- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുമ്മനം ജയിക്കുമെന്ന് ഉറച്ച് വിശ്വസിച്ച് പരിവാറുകാർ; മഞ്ചേശ്വരത്ത് അടിയൊഴുക്കുകളിൽ പ്രതീക്ഷ; ശ്രീധരന്റെ മികവിൽ പാലക്കാട്ടും കണക്കുകൂട്ടൽ; കഴക്കൂട്ടത്ത് ന്യൂനപക്ഷം ചതിക്കുമോ എന്നും ഭയം; തിരുവനന്തപുരത്തും വട്ടിയൂർക്കാവിലും കാട്ടക്കടയിലും മോഹങ്ങൾ; ഫൈവ് പ്ലസ് കിട്ടുമെന്ന പ്രതീക്ഷയിൽ ബിജെപി; അക്കൗണ്ട് പൂട്ടിച്ചെന്ന വിശ്വാസത്തിൽ ഇടതും വലതും
തിരുവനന്തപുരം: നേമത്തും മഞ്ചേശ്വരത്തും പാലക്കാടും ബിജെപി ജയിക്കില്ലെന്നാണ് സിപിഎമ്മും കോൺഗ്രസും വിലയിരുത്തുന്നത്. ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണത്തിലൂടെ നേമത്തും മഞ്ചേശ്വരത്തും പാലക്കാടും പിന്നെ കഴക്കൂട്ടം അടക്കമുള്ള മണ്ഡലങ്ങളിലും ബിജെപിയെ തോൽപ്പിക്കാനാകുമെന്നാണ് വിലയിരുത്തൽ. മഞ്ചേശ്വരത്തും പാലക്കാടും യുഡിഎഫ് തികഞ്ഞ പ്രതീക്ഷയിലാണ്. കഴക്കൂട്ടത്ത് സിപിഎമ്മിനാണ് ജയപ്രതീക്ഷ. നേമത്ത് രണ്ട് കൂട്ടരും വിജയം അവകാശപ്പെടുന്നു. എന്നാൽ ഈ കണക്കൂട്ടൽ തെറ്റുമെന്ന് ബിജെപിയും പറയുന്നു. നേമത്ത് കുമ്മനം രാജശേഖരൻ ജയിക്കുമെന്ന് ഉറപ്പിച്ചു പറയുകയാണ് പരിവാർ കേന്ദ്രങ്ങൾ.
നേമത്ത് ന്യൂനപക്ഷ വോട്ടുകൾ കോൺഗ്രസിനും സിപിഎമ്മിനും വിഭജിച്ചു. മുരളി ഇഫ്കടിൽ കാര്യമായ സ്വാധീനം ഉണ്ടായതുമില്ല. ഉറച്ച ആർഎസ്എസ് വോട്ടുകളിലൂടെ കുമ്മനം ജയിക്കും. നല്ല ഭൂരിപക്ഷവും കിട്ടും. കോൺഗ്രസിന്റെ സംഘടനാ സംവിധാനം ദുർബലമായിരുന്നു. എന്നാൽ മുരളീധരൻ മണ്ഡലത്തെ ഇളക്കി മറിച്ചു. ഇതോടെ ന്യൂനപക്ഷങ്ങളിൽ നല്ലൊരു വിഭാഗം വോട്ടുകൾ ശിവൻകുട്ടിയിൽ നിന്നും കൈപ്പത്തിയിലേക്ക് മാറി. ഇത് കുമ്മനത്തിന്റെ വിജയത്തിൽ നിർണ്ണായകമാകും. ഭൂരിപക്ഷത്തെ സ്വാധീനിക്കാൻ കഴിയുന്ന സംഘടനാ സംവിധാനം നേമത്ത് കോൺഗ്രസിന് ഇല്ലായിരുന്നുവെന്നതും യാഥാർത്ഥ്യമാണ്. സിപിഎമ്മിന്റെ സംഘടനാ സംവിധാനം ശിവൻകുട്ടിക്ക് വേണ്ടി ഉണർന്നു പ്രവർത്തിച്ചെന്നും ബിജെപിക്ക് വിലയിരുത്തലുണ്ട്. അതുകൊണ്ട് തന്നെ അനായാസ വിജയമാണ് ബിജെപി നേമത്ത് പ്രതീക്ഷിക്കുന്നത്.
മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ ജയിക്കേണ്ട സാഹചര്യമുണ്ട്. എന്നാൽ അടിയൊഴുക്കുകൾ എങ്ങനെയാകുമെന്ന് ഉറപ്പില്ല. വിദേശത്തുള്ള എല്ലാവരും മണ്ഡലത്തിൽ എത്തി വോട്ട് ചെയ്തു. സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്നവരെ പോലും വോട്ടിങ് ദിനം മഞ്ചേശ്വരത്ത് എത്തിച്ചു. ഈ സാഹചര്യത്തിൽ പോളിങ് ശതമാനം ഉയർന്നത് ബിജെപി കരുതലോടെയാണ് നോക്കി കാണുന്നത്. കഴിഞ്ഞ തവണ 89 വോട്ടിനായിരുന്നു സുരേന്ദ്രന്റെ തോൽവി. ഇത് മറികടക്കുമെന്നാണ് ബിജെപിയുടെ ഉറച്ച വിശ്വാസം. എന്നാൽ സുരേന്ദ്രൻ മത്സരിക്കുന്ന കോന്നിയിൽ അത്ഭുതങ്ങൾ ജയത്തിനായി വേണമെന്നും ബിജെപി തിരിച്ചറിയുന്നു.
