തിരുവനന്തപുരം: ബന്ധുനിയമന കാര്യത്തിൽ ഇടത് സർക്കാരിനെ വിമർശിക്കുന്ന യു.ഡി.എഫ് നടപടി വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെ മാത്രമേ കാണാനാകൂവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ.

സംസ്ഥാനം കണ്ട ഏറ്റവും അഴിമതി സർക്കാരായിരുന്നു ഉമ്മൻ ചാണ്ടിയുടേത്. ഇക്കാര്യം മറന്നാണ് രമേശ് ചെന്നിത്തലയും സുധീരനുമൊക്കെ ഇപ്പോൾ അട്ടഹസിക്കുന്നതെന്നും കുമ്മനം തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.

അഴിമതിയുടെ കാര്യത്തിൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ പിണറായി സർക്കാരും. ഇരു മുന്നണികളും തമ്മിൽ ഒരു വ്യത്യാസവുമില്ല. ജയരാജന്റെ രാജി ഉയർത്തി അത്തരമൊരു അവകാശ വാദം ഉന്നയിക്കാനുള്ള ഇടതു പക്ഷത്തിന്റെ ശ്രമം അഴിമതി കയ്യോടെ പിടിക്കപ്പെട്ടതിന്റെ ജാള്യം മറയ്ക്കാനാണെന്നും കുമ്മനം അഭിപ്രായപ്പെട്ടു.

അഴിമതി കയ്യോടെ പിടികൂടിയപ്പോൾ മന്ത്രിസഭയിൽ നിന്ന് രാജി വച്ച ഇ.പി ജയരാജന്റെ നടപടിയെ മഹത്വവൽക്കരിക്കുന്ന സിപിഐ.എം നിലപാട് അപഹാസ്യമാണെന്നും കുമ്മനം പറഞ്ഞു.

അഴിമതിക്കെതിരെ പോരാടാനോ അഴിമതിക്കാര്യത്തിൽ യു.ഡി.എഫിൽ നിന്ന് വ്യത്യസ്തരാണെന്ന് കാണിക്കാനോ അല്ല ജയരാജനെ രാജി വെപ്പിച്ചത്. മറിച്ച് മുഖ്യമന്ത്രിക്കു വേണ്ടി ജയരാജനെ ബലിയാടാക്കുകയായിരുന്നു. മുഖ്യമന്ത്രി അറിയാതെ ജയരാജനെപ്പോലെയുള്ള ഒരാൾ ഇത്തരം തീരുമാനങ്ങൾ എടുക്കില്ലെന്ന് എല്ലാവർക്കും അറിവുള്ള കാര്യമാണെന്നും കുമ്മനം വ്യക്തമാക്കി.

കുമ്മനം രാജശേഖരന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം...

അഴിമതി കയ്യോടെ പിടികൂടിയപ്പോൾ മന്ത്രിസഭയിൽ നിന്ന് രാജി വച്ച ഇ പി ജയരാജന്റെ നടപടിയെ മഹത്വവൽക്കരിക്കുന്ന സിപിഐ(എം) നിലപാട് അപഹാസ്യമാണ്. അഴിമതിക്കെതിരെ പോരാടാനോ അഴിമതിക്കാര്യത്തിൽ യുഡിഎഫിൽ നിന്ന് വ്യത്യസ്തരാണെന്ന് കാണിക്കാനോ അല്ല ജയരാജനെ രാജി വെപ്പിച്ചത്. മറിച്ച് മുഖ്യമന്ത്രിക്കു വേണ്ടി ജയരാജനെ ബലിയാടാക്കുകയായിരുന്നു. മുഖ്യമന്ത്രി അറിയാതെ ജയരാജനെപ്പോലെയുള്ള ഒരാൾ ഇത്തരം തീരുമാനങ്ങൾ എടുക്കില്ലെന്ന് എല്ലാവർക്കും അറിവുള്ള കാര്യമാണ്.

നിയമന വാർത്ത പുറത്തു വന്നപ്പോൾ അതിനെ ജയരാജൻ ന്യായീകരിക്കാൻ മുതിർന്നതും അതു കൊണ്ടാണ്. ബിജെപി അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ വിജിലൻസിനെ സമീപിച്ചതോടെ ജയരാജനെ ബലികഴിച്ച് സ്വന്തം കസേര രക്ഷിച്ചെടുക്കുകയാണ് പിണറായി ചെയ്തത്. അതിനാൽ തന്നെ വിജിലൻസ് അന്വേഷണ പരിധിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിനേയും ഉൾപ്പെടുത്തണമെന്നാണ് ബിജെപിയുടെ അഭിപ്രായം. മാത്രമല്ല ഈ മന്ത്രിസഭയിൽ സ്വജനപക്ഷ പാതം കാണിച്ച എല്ലാ മന്ത്രിമാരേയും പുറത്താക്കണം. വ്യവസായ വകുപ്പിൽ മാത്രമല്ല എല്ലാ വകുപ്പുകളിലും ബന്ധുക്കളെയും സ്വന്തക്കാരെയും കുത്തി നിറച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ബന്ധുവിനെ സർക്കാർ അഭിഭാഷകനായി നിയമിച്ച വാർത്തയും പുറത്തു വന്നിട്ടുണ്ട്. ഇ പി ജയരാജനെ പുറത്താക്കിയതോടെ അക്കാര്യമെല്ലാം മൂടിവെക്കാനാണ് സർക്കാരിന്റെ ശ്രമം.

അത് പുറത്തു കൊണ്ടുവരാനുള്ള ശ്രമം ബിജെപി ഊർജ്ജിതമാക്കും. ബന്ധുനിയമന കാര്യത്തിൽ ഇടത് സർക്കാരിനെ വിമർശിക്കുന്ന യുഡിഎഫ് നടപടി വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെ മാത്രമേ കാണാനാകൂ. സംസ്ഥാനം കണ്ട ഏറ്റവും അഴിമതി സർക്കാരായിരുന്നു ഉമ്മൻ ചാണ്ടിയുടേത്. ഇക്കാര്യം മറന്നാണ് രമേശ് ചെന്നിത്തലയും സുധീരനുമൊക്കെ ഇപ്പോൾ അട്ടഹസിക്കുന്നത്. അഴിമതിയുടേ കാര്യത്തിൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ പിണറായി സർക്കാരും. ഇരു മുന്നണികളും തമ്മിൽ ഒരു വ്യത്യാസവുമില്ല. ജയരാജന്റെ രാജി ഉയർത്തി അത്തരമൊരു അവകാശ വാദം ഉന്നയിക്കാനുള്ള ഇടതു പക്ഷത്തിന്റെ ശ്രമം അഴിമതി കയ്യോടെ പിടിക്കപ്പെട്ടതിന്റെ ജാള്യം മറയ്ക്കാനാണ്.