കൊച്ചി: നോട്ട് പ്രതിസന്ധിയെക്കുറിച്ച് പറഞ്ഞാൽ, പ്രതിസന്ധി ഏതാണ്ട് അവസാനിച്ചിരിക്കുന്നുവെന്നാണ് ബിജെപി സംസ്ഥാന അധ്യകഷ്ൻ കുമ്മനം രാജശേഖരന്റെ നിലപാടാണ്. അതുകൊണ്ടാണ് ഇപ്പോൾ വേറെ പല പ്രശ്‌നങ്ങളും ഉയർത്തിപ്പിടിക്കുന്നത്. ആദ്യം ക്യൂ നിൽക്കുന്നതിനെക്കുറിച്ചായിരുന്നു പരാതി. അതിന് ശേഷം സഹകരണ മേഖലയെക്കുറിച്ചായി. ഇപ്പോൾ സഹകരണ മേഖലയല്ല പ്രശ്‌നം. ശമ്പളം കൊടുക്കുന്നതിനെക്കുറിച്ചാണ്. എല്ലാ ട്രഷറിയിലും കൂടി ഏകദേശം 2500 കോടി രൂപ വേണം ശമ്പളം കൊടുക്കാൻ. ശമ്പളം കൊടുക്കാനുള്ള പണം സർക്കാരിന്റെ കയ്യിൽ ഇല്ല. അത് കേന്ദ്രസർക്കാരിന്റെ തലയിൽ കെട്ടിവെയ്ക്കാനുള്ള തന്ത്രമാണിതെന്നും കുമ്മനം പറയുന്നു. മറുനാടന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായ വിമർശനം കുമ്മനം നടത്തുന്നത്.

അതായത്, ശമ്പളം കിട്ടേണ്ട ഉദ്യോഗസ്ഥരെ കേന്ദ്രസർക്കാരിനെതിരെ തിരിക്കുന്നതിന് വേണ്ടിയുള്ള പ്രചരണ പരിപാടിയുമായിട്ടാണ് ഇപ്പോൾ ഇറങ്ങിതിരിച്ചിരിക്കുന്നത്. ഇതെല്ലാം വാസ്തവത്തിൽ രാഷ്ട്രീയ മുതലെടുപ്പാണ്. സാമ്പത്തിക പരിഷ്‌ക്കരണത്തിലൂന്നി ഇവിടുത്തെ പാവങ്ങൾക്ക് എന്തെങ്കിലും ഗുണം ഉണ്ടാകട്ടെയെന്നല്ല, ഇതിനെ രാഷ്ട്രീയമായി ദുർവ്യാഖ്യാനം ചെയ്ത്, ജനങ്ങൾക്കാകെ കുഴപ്പമാണെന്ന വിഭ്രാന്തിയുണ്ടാക്കി, അതിനിടയിലൂടെ രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ശ്രമിക്കുന്നതെന്നും കുമ്മനം വിശദീകരിക്കുന്നു. മാർക്‌സിസ്റ്റ് പാർട്ടിയിൽനിന്നു തന്നെ ചവിട്ടി പുറത്താക്കപ്പെട്ട വി എസ് അച്യുതാനന്ദനാണ് തന്നെ കേരളത്തിൽനിന്നു ചവിട്ടി പുറത്താക്കണമെന്നാവശ്യപ്പെടുന്നതെന്നും കുമ്മനം പറഞ്ഞു. സമകാലികവിഷയങ്ങളെക്കുറിച്ചു മറുനാടൻ മലയാളിയോട് വിശദമായി ബിജെപി സംസ്ഥാന അധ്യക്ഷൻ സംസാരിച്ചു.

സാമ്പത്തിക പരിഷ്‌ക്കരണം വിജയിച്ചാൽ ഇവിടെ സിപിഎമ്മും കോൺഗ്രസും ഉണ്ടാകില്ല. അത് വളരെ വ്യക്തമായിട്ട് അവർക്കറിയാം. അതിനാൽ ഒരു കാരണവശാലും ഇത് വിജയിക്കാൻ പാടില്ല എന്ന് ശാഠ്യമാണ് അവർക്ക്. ആദ്യം 500 ന്റേയും 1000 ന്റേയും നോട്ടച്ചടിച്ചത് ശരിയാണെന്ന് പറഞ്ഞു. ഇപ്പോൾ പറയുന്നു നോട്ട് പിൻവലിച്ചത് ശരിയായില്ലെന്ന്. ഇങ്ങനെ വിത്യസ്ത രീതിയിലുള്ള അഭിപ്രായ പ്രകടനം നടത്തുന്നത് എന്തിനാ..? വ്യക്തമായ നിലപാട് വേണ്ടേ...? പ്രതിപക്ഷ കക്ഷികളിലെ നേതാക്കളെ ദേശീയതലത്തിൽ നോക്കുമ്പോൾ വിത്യസ്ത അഭിപ്രായം പറയുന്നത്, അങ്ങനെയൊരു നിലപാടില്ലാത്തത് കാരണമാണല്ലോ..? മറ്റ് മുഖ്യമന്ത്രിമാർക്ക് ആർക്കും ഇല്ലാത്ത വിഷമം എന്താ പിണറായി വിജയന് മാത്രം..? മറ്റ് മുഖ്യമന്ത്രിമാരിൽ പലരും ഈ നടപടിയോട് യോജിക്കുന്നുണ്ട്-അദ്ദേഹം വിശദീകരിച്ചു.

