- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബൈക്കിൽ വീട്ടിലേക്ക് വരുമ്പോൾ വഴിയിൽ തടഞ്ഞു നിർത്തി അക്രമം; രാത്രി വൈകിയിട്ടും വീട്ടിൽ എത്താത്ത് തിരക്കി ഇറങ്ങിയവർ കണ്ടത് രക്തത്തിൽ കുളിച്ചു കിടക്കുന്ന ഭഗവതിപ്രസാദം എണ്ണമില്ലിൽ ജോലിക്കാരനെ; പ്രധാന പ്രതിയായ ശ്രീകുമാറിനെ പൊലീസ് പൊക്കിയതോടെ കൂട്ടു പ്രതികൾ മരകൊമ്പിൽ കെട്ടിത്തൂങ്ങി ജീവനൊടുക്കി; ഹരീഷിനെ വെട്ടിക്കൊന്നത് വ്യക്തിവൈരാഗ്യം കാരണം; രോഷന്റേയും മണിയുടെ മരണത്തിൽ ദുരൂഹത നീക്കാൻ അന്വേഷണം; കുമ്പളയെ നടുക്കി കൊലപാതകവും ആത്മഹത്യകളും
കുമ്പള: എണ്ണമിൽ തൊഴിലാളിയെ വഴിയരികിൽ വെട്ടേറ്റ് മരിച്ച് മണിക്കൂറുകൾക്കുശേഷം സംഭവത്തിൽ മുഖ്യപ്രതിയായ യുവാവിന്റെ രണ്ട് സുഹൃത്തുക്കളെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. തൂങ്ങിമരിച്ചവർക്കും കൊലപാതകവുമായി ബന്ധമുണ്ടെന്നാണ് സൂചന. പ്രതിയുടെ സുഹൃത്തുക്കളുടെ മരണത്തിലും പൊലീസ് അന്വേഷണം നടത്തും.
നായ്ക്കാപ്പ് മുജങ്കാവ് സുന്നാഗുലി റോഡിലെ പരേതനായ മാധവയുടെയും ഷീലയുടെയും മകൻ ഹരീഷിനെ (38) ആണ് തിങ്കളാഴ്ച അർധരാത്രിയിൽ വെട്ടേറ്റ് മരിച്ചത്. കുമ്പള കുണ്ടങ്കാറടുക്ക എസ്.ടി. കോളനിയിലെ കൂലിത്തൊഴിലാളികളായ രോഷൻ (20), മണി (20) എന്നിവരെയാണ് ചൊവ്വാഴ്ച സന്ധ്യയ്ക്ക് ആറരയോടെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ വീട്ടിൽനിന്ന് രണ്ട് കിലോമീറ്റർ അകലെ കൃഷ്ണനഗർ കെ.ഡി. മൂലയിലെ കാട്ടിൽ രണ്ട് മരങ്ങളിലായി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഹരീഷിനെ വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതിയായ ശാന്തിപ്പള്ളത്തെ ശ്രീകുമാറിന്റെ സുഹൃത്തുക്കളാണിവർ. മിൽ ഉടമയുടെ ഡ്രൈവറാണ് ശ്രീകുമാർ. ശ്രീകുമാറിനെ ചൊവ്വാഴ്ച രാത്രി വൈകി പൊലീസ് കസ്റ്റഡിയിലടുത്തു. വ്യക്തിവൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് സൂചന. 15 വർഷമായി സൂരംബയലിൽ ഭഗവതിപ്രസാദം എണ്ണമില്ലിൽ ജോലിക്കാരനായിരുന്നു കൊല്ലപ്പെട്ട ഹരീഷ്. പതിവായി നേരത്തെ വീട്ടിലെത്തിയിരുന്ന ഹരീഷ് തിങ്കളാഴ്ച രാത്രി ജോലി കഴിഞ്ഞെത്താൻ വൈകി. ഇതോടെ വീട്ടുകാർ അന്വേഷിച്ച് ഇറങ്ങി.
