പത്തനംതിട്ട: ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായ ശേഷം കുമ്മനം രാജശേഖരനെ വിവാദങ്ങൾ വിട്ടൊഴിയുന്നില്ല. ക്ഷേത്രങ്ങളും അന്യമതസ്ഥരുടെ കച്ചവട പ്രസ്താവനയിലെ വിവാദം കെട്ടടങ്ങും മുമ്പേ പുതിയ കുരുക്ക്. അടൂരിൽ ഒമ്പതാം ക്‌ളാസ് വിദ്യാർത്ഥികളായ രണ്ട് പെൺകുട്ടികളെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ ഇരകളായ വിദ്യാർത്ഥിനികളുടെ വീട് സന്ദർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ഫേസ്‌ബുക്കിൽ ചിത്രം പോസ്റ്റ് ചെയ്തു. സംഭവം വിവാദമായതോടെ ഈ പോസ്റ്റുകൾ മാറ്റുകയും ചെയ്തു.

ുട്ടികൾക്കെതിരെയുള്ള ലൈംഗികപരമായ അക്രമണങ്ങൾക്കെതിരെ 2012 ൽ നിലവിൽ വന്ന നിയമത്തിലെ സെക്ഷൻ 23(2) പ്രകാരം ഇരയെ പൊതുസമൂഹത്തിന് തിരിച്ചറിയത്തക്കമുള്ള ചിത്രമോ, വിലാസമോ, കുടംബപരമായ വിവരങ്ങളോ, വാർത്തകളോ, പ്രസിദ്ധീകരിക്കരുതെന്നാമ് ചട്ടം. ഇതാണ് ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ കുമ്മനം ലംഘിച്ചതെന്നാണ് പരാതി. പീഡനങ്ങളുമായി ബന്ധപെട്ട് നിരവധി കേസുകളിൽ ഹൈക്കോടതികളടക്കം ഇരകളുടെ വിവരങ്ങൾ മാദ്ധ്യമങ്ങൾ പുറത്ത്‌വിടരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ഇതാണ് വിവാദത്തിന് കാരണമാകുന്നത്.

ബീച്ച് കാണിക്കാനെന്നു പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യപെട്ട ശൂരനാട് സ്വദേശിനിയുടെ വീട് സന്ദർശിച്ചാണ് കുമ്മനം രാജശേഖരൻ തന്റെ ഫേസ്‌ബുക്കിൽ ചിത്രം പോസ്റ്റ് ചെയ്തത്. 'കെട്ടിയിട്ടുള്ള പീഡനത്തിന് ഇരയായ ദളിത് പെൺകുട്ടികളിൽ ഒരാളായ ശൂരനാട് സ്വദേശിനിയുടെ വീട് സന്ദർശിക്കുന്നു'. എന്ന കുറിപ്പോടെ രണ്ട് ചിത്രങ്ങളാണ് കുമ്മനം പോസ്റ്റ് ചെയ്തത്. സംഭവത്തിൽ യൂത്ത കോൺഗ്രസ് കുലശേഖരപുരം മണ്ഡലം സെക്രട്ടറിയും വാർഡ് പ്രസിഡന്റുമടക്കംപതിനൊന്ന് പേർ അറസ്റ്റിലായിരുന്നു. ഇടത് പക്ഷ പ്രവർത്തകരും കേസിൽ പ്രതിയാണ്.

ഈ സാഹചര്യത്തിലാണ് കുമ്മനം പെൺകുട്ടിയുടെ വീട് സന്ദർശിച്ചത്. കൊല്ലം ജില്ലയുടെ വിവധ ഇടങ്ങളിലെ സ്വീകരണത്തിന് ശേഷമായിരുന്നു യാത്ര. കുട്ടിയുടെ വീട്ടിൽ നിന്ന് കുമ്മനം ഇറങ്ങിയ ഉടൻ തന്നെ ഫെയ്‌സ് ബുക്കിൽ ഫോട്ടോയുമെത്തി. ഇതിനിടെയിൽ പിണറായി വിജയൻ ഉയർത്തിയ രാഷ്ട്രീയ ആക്രമണത്തിന് ഫേസ്‌ബുക്കിൽ പോസ്റ്റും വന്നു. ഇതിനിടെയാണ് പെൺകുട്ടികളുടെ വീട്ടിലെ ഫോട്ടോ മാദ്ധ്യമ ശ്രദ്ധയിലെത്തിയത്. സംഭവം വിവാദമായതോടെ രാത്രിയോ പോസ്റ്റ് അപ്രത്യക്ഷമാവുകയും ചെയ്തു.

ഫോൺ വഴി പരിചയപ്പെട്ട കുട്ടികളെ ഡിസംബർ മാസം നാലിന് അഴീക്കൽ ബീച്ചിൽ കൊണ്ടുപോകാമെന്ന് പറഞ്ഞാണ് കടമ്പനാട് ജങ്ഷനിൽനിന്ന് കൂട്ടിക്കൊണ്ടുപോയി ചുരിദാറിന്റെ ഷാൾ ഉപയോഗിച്ച് കൈകൾ കട്ടിലിൽ കെട്ടിയിട്ട് പീഡിപ്പിച്ചത്. ഈ പെൺകുട്ടികളുടെ വിശദാംശങ്ങൾ വ്യക്തമാകും വിധം പോസ്റ്റിട്ടതിൽ കുമ്മനത്തിനെതിരെ നിയമനടപടിയുണ്ടാകാൻ സാധ്യതയുണ്ട്. പൊലീസിനെ ഇതു സംബന്ധിച്ച പരാതി നൽകുന്നതിനെ കുറിച്ച് വിവധ കേന്ദ്രങ്ങൾ ആലോചയിലാണ്. സിപിഐ(എം) നേതൃത്വവും സാധ്യതകൾ ആരായുന്നുണ്ട്.

അശ്രദ്ധമൂലം വന്ന പിഴവായാണ് ഇതിനെ ബിജെപി കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നത്. പിഴവ് മനസ്സിലായപ്പോൾ തന്നെ തെറ്റ് തിരുത്തിയെന്നും അവർ പറയുന്നു.