തിരുവനന്തപുരം: നേമത്തെ ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരന്റെ സത്യവാങ്മൂലം നിറയെ ഒരു വാക്കേ ഉള്ളൂ. കോളങ്ങളിൽ നിറഞ്ഞ്'ഇല്ല' എന്ന് വാക്ക് മാത്രം. സംഭവം ഇതിനകം സോഷ്യൽമീഡിയയിൽ വൈറലായി. സ്വന്തമായി വീട് ഇല്ല, സ്വന്തമായി വാഹനം ഇല്ല, ഏതെങ്കിലും വ്യക്തിയിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ വായ്പ സ്വീകരിക്കുകയോ കടം കൊടുക്കാനോ ഇല്ല, ബാധ്യതകൾ ഇല്ല, ജീവിത പങ്കാളി ഇല്ല, ഇൻഷൂറൻസ് കമ്പനികളിലോ ബാങ്കിലോ നിക്ഷേപങ്ങൾ ഇല്ല, സ്വർണാഭരണങ്ങളോ മറ്റ് വിലപ്പിടിപ്പുള്ള വസ്തുക്കളോ ഇല്ല തുടങ്ങി ഇല്ലായ്മയുടെ ഒരു നീണ്ട നിര. ഇത് ചർച്ചയാക്കുകയാണ് സോഷ്യൽ മീഡിയയിൽ ബിജെപിക്കാർ.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഏഴര ലക്ഷം രൂപയുടെ വീടും മറ്റും സോഷ്യൽ മീഡിയയിൽ വലിയ ട്രോളുകളായി മാറിയുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്വത്ത് പ്രഖ്യാപനവും തമാശ ചർച്ചകൾക്ക് വഴിമാറി. ഇതിനിടെയാണ് കുമ്മനത്തിന്റെ ഇല്ലായ്മ ചർച്ചയാകുന്നത്. പാർട്ടി പദവി വഹിച്ചാൽ പോലും ലക്ഷങ്ങൾ സമ്പാദിക്കുന്ന രാഷ്ട്രീയക്കാർക്കിടയിൽ തികഞ്ഞ അപവാദമായി മാറുകയാണ് കുമ്മനം രാജശേഖരൻ എന്നാണ് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്.

ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ ജോലി, പത്രപ്രവർത്തകൻ, ലക്ഷങ്ങൾ ശമ്പളമുള്ള മിസോറാം ഗവർണർ പദവി, ഇതെല്ലാം വഹിച്ച ഒരാളുടെ സത്യവാങ്മൂലത്തിൽ 'ഇല്ല'കളുടെ കളി കണ്ട് അമ്പരക്കുകയാണ് മലയാളികൾ. സ്വന്തമായി വീടില്ലാത്ത കുമ്മനം മേൽവിലാസമായി ബിജെപി സംസ്ഥാന ഓഫീസിന്റെ മേൽവിലാസമാണ് നൽകിയിരിക്കുന്നത്. മിസോറാം ഗവർണറായിരിക്കെ നൽകിയ മുഴുവൻ ശമ്പളവും സേവനപ്രവർത്തനങ്ങൾക്ക് നൽകിയെന്നാണ് കുമ്മനത്തിന്റെ വിശദീകരണം. കുമ്മനം രാജശേഖരന്റെ കൈവശം ആകെ ആയിരം രൂപയാണുള്ളത്. രണ്ട് ബാങ്ക് അക്കൗണ്ടിലായി 46,584 രൂപയുമുണ്ട്. ഇതിന് പുറമേ ജന്മഭൂമി പത്രത്തിൽ 5000 രൂപയുടെ ഓഹരിയുമുണ്ട്.

നാല് പതിറ്റാണ്ടുകൾക്ക് മുൻപ് ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിലെ ജോലി രാജിവച്ചാണ് കുമ്മനം ആർ എസ് എസിന്റെ പ്രചാരകനായത്. ഹിന്ദു മുന്നണി സ്ഥാനാർത്ഥിയായി മുൻപ് തിരുവനന്തപുരത്ത് മത്സരിച്ചിട്ടുള്ള കുമ്മനം കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ കടുത്ത മത്സരമാണ് കാഴ്‌ച്ച വച്ചത്. 2016 ൽ വട്ടിയൂർക്കാവ് നിയേജക മണ്ഡലത്തിലും യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരന്റെ എതിരാളിയായിരുന്നു. അന്ന് തോറ്റത് നല്ല മത്സരം നടത്തിയാണ്. രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു. പിന്നീട് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലും മത്സരിച്ചു. മുതിർന്ന ബിജെപി നേതാവും നേമം എംഎൽഎയുമായ ഒ രാജഗോപാലിനെ തള്ളി ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ.

കുമ്മനം രാജശേഖരന് തെരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള തുക നൽകി ശബരിമലയിലെ വനവാസി സമൂഹമാണ്. നേമം നിയോജക മണ്ഡലത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് കാര്യാലയം കൈമനത്ത് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് ശബരിമലയിലെ അട്ടത്തോട് ആദിവാസി മൂപ്പൻ വി.കെ. നാരായണന്റെ നേതൃത്വത്തിൽ കുമ്മനം രാജശേഖരന് കെട്ടി വയ്ക്കാനുള്ള തുക നൽകിയത്. പരമ്പരാഗത ആദിവാസി ആചാരപ്രകാരം തുമ്പിലയിൽ വെറ്റയും പാക്കും പുകയിലയും ഉൾപ്പെടെയാണ് തുക നൽകിയത്. ഒരു തട്ടത്തിൽ പഴവർഗങ്ങളും വസ്ത്രങ്ങളും കുമ്മനം രാജശേഖരൻ ആദിവാസി മൂപ്പന് സമ്മാനിച്ചു.

മിസോറാം ഗവർണറായിരിക്കെ ലഭിച്ച ശമ്പളം മുഴുവനും ബാലാശ്രമങ്ങൾക്കും സേവന പ്രവർത്തനങ്ങൾക്കും നൽകിയ കുമ്മനം രാജശേഖരൻ കാലാവധി പൂർത്തിയാക്കുന്നതിനു മുൻപാണ് രാജിവച്ച് വീണ്ടും രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ഇറങ്ങുന്നത്. നാല് പതിറ്റാണ്ടുകൾക്ക് മുൻപ് ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിലെ ജോലി രാജിവച്ചാണ് കുമ്മനം ആർ.എസ്.എസിന്റെ പ്രചാരകനായത്.

ഹിന്ദു മുന്നണി സ്ഥാനാർത്ഥിയായി മുൻപ് തിരുവനന്തപുരത്ത് മത്സരിച്ചിട്ടുള്ള കുമ്മനം കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ കടുത്ത മത്സരമാണ് കാഴ്‌ച്ച വച്ചത്. ഇത്തവണ ജയം മാത്രം ലക്ഷ്യമിട്ടാണ് കുമ്മനം നേമത്ത് നിറയുന്നത്.