- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരം മുറി: ഉത്തരവിൽ തെറ്റില്ലെങ്കിൽ റദ്ദാക്കിയത് എന്തിന്? നിയമങ്ങളുടെ പരസ്യമായ ലംഘനമാണ് കേസിൽ നടന്നിട്ടുള്ളതെന്നും കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: മരംമുറി സംബന്ധിച്ച് കഴിഞ്ഞ ഒക്ടോബർ 24ൽ ഇറക്കിയ ഉത്തരവിൽ തെറ്റില്ലെന്ന് പറയുന്ന റവന്യൂ മന്ത്രി മൂന്ന് മാസം കഴിഞ്ഞപ്പോൾ ആ നിയമം റദ്ദുചെയ്തത് എന്തിനാണെന്ന് വ്യക്തമാക്കണമെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു.
ഉത്തരവിൽ തെറ്റുസംഭവിച്ചു എന്ന് തുറന്നു സമ്മതിക്കാനും തന്മൂലമുണ്ടായ കഷ്ടനഷ്ടങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാനുമുള്ള ആർജ്ജവം മന്ത്രി കാണിക്കണം. അതിലൂടെ മൂല്യാധിഷ്ഠിത കക്ഷി രാഷ്ട്രീയത്തിന്റെ അന്തസത്ത ഉയർത്തിപ്പിടിക്കണം. 2020 മാർച്ചിലെ സർക്കുലറിലും ഒക്ടോബറിലെ ഉത്തരവിലും പിശകും അവ്യക്തതയും ഉണ്ടെന്ന് റവന്യൂ സെക്രട്ടറി സമ്മതിച്ചിട്ടുണ്ട്. തെറ്റായ ഉത്തരവിനെക്കുറിച്ച് ദുർവ്യാഖ്യാനം ചെയ്യേണ്ട ആവശ്യമില്ല.
1964 ലെ ഭൂ പതിവു ചട്ടവും അതിനാധാരാമായ ആക്ടും ഒരു എക്സിക്യുട്ടീവ് ഉത്തരവിലൂടെ പ്രിൻസിപ്പൽ റവന്യൂ സെക്രട്ടറിക്ക് മാറ്റിമറിക്കാനാകുമോ എന്ന അടിസ്ഥാന ചോദ്യത്തിൽ നിന്നും മന്ത്രി ഒഴിഞ്ഞു മാറുകയണ്. ആക്ട് ഭേദഗതി ചെയ്ത് നിയമസഭ പാസാക്കാത്തിടത്തോളം കാലം 1964 ലെ റൂൾസ് പൂർണ്ണ അർത്ഥത്തിലും നടപടി ക്രമത്തിലും നിലനിൽക്കും. അതുവഴി പട്ടയഭൂമിയിലെ രാജകീയ(റിസർവ്) മരങ്ങൾക്ക് സർക്കാരിന്റെ സംരക്ഷണം ഉറപ്പ് നൽകുന്നു.
റവന്യൂ സെക്രട്ടറിയുടെ ഉത്തരവിന്റെ അടിസ്ഥാനം മന്ത്രിസഭാ യോഗ തീരുമാനമാണ്. അതിന്റെ മിനുട്സ് പുറത്തുവിട്ട് വിവാദ ഉത്തരവിന് വിശദീകരണം നൽകാൻ മുഖ്യമന്ത്രി തയ്യാറാകണം.രാജകീയ വൃക്ഷങ്ങൾ മുറിക്കാൻ വിവാദ ഉത്തരവിൽ പറയുന്നില്ലെന്ന മന്ത്രിയുടെ നിലപാടും ശരിയല്ല. 'ചന്ദനമൊഴികെയുള്ള റിസർവ് ചെയ്ത മരങ്ങൾ മുറിക്കുന്നത് സംബന്ധിച്ച ഉത്തരവ്'എന്ന് വിഷയ തലവാചകത്തിൽ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. അവസാന ഖണ്ഡികയിലും ചന്ദനം ഒഴികെയുള്ള റിസർവ് മരങ്ങൾ ഉൾപ്പെടെ ഏതുമരവും മുറിക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ആർക്കും എവിടെയും ഏതു മരവും മുറിക്കാമെന്ന അവസ്ഥ സംജാതമായി.
ഡിസംബർ 15ന് കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് പി.വി.ആശ ഈ ഉത്തരവിനെതിരെ വിധി പുറപ്പെടുവിച്ചു. എന്നിട്ടും ഒന്നര മാസം മരം കൊള്ള തുടർന്നു. മരംമുറി കേസിൽ റവന്യൂ വകുപ്പിന് പങ്കില്ലെന്നായിരുന്നു മന്ത്രിയുടെ ആദ്യ നിലപാട്. ഇപ്പോൾ പറയുന്നത് ചില റവന്യൂ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്നാണ്. ഒട്ടേറെ നിയമങ്ങളുടെ പരസ്യമായ ലംഘനമാണ് മരംമുറി കേസിൽ നടന്നിട്ടുള്ളത്.
പാവപ്പെട്ട വനവാസികളെയും കർഷകരെയും കള്ളക്കേസിൽ പ്രതികളാക്കി പീഡിപ്പിക്കുന്നു. സർക്കാരിന്റെ ഉടമസ്ഥതയിലുള്ള രാജകീയ മരങ്ങൾ വന്യമാണ്, പൊതുമുതലാണ്. അത് വെട്ടി കടത്തിക്കൊണ്ടു പോയവർക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിനും രാഷ്ട്രദ്രോഹകുറ്റത്തിനും കേസെടുക്കണം. ആദിവാസികളുടെ പട്ടയഭൂമിയിൽ കയറി അതിക്രമം കാട്ടുകയും കള്ളക്കേസിൽ കുടുക്കുകയും ചെയ്തതിന് പട്ടികവർഗ്ഗ അതിക്രമം തടയൽ നിയമപ്രകാരം നടപടി സ്വീകരിക്കണം. ഇതിനെല്ലാം പുറമെ പരിസ്ഥിതിക്കും ആവാസ വ്യവസ്ഥയ്ക്കും സംഭവിക്കുന്ന ആഘാതവും വിനാശവും കണക്കിലെടുത്ത് കേന്ദ്ര വന-പരിസ്ഥിതി നിയമപ്രകാരം നടപടികൾ കൈക്കൊള്ളണം. മരംമുറി സംഭവത്തിൽ നിയമലംഘനങ്ങളുടെ ഘോഷയാത്രയാണ് കാണാൻ കഴിയുക. നിയമപരമായ പോരാട്ടങ്ങളിലൂടെ സാമൂഹ്യനീതി നേടിയെടുക്കുന്നതിന് ആവശ്യമായ കർമ്മപദ്ധതിക്ക് ബിജെപി രൂപം നൽകിയിട്ടുണ്ടെന്ന് കുമ്മനം രാജശേഖരൻ വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