- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയെയും തന്നെയും വന്ന് കണ്ടാൽ ലക്ഷദീപ് പൊലീസിൽ നിന്ന് രക്ഷിക്കാമെന്നാണ് ഐഷാ സുൽത്താനയോട് മന്ത്രി ഫോണിൽ പറഞ്ഞത്; മന്ത്രി ശിവൻകുട്ടിയുടേത് ഭരണഘടനാ ലംഘനമെന്ന് കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: രാജ്യദ്രോഹകേസിൽ പ്രതിയായ ഐഷാ സുൽത്താനയെ ഫോണിൽ വിളിച്ച് പിന്തുണയും ആശംസയുമറിച്ച മന്ത്രി വി ശിവൻ കുട്ടിയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ബിജെപി മുൻ അധ്യക്ഷൻ കുമ്മനം രാജശേഖരൻ.
ലക്ഷദ്വീപിലെ ജനങ്ങൾക്കു മേൽ കേന്ദ്ര സർക്കാർ ബയോവെപ്പൺ പ്രയോഗിച്ചു എന്ന ഗുരുതരമായ പരാമർശമാണ് ഐഷ നടത്തിയത്. സാമുദായിക സൗഹാർദ്ദം തകർക്കാനും രാജ്യത്തിന്റെ ഐക്യം തകർക്കാനുമുള്ള പരാമർശത്തിനെതിരെ നിയമപരമായ നടപടികളാണ് ഉണ്ടായിരിക്കുന്നത്. ലക്ഷ ദ്വീപിൽ രജിസ്ട്രർ ചെയ്തിരിക്കുന്ന കേസിനെ നിയമപരമായി നേരിടുകയാണ് വേണ്ടത്. മുഖ്യമന്ത്രിയെയും തന്നെയും വന്ന് കണ്ടാൽ ലക്ഷദീപ് പൊലീസിൽ നിന്ന് രക്ഷിക്കാമെന്നാണ് ഐഷാ സുൽത്താനയോട് ശിവൻകുട്ടി ഫോണിൽ പറഞ്ഞത്.
ഭരണഘടനാ പദവിയിൽ ഇരിക്കുന്ന മന്ത്രി, മറ്റൊരു സംസ്ഥാനത്ത് രജിസ്ട്രർ ചെയ്തിരിക്കുന്ന കേസിൽ ഇടപെടുന്നത് ഭരണഘടനാ ലംഘനമാണ്. തന്റെ മണ്ഡലത്തിൽ നടക്കുന്ന അഴിമതി, അക്രമം എന്നിവയെക്കുറിച്ച് ഒന്നും മിണ്ടാത്ത ശിവൻകുട്ടി, തീവ്രവാദ ചിന്താഗതിക്കാരെ പരസ്യമായി പിന്തുണയക്കുന്നതിനു പിന്നിൽ ചേതോവികാരം ആർക്കും മനസ്സിലാക്കാവുന്നതേയുള്ളു.
ആറ്റുകാൽ പൊങ്കാലയുടെ പേരു പറഞ്ഞ് ലക്ഷങ്ങളുടെ കൊള്ളയാണ് നഗരസഭ നടത്തിയത്. കോവിഡ് കാലത്ത് ഭക്ഷണം നൽകിയതിന്റെ പേരിലും വെട്ടിപ്പ് നടന്നിരിക്കുന്നു. ആറ്റുകാൽ ക്ഷേത്ര പരിസരത്തത് അക്രമവും വ്യാപക ഗുണ്ടാ വിളയാട്ടവും നടക്കുന്നതിന്റെ വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. കോവിഡ് ചികിത്സാ കേന്ദ്രത്തിനു നേരെ പോലും ആക്രമണം ഉണ്ടായി. ഇതിനോടൊന്നും പ്രതികരിക്കാൻ സ്ഥലം എംഎൽഎ ആയ മന്ത്രിക്ക് സമയം ഉണ്ടായിരുന്നില്ല-കുമ്മനം കുറ്റപ്പെടുത്തി.