തിരുവനന്തപുരം: ബിജെപിക്ക് കേരളത്തിലും വേരുറപ്പിക്കാനാകുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ കണക്ക് കൂട്ടൽ. എന്നാൽ അതിനുള്ള ആർജ്ജവം സംസ്ഥാന നേതൃത്വം കാട്ടുന്നില്ല. വിഭാഗീയ പ്രവർത്തനങ്ങൾ സാധ്യതകളെ മങ്ങലേൽപ്പിക്കുന്നു.

അതിനെ മറികടക്കാൻ കരുതലോടെ ഇടപെടാനാണ് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. മോദി മന്ത്രിസഭയിൽ കേരളത്തിന് പ്രാതിനിധ്യം നൽകി ഇടപെടലുകൾ നടത്താനാണ് തീരുമാനം. ഇതിന്റെ ഭാഗമായി കേരളത്തിൽ നിന്നൊരാളെ കേന്ദ്ര മന്ത്രിസഭയിലെടുക്കും. വാജ്‌പേയ് സർക്കാരിൽ രാജഗോപാലിനെ ഉൾപ്പെടുത്തിയ നീക്കം ഫലം കണ്ടിരുന്നു. അതുകൊണ്ട് മാത്രമാണ് രാജഗോപാൽ ജനകീയ നേതാവായി മാറിയത്. ഈ സാഹചര്യം പുനർസൃഷ്ടിക്കാൻ കേരളത്തിൽ നിന്നൊരാളെ കേന്ദ്രമന്ത്രിയാക്കാനാണ് തീരുമാനം.

ആർ എസ് എസിൽ നിന്ന് നേരിട്ട് ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായ നേതാവാണ് കുമ്മനം രാജശേഖരൻ. പൊതു സമൂഹത്തിൽ കുമ്മനം എന്ന പേരിന് പ്രസക്തിയും ഏറയുണ്ട്. അതുകൊണ്ട് തന്നെ കുമ്മനത്തെ ഭാവി നേതാവായി കാണാമെന്ന ചിന്തയാണ് കേന്ദ്ര നേതൃത്വത്തിനുള്ളത്. കുമ്മനത്തിന്റെ ജനകീയ പരിവേഷം ഉയർത്താൻ അദ്ദേഹത്തെ കേന്ദ്ര മന്ത്രിയാക്കാനാണ് നീക്കം. എന്നാൽ വെള്ളിത്തിരയുടെ ഗ്ലാമറിൽ ബിജെപിയിലെത്തിയ സുരേഷ് ഗോപിക്കും മന്ത്രി പദ മോഹമുണ്ട്. സുരേഷ് ഗോപിയെ ഉയർത്തിക്കാട്ടുന്നതും ഗുണകരമാകുമെന്ന് വിലയിരുത്തുന്നവരുണ്ട്.

അതുകൊണ്ട് തന്നെ സുരേഷ് ഗോപിയോ കുമ്മനമോ കേന്ദ്രമന്ത്രിസഭയിൽ വൈകാതെ എത്തുമെന്നാണ് സൂചന. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇവരിൽ ഒരളാകും മത്സരിക്കുക. ഈ നേതാവാകും കേന്ദ്ര മന്ത്രിസഭയിലുമെത്തുക. അതായത് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ മത്സരിക്കാൻ എത്തുന്ന നേതാവിന് കേന്ദ്രമന്ത്രിയുടെ പരിവേഷം നൽകും.

തിരുവനന്തപുരത്ത് ബിജെപിക്ക് ലോക്‌സഭയിൽ ജയിക്കാനാകുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ പ്രതീക്ഷ. കഴിഞ്ഞ തവണ രാജഗോപാൽ ഇവിടെ രണ്ടാമത് എത്തിയിരുന്നു. മോദി ഭരണത്തിന്റെ മികവിൽ ഇത് മറികടക്കാനാകും. ഇതിനൊപ്പം ദേശീയ തലത്തിൽ കോൺഗ്രസിനുണ്ടാകുന്ന ക്ഷീണവും ഗുണകരമാകും. ഇതിനായി തിരുവനന്തപുരം കേന്ദ്രീകരിച്ച് വികസനങ്ങൾ കൂടുതലെത്തിച്ച് ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലാനാണ് തീരുമാനം. ഇതിന്റെ ഭാഗമായാണ് കേന്ദ്ര മന്ത്രി പദ ചർച്ചകൾ സജീവമാക്കുന്നത്.

ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ ഇനി മോദി മന്ത്രിസഭയിൽ പുനഃസംഘടനയുണ്ടാകൂ. അതിന് മുന്നോടിയായാണ് കൂടിയാലോചനകൾ. കേന്ദ്രത്തിൽ നിന്ന് നിർദ്ദേശം എത്തിയതോടെ അടുത്ത സംസ്ഥാന അധ്യക്ഷനെ പറ്റിപ്പോലും ചിന്തകൾ സജീവം. കുമ്മനം കേന്ദ്രമന്ത്രിയാകുമെന്ന കണക്കുകൂട്ടലിലാണ് ഇത്. അതിനിടെ ബിജെപിയുടെ ദേശീയ നേതൃത്വത്തിലേക്ക് വി മുരളീധരനെ ഉയർത്തുമെന്നും സൂചനയുണ്ട്.

ദേശീയ ജനറൽ സെക്രട്ടറി അല്ലെങ്കിൽ വൈസ് പ്രസിഡന്റ് പദവിയാണ് മുരളീധരനു ലഭിക്കുകയെന്നും ഉന്നത ബിജെപി വൃത്തങ്ങൾ സൂചിപ്പിച്ചു. നിലവിൽ പ്രഖ്യാപിച്ച നിയമസഭ തിരഞ്ഞെടുപ്പുകൾക്കു ശേഷമാകും പുതിയ പദവികളെന്നാണ് വിവരം. കേന്ദ്രമന്ത്രി സ്ഥാനത്തേക്കു മുരളിയുടെ പേരും പരിഗണനയിൽ ഉണ്ട്. എന്നാൽ കൂടുതൽ സാധ്യത കുമ്മനത്തിനും സുരേഷ് ഗോപിക്കുമാകുമെന്നും നേതാക്കൾ സൂചിപ്പിച്ചു. നിലവിൽ എംപിയാണെന്നത് സുരേഷ് ഗോപിക്ക് കൂടുതൽ സാധ്യത നൽകുന്നതായും വിലയിരുത്തലുണ്ട്.

കുമ്മനത്തിനെ മന്ത്രിയാക്കിയാൽ മറ്റൊരു സംസ്ഥാനത്ത് നിന്ന് കുമ്മനത്തെ എംപിയാക്കേണ്ടി വരും. ഇത് മനസ്സിലാക്കിയാണ് ചർച്ചകൾ സുരേഷ് ഗോപിയിലേക്ക് കേന്ദ്രീകരിക്കുന്നത്. അതിനിടെ സംസ്ഥാന പ്രസിഡന്റ് പദവിയിൽ ഒരു വർഷം പൂർത്തിയാക്കിയ കുമ്മനത്തെ കേന്ദ്ര നേതൃത്വത്തിലേക്കു മാറ്റിയാൽ സംസ്ഥാന ബിജെപിയിൽ പുനഃസംഘടനയും നടക്കും. സുരേഷ് ഗോപി, പി.കെ. കൃഷ്ണദാസ്, കെ.സുരേന്ദ്രൻ, കെ.പി. ശ്രീശൻ, പി.എസ്. ശ്രീധരൻപിള്ള എന്നിവരുടെ പേരുകൾ സംസ്ഥാന നേതൃത്വത്തിൽ പരിഗണിക്കപ്പെടുന്നുണ്ട്. എന്നാൽ, ധാരണയായിട്ടില്ല.

