കഴക്കൂട്ടം: സംസ്ഥാനത്ത് ബിജെപി അധികാരത്തിൽ വന്നാൽ രണ്ടാം ഭൂപരിഷ്‌കരണ നിയമം നടപ്പാക്കുമെന്ന് നേമത്തെ എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ. ഭൂമിയില്ലാത്തവർക്ക് ഭൂമിയും വീടും കൊടുക്കുമെന്ന് എൻഡിഎ ഉറപ്പ് നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പട്ടിക ജാതിക്കാർക്കും പട്ടിക വർഗക്കാർക്കും ഭൂരഹിതർക്കും പാവപ്പെട്ടവർക്കും കിടക്കാൻ വീടും കൃഷിചെയ്യാൻ ഭൂമിയും ലഭിക്കും. ഇതിനു പുറമെ കേരളത്തിൽ ക്ഷേത്ര ഭരണാവകാശ വിളംബരം ഉണ്ടാകും. വിശ്വാസികൾക്ക് ക്ഷേത്ര ഭരണത്തിൽ പങ്കാളിത്തമുണ്ടാകും. ക്ഷേത്രപ്രവേശന വിളംബരത്തിനും പാലിയം വിളംബരത്തിനും ശേഷം നടക്കാൻ പോകുന്ന വലിയ വിളംബരമാവും അതെന്നും കുമ്മനം പറഞ്ഞു.