കുടുംബാംഗങ്ങൾ മൊബൈൽഫോണിൽ വിളിച്ചുനോക്കിയിരുന്നുവെങ്കിലും കിട്ടിയില്ല. ഇതോടെയാണ് അന്വേഷണം തുടങ്ങിയത്. സുഹൃത്ത് മില്ലിലേക്ക് അന്വേഷിച്ച് പോയെങ്കിലും കണ്ടെത്തിയില്ല. പിന്നീട് വഴിയാത്രക്കാരാണ് റോഡിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന ഹരീഷിനെ കണ്ടത്. വിവരമറിഞ്ഞ് കുമ്പള പൊലീസ് എത്തി ഹരീഷിനെ സഹകരണ ആശുപത്രിയിലും പിന്നീട് കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചിരുന്നു. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിനുശേഷം ഹരീഷിന്റെ മൃതദേഹം സംസ്കരിച്ചു. അതിനുശേഷമാണ് രണ്ട് യുവാക്കൾ തൂങ്ങിമരിച്ചനിലയിൽ ഉണ്ടെന്ന വിവരം പൊലീസിന് ലഭിക്കുന്നത്.
കേസിലെ മുഖ്യപ്രതി അറസ്റ്റിലായതിന് തൊട്ടുപിന്നാലെയാണ് അയാളുടെ രണ്ട് സുഹൃത്തുക്കളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർക്ക് കൊലപാതകത്തിൽ പങ്കുള്ളതായി സംശയിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു. ബൈക്കിൽ വീട്ടിലേക്ക് വരും വഴി തടഞ്ഞ് നിർത്തിയായിരുന്നു ആക്രമണം. ഹരീഷിന്റെ തലയിലും കഴുത്തിലും ആഴത്തിൽ വെട്ടേറ്റിട്ടുണ്ട്. ശരീരത്തിൽ പത്തിലേറെ വെട്ടുകളേറ്റെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്. അന്വേഷണം തങ്ങളിലേക്ക് എത്തുമെന്ന ഭയത്തിൽ യുവാക്കൾ ആത്മഹത്യ ചെയ്തെന്നാണ് സൂചന. ഇന്നലെ രാത്രി മുഖ്യപ്രതി ശ്രീകുമാറിനൊപ്പം രണ്ടുപേരും കാറിൽ സഞ്ചരിച്ചതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്.
ഹരീഷ് കൊല്ലപ്പെട്ട സ്ഥലത്ത് നിന്ന് ഒരു കത്തി കണ്ടെടുത്തിട്ടുണ്ട് . ഇതിൽ രക്തക്കറയുണ്ട്. എന്നാൽ മുറിവുകൾ പരിശോധിച്ചതിൽ നിന്ന് കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം കത്തിയല്ലെന്നാണ് പൊലീസ് കണ്ടെത്തൽ. ഇരുപത്തിനാല് മണിക്കൂറിനിടെ ഒരു യുവാവ് കൊല്ലപ്പെടുകയും രണ്ട് പേരെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയും സാഹചര്യത്തിൽ ഊർജ്ജിതമായ അന്വേഷണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പൊലീസും സജീവ ഇടപെടലുകൾ നടത്തുന്നുണ്ട്. ശ്രീകുമാറും തൂങ്ങി മരിച്ച രണ്ടു പേരുമാണ് കൊലയ്ക്ക് പിന്നിലെന്നാണ് സംശയം.
യശ്വന്തിനിയാണ് ഹരീഷിന്റെ ഭാര്യ. സഹോദരങ്ങൾ: മുരളി, അശ്വിനി. കുണ്ടങ്കാറഡുക്കയിലെ ചേതന്റെയും ഗ്ലാഡിസിന്റെയും മകനാണ് രോഷൻ. ആനന്ദയുടെയും പ്രേമയുടെയും മകനാണ് മണി. രണ്ടുപേരുടെയും മൃതദേഹങ്ങൾ കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
മറുനാടന് മലയാളി ബ്യൂറോ