ന്യൂഡൽഹി: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനങ്ങൾ സജീവമായി നടക്കുന്നതിനിടെ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെ തൽസ്ഥാനത്തു നിന്നു മാറ്റി മിസോറാം ഗവർണറായി നിയമിച്ചതോടെ ബിജെപി കേന്ദ്രങ്ങളിൽ അമ്പരപ്പ്. അടുത്ത ഊഴം ആർക്കാകുമെന്നതാണ് ഗ്രൂപ്പിസം ശക്തമായ ബിജെപി സംസ്ഥാന ഘടകത്തിലെ പ്രധാന ചോദ്യം.

എന്നാൽ പരോക്ഷമായി പറഞ്ഞാൽ കുമ്മനത്തെ മിസോറാമിന് തട്ടിയതാണെന്ന് പറയുന്നതാകും ശരി. പാർട്ടിയിൽ ഗ്രൂപ്പിസം ഇല്ലാതാക്കൻ കൊണ്ടുവന്ന കുമ്മനത്തിന് അതിന് സാധിച്ചില്ലെന്നത് പരസ്യമായ രഹസ്യമാണ്. കൂടാതെ സികെ ജാനു ബിഡിജെഎസ് സഖ്യത്തിന്റെ പിന്തുണ ഉറപ്പിച്ചു നിർത്താനും കുമ്മനത്തിനായില്ലെന്നതാണ് ഇദ്ദേഹത്തെ മിസോറാമിലേക്ക് പുതിയ പദവി കൊടുത്ത് ഒതുക്കാൻ കാരണമായതെന്നാണ് എതിർ ചേരികളിലെ സംസാരം. ഇതോടെ കുമ്മനനത്തിന്റെ രാഷ്ട്രീയ ഭാവിക്കാണ് താഴ് വീണിരിക്കുന്നത്.

അടുത്ത സംസ്ഥാന അധ്യക്ഷനെ കൊണ്ടു വരുന്നതിൽ കേന്ദ്ര നേതൃത്വത്തിന് പുതി അടവു നയങ്ങളുണ്ട്. പ്രായാധിഖ്യം ഏറിയ നേതാക്കളെ പരിഗണിക്കേണ്ടന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. പാർട്ടി നേതൃത്വത്തിലേക്ക് യുവ നേതൃത്വത്തെ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ നിലവിൽ സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ.സുരേന്ദ്രനോ എം ടി രമേശിനോ ആണ് സാധ്യത.

എന്നാൽ മെഡിക്കൽ കോഴ വിവാദത്തിൽ ആരോപണ വിധേയനായ രമേശിന് എത്രത്തോളം സാധ്യതയുണ്ടെന്ന് പറയാൻ സാധിക്കില്ല. അന്ന് പല നേതാക്കളും രമേശിനെ പരസ്യമായി എതിർത്തിരുന്നു. എന്നാൽ എം ടി രമേശ് മെഡിക്കൽ കോഴയിൽ ഇടപ്പെട്ടതായി തെളിവില്ലെന്ന് ലോകായുക്ത വ്യക്തമാക്കിയിരുന്നു.

എന്നാൽ ഇക്കാര്യത്തിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ മറ്റു നേതാക്കളോട് മനസ് തുറന്നിട്ടില്ല. ലോകസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി എന്നാൽ രണ്ട് വിരുദ്ധ ഗ്രൂപ്പുകളുടെ മുന്നണി പോരാളികളെന്ന നിലയിൽ ആരെ ചുമതലപ്പെടുത്തിയാലും ഗ്രൂപ്പിസം ശക്തമാകുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്. ഈ സാഹചര്യത്തിൽ വീണ്ടും ആർ.എസ്.എസിൽനിന്ന് നേതാക്കളെ ബിജെപി തലപ്പത്തേക്ക് ചുമതലപ്പെടുത്താനുള്ള സാധ്യതയുണ്ട്.

ആർ.എസ്.എസിന്റെ ദേശീയ നേതൃനിരയിലുണ്ടായിരുന്ന ജെ.നന്ദകുമാറിന് ബിജെപി അധ്യക്ഷ സ്ഥാനം താൽപ്പര്യമുണ്ട്നിലവിൽ നന്ദകുമാർ പ്രജ്ഞാ വാഹിനി എന്ന സംഘടനയുടെ ചുമതല വഹിക്കുകയാണ്. എന്നാൽ നന്ദകുമാർ മുരളീധരനുമായി ഉറ്റബന്ധം പുലർത്തുന്ന സാഹചര്യത്തിൽ ആർഎസ്എസ് സംസ്ഥാന ഘടകവും മുരളീധര പക്ഷവും നന്ദകുമാറിനെ എതിർക്കാനുള്ള സാധ്യതയുണ്ട്.

ഗ്രൂപ്പിസത്തിന് അറുതി വരുത്താനാണ് കേന്ദ്ര നേതൃത്വം ഇടപെട്ട് കുമ്മനം രാജശേഖരനെ ബിജെപി സംസ്ഥാന പ്രസിഡന്റായി നിയമിച്ചത്. ആർഎസ്എസ് പ്രചാരക് സ്ഥാനമൊഴിഞ്ഞാണ് കുമ്മനം ബിജെപി അംഗത്വമെടുത്ത് പ്രസിഡന്റായത്. നേരത്തെ സംസ്ഥാന പ്രസിഡന്റായിരുന്ന വി.മുരളീധരനെ മാറ്റണമെന്ന ആർ.എസ്.എസിന്റെ ശക്തമായ ആവശ്യവും കുമ്മനത്തിന് നറുക്ക് വീഴുന്നതിനിടയാക്കി. എന്നാൽ ഗ്രൂപ്പിസം ഇല്ലാതാക്കി പാർട്ടിയെ ഒറ്റക്കെട്ടായി നയിക്കാൻ കുമ്മനത്തിനും സാധിച്ചില്ലെന്നതിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മാറ്റം.