൽ സർക്കാരുണ്ടാക്കാൻ വേറെ മാർഗമില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കെജരീവാൾ.