തിരുവനന്തപുരം;ബിജെപിയുടെ എക്കാലത്തെയും സൗമ്യമുഖം. ട്രോളുകളിൽ തളരാതെ മുന്നോട്ട് നീങ്ങിയ പാർട്ടിയുടെ കരുത്തുറ്റ അദ്ധ്യക്ഷനായിരുന്നു കോട്ടയം പട്ടണത്തിൽ നിന്ന് നാലു കിലോമീറ്റർ ദൂരത്തുള്ള കുമ്മനം എന്ന സ്ഥലത്ത് ജനിച്ച രാജശേഖരനനെന്ന കുമ്മനം രാജശേഖരൻ. പാർട്ടിയുടെ കേരളഘടകത്തെ വിമർശനങ്ങളിലും വിവാദങ്ങളിലും തകരാതെ 3 വർഷമായി നയിക്കുന്നു.

പാർട്ടിക്കകത്തെ ഗ്രൂപ്പുകളിൽ നിന്നുപോലും കുമ്മനത്തെ തകർക്കാനുള്ള നീക്കങ്ങളിലും ശക്തമായി പിടിച്ചു നിന്ന ധീര വ്യക്തിത്വം. മിസോറാം ഗവർണർ പദവി അപ്രതീക്ഷിതമായി കടന്നുവരുമ്പോൾ പാർട്ടിയുടെ നേതാക്കൾക്കുപോലും അത് അറിവില്ലായിരുന്നു എന്നു പറയുന്നതാകും ശരി.ഹിന്ദു ഐക്യവേദി, ആർഎസ്എസ് സംഘടനകളിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച കുമ്മനം രാജശേഖരൻ ഹിന്ദു മുന്നണി സ്ഥാനാർത്ഥിയായും ബിജെപി സ്ഥാനാർത്ഥിയായും തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടുണ്ട്.

വി മുരളീധരൻ കാലാവധി കഴിഞ്ഞ് ഒഴിഞ്ഞതിന് ശേഷമാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് ആയി കുമ്മനം സ്ഥാനമേൽക്കുന്നത്. 2015 ഡിസംബറിലാണ് സംസ്ഥാന പ്രസിഡന്റായി ചുമതലയേൽക്കുമ്പോൾ പ്രവർത്തകർക്കും ജനങ്ങൾക്കും അപ്രതീക്ഷിതമായിരുന്നു ആ പദവി. പിന്നീട് അങ്ങോട്ട് നിറയെ വിവാദങ്ങൾ കുമ്മനത്തെ പിടികൂടിയെങ്കിലും ഒന്നിലും കടുത്ത പരാമർശങ്ങൾ നടത്താതെ കഴിഞ്ഞ 3 വർഷങ്ങളായി ജനനായകനായി പാർട്ടിയെ മുന്നോട്ട് നയിക്കുന്നു. അതിലെ ഏറ്റവും വലിയ വിജയമാണ് ഒ.രാജഗോപാൽ എന്ന ബിജെപി എംഎൽഎയെ കേരളത്തിന് ലഭിച്ചത്. അതിനിടയിലാണ് കേന്ദ്രത്തിന്റെ ചടുല നീക്കത്തിൽ മിസോറാം ഗവർണറിന്റെ ചുമതല തേടിയെത്തുന്നത്.

1987ൽ സർക്കാർ സർവീസിൽ നിന്ന് രാജിവച്ച അദ്ദേഹം രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ മുഴുവൻ സമയ പ്രവർത്തകനായി മാറി. ബാലസദനങ്ങളുടെ മേൽനോട്ടം, വിശ്വ ഹിന്ദു പരിഷതിന്റെയും ക്ഷേത്ര സംരക്ഷണ സമിതിയിലേയും പ്രവർത്തനങ്ങൾ എന്നിവയൊക്കെ ഇദ്ദേഹത്തിനെ ശ്രദ്ധേയനാക്കി. പിന്നീടായിരുന്നു കുമ്മനം രാജശേഖരനെന്ന നേതാവിന്റെ വളർച്ച. വിവാഹം വേണ്ടെന്നു വച്ചാണ് കുമ്മനം സജീവ സംഘടനാ പ്രവർത്തനത്തിലേക്ക് കടക്കുന്നത്.