ഇതിനിടെ പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് പോരിൽ കേന്ദ്ര നേതൃത്വം കടുത്ത അതൃപ്തി അറിയിച്ചു. ഗ്രൂപ്പുകളെ നിയന്ത്രിക്കാൻ കുമ്മനത്തെ പ്രസിഡന്റാക്കിയെങ്കിലും പാർട്ടിയിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് കൃഷ്ണദാസ് വിഭാഗമാണെന്ന ആക്ഷേപമാണ് മുരളി വിഭാഗത്തിനുള്ളത്. പി.കെ. കൃഷ്ണദാസ്, എ.എൻ.രാധാകൃഷ്ണൻ, എം ടി. രമേശ് എന്നിവരുടെ നിയന്ത്രണത്തിലാണ് പാർട്ടിയെന്നും സംസ്ഥാന പ്രസിഡന്റിനെ പോലും മറികടന്ന് ഇവർ തീരുമാനം എടുക്കുന്നുവെന്നുമാണ് ആക്ഷേപം.

പാർട്ടിയുടെ പരിപാടികൾ അവഗണിച്ചു മുരളി വിഭാഗം സ്വന്തമായി പ്രവർത്തിക്കുന്നു എന്നു കൃഷ്ണദാസ് വിഭാഗവും ആരോപിക്കുന്നു. അങ്ങനെ കേന്ദ്ര നേതൃത്വം ഇടപെടലുകൾ നടത്തുമ്പോഴും കേരളത്തിൽ വിഭാഗീയത ശക്തമാണ്. പിപി മുകുന്ദന്റെ കാര്യത്തിൽ തീരുമാനം എടുക്കാൻ പോലും കഴിയുന്നില്ല. പാർട്ടിയിൽ തിരിച്ചെടുത്തുവെങ്കിലും ഈ മുതിർന്ന നേതാവ് ഇപ്പോഴും പിടിക്ക് പുറത്താണ്.

മുകുന്ദൻ തിരിച്ച് സജീവമായാൽ തങ്ങളുടെ പ്രാധാന്യം കുറയുമെന്ന ഭയം ഇരു ഗ്രൂപ്പുകൾക്കുമുണ്ട്. അതിനിടെ ഇരു വിഭാഗവും ഗ്രൂപ്പു പോരിന്റെ പേരിൽ കേന്ദ്ര നേതൃത്വത്തെ പരാതി അറിയിച്ചിട്ടുണ്ട്. ഗ്രൂപ്പ് പ്രവർത്തനം ശക്തമായതിൽ ആർഎസ്എസും നീരസം അറിയിച്ചു. സംസ്ഥാന ബിജെപിയുടെ പ്രവർത്തനം നിർജീവമാണെന്നാണ് മുരളി പക്ഷത്തിന്റെ പരാതിയിൽ പ്രധാനമായും പറയുന്നത്. സംസ്ഥാന കോർ കമ്മിറ്റി യോഗം ചേർന്നിട്ട് മൂന്നു മാസം കഴിഞ്ഞു. ജില്ലാ പ്രസിഡന്റുമാരുടെ യോഗം വിളിച്ചിട്ട് അഞ്ചു മാസമായി. അതേസമയം, മുരളീധരനും കെ. സുരേന്ദ്രനും പാർട്ടി തീരുമാനത്തിനു വിരുദ്ധമായി പ്രതികരണങ്ങളും പ്രകടനങ്ങളും നടത്തുന്നവെന്ന പരാതിയാണ് കൃഷ്ണദാസ് വിഭാഗത്തിനുള്ളത്.

എന്നാൽ ഇത്തരം ചർച്ചകൾ പാർട്ടിയുടെ സാധ്യതകളെ ബാധിക്കുമെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിലപാട്. ഇത് പരിഹരിക്കുന്നതിന് ആവശ്യമായ ഇടപെടൽ കേരളത്തിൽ ഉടൻ ഉണ്ടാകുമെന്നാണ് അവർ നൽകുന്ന സൂചന. എന്നാൽ പദവികളുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങളോട് പ്രതികരിക്കുന്നുമില്ല.