തിരുവനന്തപുരം: കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് ക്ഷണിക്കപ്പെട്ടവരുടെ പട്ടികയിലില്ലാതിരുന്നിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം മെട്രോ ട്രെയിനിൽ യാത്ര ചെയ്തതു മുതൽ ട്രോളന്മാരുടെയും രാഷ്ട്രീയ എതിരാളികളുടേയും പരിഹാസത്തിന് നിരന്തരം ഇരയാകുന്ന കുമ്മനം രാജശേഖരൻ ഇതാദ്യമായി തന്നെ ട്രോളുന്നവരോടുള്ള മറുപടി മറുനാടൻ മലയാളിയിലൂടെ പുറത്ത് പറഞ്ഞിരിക്കുകയാണ്. കൃത്യമായും രാഷ്ട്രീയ വിരോധം തന്നെയാണ് വ്യക്തിഹത്യയായി പുറത്ത് വരുന്ന ട്രോളുകളെന്നും ഇത് രാഷ്ട്രീയ മേലാളന്മാരായി സ്വയം കരുതുന്നവരുടെ അസഹിഷ്ണുതയാണെന്നും കുമ്മനം രാജശേഖരൻ മറുനാടൻ മലയാളിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി.

")); // ]]>

അവർ സ്വയം കരുതുന്നത് രാഷ്ട്രീയമായി അവർ മേലാളന്മാരും താനുൾപ്പടെയുള്ളവർ കീഴാളന്മാരുമാണെന്നാണ്. അത്കൊണ്ടാണ് പരിഹാസമായി ഇത്തരം വ്യക്തിഹത്യകൾ പുറത്ത് വരുന്നത്. സാധാരണക്കാരുടെ പ്രശ്നത്തിൽ അവർ ഇടപെടില്ല, ഇനി ആരെങ്കിലും ഇടപെട്ടാൽ ഇത്തരത്തിൽ പരിഹാസവും വ്യക്തിഹത്യവുമാണ് ഫലം. എന്നാൽ ഇത്തരം പ്രവൃത്തികൾ എത്ര തരംതാഴ്ന്നതാണെന്ന് കേരള സമൂഹം കാണുന്നുണ്ടെന്നും കുമ്മനം മറുനാടൻ മലയാളിയോട് വ്യക്തമാക്കി. തന്നെ പരിഹസിക്കുന്നതിൽ ആരോടും പരാതിയില്ലെന്നും കുമ്മനം കൂട്ടിച്ചേർത്തു.

ആദിവാസികളുടേയും സാധാരണക്കാരുടേയും പ്രശ്നങ്ങൾ ചർച്ചചെയ്യാൻ നേരമില്ലാത്തതുകൊണ്ടാണ് ഇത്തരം പരിഹാസങ്ങൾ. അവരുടെ അസഹിഷ്ണുത തന്നെയാണ് ഇതിന് പിന്നിലെന്ന് ജനത്തിന് മനസ്സിലാകും. കളിയാക്കലും പരിഹാസവും ഇനിയും നടക്കട്ടെ. അതിൽ പരിഭവമൊന്നും ഇല്ല. പ്രശ്നങ്ങളിൽ ഇടപെടാതെയുള്ള ഒളിച്ചോട്ടം എത്രകാലം ഇതിലൂടെയൊക്കെ ഒളിപ്പിക്കാനാകും - കുമ്മനം ചോദിക്കുന്നു.

അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ ആൾക്കൂട്ടം കൊലപ്പെടുത്തിയതിലെ പങ്കിൽ നിന്നും സംസ്ഥാന സർക്കാരിന് ഒഴിഞ്ഞ് മാറാനാകില്ലെന്ന് ആരോപിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ 24 മണിക്കൂർ ഉപവാസം അനുഷ്ഠിക്കുകയാണ് കുമ്മനം. സർക്കാരിന്റെ നിലപാടിനെതിരെയുള്ള പ്രതിഷേധമായാണ് എൻഡിഎയുടെ നേതൃത്വത്തിൽ ഉപവാസം പുരോഗമിക്കുന്നത്. രാവിലെ 11 മണിമുതൽ നിരാഹാര സമരം ആരംഭിച്ചു. എൻഡിഎയുടെ എല്ലാ കക്ഷികളുടേയും സംസ്ഥാന നേതാക്കൾ പങ്കെടുത്ത ഉപവാസ സമരം പട്ടികജാതി മോർച്ച് ദേശീയ അധ്യക്ഷൻ രാം വിചാർ നേതം ഉദ്ഘാടനം ചെയ്തു. മധുവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുക, കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകുക, ആദിവാസികൾക്കായി ഇതവരെ കേന്ദ്രത്തിൽ നിന്നും ലഭിച്ച തുകയുടേയും ഉപയോഗത്തിന്റേയും ധവളപത്രം ഇറക്കുക, പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രി എകെ ബാലൻ രാജിവെയ്ക്കുക എന്നിവയാണ് സമരമുഖത്ത് എൻഡിഎ ഉന്നയിക്കുന്ന ആവശ്യങ്ങൾ.

സംസ്ഥാനത്തെ വനവാസികളുടെ ജീവിതാവസ്ഥ വ്യക്തമാക്കുന്നതാണ് മധുവിന്റെ കൊലപാതകം. ആദിവാസി വിഭാഗങ്ങൾക്കായി കേന്ദ്രസർക്കാർ നൽകുന്ന കോടിക്കണക്കിന് രൂപ ചെലവഴിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകാത്തതാണ് പട്ടിണി കിടക്കേണ്ട സാഹചര്യമുണ്ടാക്കിയത്. ഫണ്ട് വകമാറ്റി ചെലവാക്കിയതിന് ഉദ്യോഗസ്ഥരെ മാത്രം കുറ്റപ്പെടുത്തി രക്ഷപ്പെടാൻ സർക്കാരുകൾക്ക് കഴിയില്ലെന്നും അങ്ങനെയെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാത്തതെന്തേയെന്നും കുമ്മനം ചോദിക്കുന്നു.

അട്ടപ്പാടിയിൽ സർക്കാർ സ്പോൺസേർഡ് കൊലപാതകമാണ് നടന്നിരിക്കുന്നത്. മധുവിന്റെ കൊലപാതകത്തിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രി എകെ ബാലൻ രാജിവെക്കണം. മധുവിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയത് വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്ന് വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. ക്രൂരമായി മർദ്ദമമേറ്റുവാങ്ങുമ്പോൾ വെള്ളം ചോദിച്ചിട്ടും വെള്ളം നൽകേണ്ടെന്ന് പറഞ്ഞത് വനം വകുപ്പ് ഉദ്യോഗസ്ഥരാണ്. അതിനാൽ കുറ്റക്കാരായ വനം വകുപ്പുദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും എൻഡിഎ ആവശ്യപ്പെടുന്നു.