നിലയ്ക്കൽ പ്രക്ഷോഭം, ആറന്മുള വിമാനത്താവള വിരുദ്ധ സമരം എന്നീ സമരങ്ങൾക്ക് നേതൃത്വം നൽകി രാഷ്ട്രീയത്തിന്റെ മുഖ്യധാരിയിലേക്ക് പ്രവേശിക്കുന്നു.1983 മാർച്ച് 24-ന് ഒരു ക്രിസ്ത്യൻ പാതിരി, നിലയ്ക്കൽ മഹാദേവക്ഷേത്രത്തിനടുത്തായി, തന്റെ ഇടവകയിലെ രണ്ടംഗങ്ങൾ തോമാശ്ലീഹ 57 ൽ സ്ഥാപിച്ച ഒരു കൽക്കുരിശ് കണ്ടെത്തി എന്നവകാശപ്പെട്ടു.

ഈ സ്ഥലം 18 മലകൾ ചേർന്ന അയ്യപ്പന്റെ പൂങ്കാവനമാണെന്നാണ് ഹിന്ദുക്കൾ കണക്കാക്കുന്നത്. ഇവിടെ പള്ളി നിർമ്മിക്കാനുള്ള അവകാശവാദം നടത്തിയപ്പോൾ ഹിന്ദുക്കൾ അതിനെതിരേ പ്രക്ഷോഭമാരംഭിച്ചു. ഇത് ആറു മാസം നീണ്ടു നിൽക്കുകയും പള്ളിയുടെ സ്ഥാനം മാറ്റുന്നതിൽ അവസാനിക്കുകയും ചെയ്തു. കുമ്മനം രാജശേഖരൻ ഈ സമരത്തിൽ നേതൃത്വം നൽകി. ഇതാണ് നിലക്കൽ പ്രക്ഷോഭം എന്ന് അറിയപ്പെടുന്നത്.

2002 ൽ മാറാട് കടപ്പുറത്ത് മീൻപിടുത്തക്കാർ തമ്മിലുണ്ടായ തർക്കം ഹിന്ദു-മുസ്ലിം സംഘർഷമായി പരിണമിക്കുകയും ഒന്നാം മാറാട് കലാപത്തിന് കാരണമാകുകയും അഞ്ചുപേർ കൊല്ലപ്പെടുകയും ചെയ്തു. 2003 ൽ വീണ്ടും ഈ മേഖലയിൽ കലാപമുണ്ടാകുകയും ഒൻപത് ആൾക്കാർ കൊല്ലപ്പെടുകയും പലർക്കും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഈ സംഭവത്തോടനുബന്ധിച്ച് ഹിന്ദു ഐക്യ വേദി നടത്തിയ സമരങ്ങളിൽ കുമ്മനം രാജശേഖരനാണ് പ്രധാന പങ്കു വഹിച്ചതും സമരത്തിന് നേതൃത്വം നൽകിയതും.

നിലവിൽ ജന്മഭൂമി ദിനപ്പത്രത്തിന്റെ ചെയർമാനാണ്. പല തവണയും ഗവർണർ, കേന്ദ്രമന്ത്രി തുടങ്ങിയ ഇടങ്ങളിലേക്ക് കുമ്മനത്തിന്റെ പേരുള്ളതായ് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. കേരളത്തിൽ നിന്നും ബിജെപി ദേശീയ തലത്തിൽ സ്ഥാനം ലഭിക്കുന്ന നാലാമത്തെ വ്യക്തിയാണ് കുമ്മനം രാജശേഖരൻ. ആദ്യം രാജ്യസഭയിലേക്ക് സുരേഷ് ഗോപിയേയും പിന്നീട് അൽഫോൻസ് കണ്ണന്താനത്തെ കേന്ദ്രമന്ത്രിയായും വി മുരളീധരനെ രാജ്യസഭയിലേക്കും പരിഗണിച്ച ശേഷമാണ് കുമ്മനത്തിന് നറുക്ക് വീഴുന്നത്.