പാലക്കാട്ട് മത്സരിച്ചത് ഇ ശ്രീധരനാണ്. വികസന നായകനായ ശ്രീധരൻ ജയിക്കുമെന്ന പ്രതീക്ഷ ബിജെപിക്കുണ്ട്. എന്നാൽ കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ ഉയർത്തിയത് കടുത്ത വെല്ലുവളിയാണ്. പാലക്കാട് ജില്ലയിൽ മലമ്പുഴയിലും മികച്ച മത്സരമായിരുന്നു. സിപിഎമ്മിന്റെ കോട്ടയിൽ ബിജെപിക്ക് വേണ്ടി മത്സരിച്ച കൃഷ്ണകുമാറിന് അത്ഭുതം കാട്ടാനാകുമോ എന്ന ചോദ്യത്തിന് ആർക്കും വ്യക്തമായ ഉത്തരമില്ല. കഴക്കൂട്ടത്തും അനിശ്ചിതത്വമാണ്. മുസ്ലിം വോട്ടുകളിലാണ് ഭയം. കഴക്കൂട്ടത്ത് മുസ്ലിം വോട്ടുകൾ സിപിഎം സ്ഥാനാർത്ഥിയും മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രന് അനുകൂലമായാൽ ശോഭാ സുരേന്ദ്രന് വിജയിക്കാൻ കഴിയില്ലെന്നാണ് യാഥാർത്ഥ്യം.
പാലക്കാട് ശ്രീധരൻ മികച്ച പ്രതീക്ഷയിലാണ്. പാലക്കാട്ട് കോൺഗ്രസ് വോട്ട് തനിക്ക് ലഭിച്ചെന്ന് ശ്രീധരൻ പറയുന്നു. മുതിർന്ന കോൺഗ്രസ് നേതാക്കളുടെ അടക്കം സഹായം ലഭിച്ചു. മുഖ്യമന്ത്രിയാകാൻ പാർട്ടി പറഞ്ഞാൽ തയാറാകും. പിണറായി വിജയനേക്കാൾ നല്ല മുഖ്യമന്ത്രിയാകുമെന്നും ഇ. ശ്രീധരൻ പറഞ്ഞു. ബിജെപിക്ക് 34 സീറ്റുകൾ വരെ കിട്ടുമെന്നാണ് പ്രതീക്ഷ. മുഖ്യമന്ത്രിയാകണമെന്ന് ബിജെപി ആവശ്യപ്പെട്ടാൽ തയാറാണ്. 34 സീറ്റുമായി എങ്ങനെ ഭരിക്കുമെന്ന് പരിശോധിക്കണം. ആരെയും പ്രേരിപ്പിച്ച് പാർട്ടിയിലേക്ക് കൊണ്ടുവരില്ല. കോൺഗ്രസിൽ നിന്ന് ആർക്കുവേണമെങ്കിലും വരാം. മുഖ്യമന്ത്രിയായാൽ രാഷ്ട്രീയം കളിക്കില്ല. സംസ്ഥാനത്തെ മികച്ച രീതിയിൽ ഭരിക്കും.-ശ്രീധരൻ പറഞ്ഞു.
തിരുവനന്തപുരത്തും വട്ടിയൂർക്കാവിലും മികച്ച മത്സരം നടത്തി. രണ്ടിടത്തും അടിയൊഴുക്കുകളിലാണ് ബിജെപിയുടെ പ്രതീക്ഷ. കാട്ടാക്കടയിലും അതിശക്തമായ മത്സരം കാഴ്ച വച്ചു. നേമത്തിന് പുറമേ തിരുവനന്തപുരം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, കാട്ടാക്കട മണ്ഡലത്തിലും കണക്കൂ കൂട്ടി ജയ സാധ്യത തേടുകയാണ് ഇപ്പോഴും പിരവാറുകാർ. തൃശൂരിൽ സുരേഷ് ഗോപിയും മികച്ച മത്സരം കാഴ്ച വച്ചു. എന്നാൽ ക്രൈസ്തവ വോട്ടുകൾ തൃശൂരിൽ ബിജെപിക്ക് കിട്ടിയില്ലെന്നാണ് വിലയിരുത്തൽ. തൃപ്പുണ്ണിത്തുറയിലും ചാത്തന്നൂരമെല്ലാം അത്ഭുതം പ്രതീക്ഷിക്കുന്ന ബിജെപിക്കാരുണ്ട്. എന്നാൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാനാകില്ലെന്നാണ് സിപിഎമ്മും കോൺഗ്രസും പറയുന്നത്.
ശക്തമായ ത്രികോണമൽസരം പ്രതീക്ഷിച്ച മണ്ഡലങ്ങളിലെല്ലാം പോളിങ് ശതമാനം കുറഞ്ഞത് ജയസാധ്യതയെ ബാധിക്കില്ലെന്ന് ബിജെപി വിലയിരുത്തുന്നു. മഞ്ചേശ്വത്ത് മാത്രമാണ് കഴിഞ്ഞതവണത്തെക്കാൾ നേരിയ തോതിൽ പോളിങ് ഉയർന്നത്. തിരുവനന്തപുരം ജില്ലയിൽ നേമം ഉൾപ്പടെയുള്ള ശക്തികേന്ദ്രങ്ങളിൽ പാർട്ടി വോട്ടുകൾ കിട്ടിയെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. ചില മണ്ഡലങ്ങളിലെങ്കിലും പ്രചാരണത്തിൽ എൽ.ഡി.എഫ് യു.ഡി.എഫ് മുന്നണികളെക്കാൾ മുന്നിലായിരുന്നു ബിജെപി. ശക്തമായ ത്രികോണ മൽസരം സംഭവിച്ച ഇരുപതുമണ്ഡലങ്ങളിൽ പോളിങ് ശതമാനം ഇതനുസരിച്ച് ഉയരുമെന്നായിരുന്നു നിഗമനം.
മറുനാടന് മലയാളി ബ്യൂറോ