തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനു ഇനി ഒരു മാസത്തിൽ താഴെ മാത്രം സമയമേ അവശേഷിക്കുന്നുള്ളു. മുന്നണികളെല്ലാം ചൂടേറിയ തിരഞ്ഞെടുപ്പ് ചർച്ചകളിലും കടുത്ത വേനലിനെപ്പോലും അവഗണിച്ചുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലുമാണ്.

പണ്ടത്തെപ്പോലെ പോസ്റ്ററൊട്ടിച്ചും, ചുവരെഴുതിയും മൈക്കിലൂടെയുള്ള അനൗൺസ് ചെയ്തും മാത്രമൊതുങ്ങുന്നതല്ല ആധുനിക കാലത്തെ പ്രചരണപരിപാടികൾ. ഫേസ്‌ബുക്ക് ട്വിറ്റർ വാട്സാപ്പ് തുടങ്ങിയ നവമാദ്ധ്യമങ്ങളുപയോഗിച്ചും പ്രചരണം പൊടിപൊടിക്കുകയാണ്.

തെരഞ്ഞെടുപ്പ് പ്രമാണിച്ച് നിരവധി നവമാദ്ധ്യമ കൂട്ടായ്മകളാണ് പ്രചരിക്കുന്നത്. എന്നാൽ ഇത്തരം കൂട്ടായ്മകലിൽ നിന്നും ഷെയർ ചെയ്യപ്പെടുന്ന ചില പോസ്റ്റുകൾ വലിയ ചർച്ചകൾക്കും വഴി തെളിയിക്കാറുണ്ട്. കേരളത്തിൽ താമര വിരിയുമെന്നും നിർണായക ശക്തിയാകും എന്നൊക്കെ 1982 മുതൽ നാം കേൾക്കുന്നതാണ്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നുത് ബിജെപി അധികാരത്തിലെത്തിയാൽ നിലവിൽ വരാൻപോകുന്ന മന്ത്രിസഭയെകുറിച്ചു തന്നെയാണ്.

എൽ.ഡി.എഫ് വിജയിച്ചാൽ മുഖ്യമന്ത്രി പിണറായിയോ അതോ വി എസ്സോ ? യു.ഡി.എഫ് ജയിച്ചാൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോ രമേശ് ചെന്നിത്തലയോ? അടുത്ത മുഖ്യമന്ത്രി ആരാവുമെന്ന് സോഷ്യൽ മീഡിയയിൽ ചർച്ച പൊടിപൊടിക്കുമ്പോൾ ഇതാ പുതിയൊരു മുഖ്യമന്ത്രിയെ അവതരിപ്പിച്ചുകൊണ്ട് വാട്‌സ് ആപ്പ് പോസ്റ്റ്.

കുമ്മനം രാജശേഖരനാണ് മുഖ്യമന്ത്രി. തൊട്ടുപിന്നാലെ മറ്റു മന്ത്രിമാരുടെ ഫോട്ടോകളുമുണ്ട്. ധനകാര്യം ഒ. രാജഗോപാൽ. ആഭ്യന്തരം വി. മുരളീധരൻ, വ്യവസായം കെ. സുരേന്ദ്രൻ, നിയമം പി.എസ്. ശ്രീധരൻ പിള്ള, റവന്യൂ എം ടി. രമേശ്, സ്പോർട്സ് ശ്രീശാന്ത്, വനം - പരിസ്ഥിതി സി.കെ. ജാനു, വിദ്യാഭ്യാസം കെ.പി.എം.എസ് നേതാവ് ടി.വി. ബാബു, ഗതാഗതം ശോഭാ സുരേന്ദ്രൻ, പൊതുമരാമത്ത് യോഗക്ഷേമസഭയുടെ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്, ആരോഗ്യം ബി.ഡി.ജെ.എസിന്റെ അഡ്വ. സംഗീതാ വിശ്വനാഥ്. ഇത്തരമൊരു രാഷ്ട്രീയമാറ്റം ആഗ്രഹിക്കുന്നില്ലേയെന്നാണ് പോസ്റ്റിലെ ചോദ്യം. എന്തായാലും സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ പറഞ്ഞതുപോലെ 71+ ഇത്തവണ യാഥാർഥ്യമാകില്ലെന്ന് പ്രവർത്തകർക്കും നന്നായി അറിയാം. എങ്കിലും ഇത് പരമാവധി ഷെയർ ചെയ്ത് ആഘോഷിക്കുകയാണ് എൻ.ഡി.എ പ്രവർത്തകർ.