തിരുവനന്തപുരം: വി എസ്. അച്യുതാനന്ദന്റെ ഭരണകാലത്ത് രണ്ടു കണ്ടെയ്‌നർ വ്യാജ കറൻസി കൊച്ചിയിലെത്തി എന്ന വെളിപ്പെടുത്തതിൽ അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ. കേരളത്തിലെ സഹകരണ മേഖലയെ തകർക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന സിപിഐ(എം) പ്രചാരണം രാഷ്ട്രീയ ലക്ഷ്യത്തോടെ ആണെന്നും കുമ്മനം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

കേരളത്തിലെ സഹകരണ മേഖലയെ തകർക്കാൻ ബിജെപി ശ്രമിക്കുന്നു എന്ന സിപിഐ(എം) പ്രചാരണം രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. ആ മേഖലയിലെ നാമമാത്രമായ കള്ളപ്പണക്കാരെയാണ് ബിജെപി എതിർക്കുന്നത്. അതു സഹകരണ മേഖലയ്‌ക്കെതിരായ നീക്കമാണെന്നു പ്രചരിപ്പിക്കുന്നത് സിപിഎമ്മിന്റെ കുടില തന്ത്രമാണെന്നും കുമ്മനം കുറ്റപ്പെടുത്തി.

വിഎസിന്റെ ഭരണകാലത്ത് രണ്ടു കണ്ടെയ്‌നർ വ്യാജനോട്ട് കേരളത്തിലെത്തിയെന്ന് പഴ്‌സനൽ അസിസ്റ്റന്റ് എ. സുരേഷിന്റെ വെളിപ്പെടുത്തിയിരുന്നു. ഇതേപ്പറ്റി രഹസ്യാന്വേഷണ വിഭാഗം മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും റിപ്പോർട്ട് നൽകിയെന്നാണ് സുരേഷ് ഫേസ്‌ബുക്കിലൂടെ നടത്തിയിരിക്കുന്ന വെളിപ്പെടുത്തൽ.

ഈ റിപ്പോർട്ടിന്മേൽ എന്തു നടപടിയാണ് ഇടതുപക്ഷ സർക്കാർ സ്വീകരിച്ചത് എന്നറിയാൻ പൊതുസമൂഹത്തിന് അവകാശമുണ്ട്. ആ കണ്ടെയ്‌നറുകൾ അപ്രത്യക്ഷമായെന്നും സുരേഷ് പറയുന്നു. രണ്ടു മുന്നണികളും നാടു ഭരിച്ചിരുന്നത് എത്ര ലാഘവത്തോടെയാണെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാമെന്നും കുമ്മനം കുറ്റപ്പെടുത്തി.

രാജ്യ സുരക്ഷയ്ക്കു തന്നെ ഭീഷണിയാകുന്ന സംഭവത്തെപ്പറ്റി വിവരം കിട്ടിയിട്ടും മൗനം ദീക്ഷിച്ച മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും രാജ്യദ്രോഹക്കുറ്റമാണു ചെയ്തിരിക്കുന്നത്. ആ പണത്തിന്റെ പങ്ക് ഇവർക്കും കിട്ടിയിരിക്കണം. അല്ലെങ്കിൽ ഇത്തരത്തിൽ പെരുമാറില്ലായിരുന്നു. ആ പണം കേരളത്തിലെ സഹകരണ സംഘങ്ങളിൽക്കൂടി വെളുപ്പിച്ചെടുക്കാനും സിപിഐ(എം) നേതൃത്വം അനുവാദം നൽകിയെന്നും അതിനാലാണ് സഹകരണ മേഖലയിലെ കള്ളപ്പണത്തെ പറ്റി പറയുമ്പോൾ സിപിഐ(എം) നേതാക്കൾക്ക് വിറളി പിടിക്കുന്നതെന്നും കുമ്മനം ആരോപിച്ചു.

പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, വി എസ്. അച്യുതാനന്ദൻ എന്നിവർ ഇതിനു മറുപടി പറയണം. അന്നു കേന്ദ്രം ഭരിച്ചിരുന്ന കോൺഗ്രസ്സും ഇതിൽ കൂട്ടുകച്ചവടക്കാരാണ്. മറ്റെല്ലാ വിഷയങ്ങളിലും എന്നപോലെ ഇക്കാര്യത്തിലും ഇരുമുന്നണികളും ഒത്തുകളിച്ചു. അതുകൊണ്ടുതന്നെയാണ് കേന്ദ്രത്തിനെതിരെ വി എം. സുധീരനും കോടിയേരിയും ഒരേ സ്വരത്തിൽ സംസാരിക്കുന്നത്. - കുമ്മനം പറഞ്ഞു.