ബിജെപിക്കാരല്ലാത്ത എത്രയോ രാഷ്ട്രീയ നേതാക്കൾ, സാമ്പത്തികശാസ്ത്ര വിദഗധർ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവർ ഈ സാമ്പത്തിക പരിഷ്‌ക്കരണത്തെ അനുകൂലിക്കുന്നുണ്ട്. എന്തിന് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് പോലും പരിഷ്‌ക്കരണത്തെ അനുകൂലിച്ച് രംഗത്ത് വന്നില്ലേ..?-അദ്ദേഹം ചോദിക്കുന്നു.

കുമ്മനത്തിന്റെ അഭിമുഖത്തിലേക്ക്

ആർബിഐ മുന്നോട്ടവച്ച കെ.വൈ.സി അപ്‌ഡേഷൻ അംഗീകരിക്കാൻ സഹകരണ വകുപ്പ് തയ്യാറാണ് എന്നതാണ് പുതിയ വാർത്ത...?

ഈ കാര്യം കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രിയെ അറിയിച്ചാൽ മതി. അദ്ദേഹവുമായി ചർച്ചചെയ്യാൻ കിട്ടിയ അവസരം എന്തിനാ പാഴാക്കിയത്. അന്ന് ആ അവസരം മുതലെടുത്തിരുന്നെങ്കിൽ കാര്യങ്ങളെല്ലാം ഒത്തുതീർപ്പ് ആയേനെ. പക്ഷെ തീർപ്പായിപ്പോയാൽ ഇവിടെയെങ്ങനെ ഹർത്താൽ നടത്തും.? ഹർത്താൽ നടത്തി പ്രശ്‌നങ്ങൾ ഉണ്ടാവണം. രാപ്പകൽ സമരം നടത്തണം. ഇതൊക്കെയാണ് സിപിഎമ്മിന്റെ ആഗ്രഹം. കുറേ ബഹളം വെയ്ക്കണം എന്നല്ലാതെ ഒരു പരിഹാരം ഉണ്ടാകണം എന്ന് അവർ ആഗ്രഹിക്കുന്നില്ല.

മുഴുവൻ സഹകരണ ബാങ്കുകളും കെ.വൈ.സി അപ്‌ഡേറ്റ് ചെയ്ത് കഴിഞ്ഞാലേ ഇവർക്കിനി ബാങ്കിങ് പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ പറ്റുകയുള്ളു എന്നാണോ നയം..?

മറ്റ് സംസ്ഥാനങ്ങളിലും കേരളത്തിലെ ചില സഹകരണ ബാങ്കുകളും ദേശീയ തലത്തിലുള്ള പണം കൈമാറ്റ നിയമങ്ങൾ അംഗീകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അവർക്ക് ഇപ്പോൾ ഒരു പ്രതിസന്ധിയും ഇല്ല. അപ്പോ, റിസർവ് ബാങ്കിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾക്കനുസരിച്ച്, ഒരു പൊതു വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ ബാങ്കുകൾ നടക്കണം. അത്രയേ ഉള്ളു. അത് നിക്ഷേപത്തിന്റെ സുരക്ഷയുടെ ആവശ്യമാണ്.

കേരളത്തിലെ മൊത്തം ജനസംഖ്യയേക്കാൾ സഹകരണ ബാങ്ക് അക്കൗണ്ടുകൾ ഉണ്ടെന്നാണ് താങ്കൾ മുമ്പ് പറഞ്ഞത്. ഇതിനെതിരെ താങ്കളുടെ പേരിൽ നിരവധി ബാങ്ക് അക്കൗണ്ടുകൾ ഉണ്ടെന്നതിന്റെ തെളിവുകൾ സൈബർ സഖാക്കൾ പുറത്ത് വിട്ടിരുന്നു...

എനിക്ക് പല ബാങ്കുകളിലായി നാല് അക്കൗണ്ടുകൾ ഉണ്ട്. ഒരു ബാങ്കിലല്ല എന്റെ എല്ലാ അക്കൗണ്ടുകളും. പൊതുമേഖലാ ബാങ്കുകളിലടക്കം ഒരാൾക്ക് ഒന്നിലധികം അക്കൗണ്ടുകൾ ഉള്ളത് നല്ലതാണ്. കേരളത്തിലെ സഹകരണ ബാങ്കുകളിൽ മാത്രമായി, മൂന്ന് കോടി നാൽപ്പത്തിയഞ്ച് ലക്ഷം അക്കൗണ്ടുകൾ ഉണ്ടെന്ന് ഞാനല്ല പറഞ്ഞത്. മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതാ. പക്ഷെ ഇവിടുത്തെ പ്രശ്‌നം, സഹകരണ ബാങ്കിൽ ഒരാൾക്ക് ഒന്നിലധികം അക്കൗണ്ടുകൾ ഉണ്ടോ എന്നതാണ്. ഇനി അങ്ങനെയല്ല എങ്കിൽ അത് മുഖ്യമന്ത്രി വ്യക്തമാക്കട്ടെ. അതൊന്ന് പരിശോധിക്കട്ടെ ഇവർ.

പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നു, എംപിമാരും എംഎൽ.എ മാരും ഒമ്പതാം തിയതിക്ക് ശേഷം നടത്തിയ പണമിടപാടുകൾ സംബന്ധിച്ച വിശദാംശം പാർട്ടി അദ്ധ്യക്ഷന് നൽകണമെന്ന്. ഇതുപോലെ കേരളത്തിലെ ബിജെപിയിലെ നേതാക്കളുടെ സ്വത്ത് വിവരങ്ങളും സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുന്നതിന് പാർട്ടി അദ്ധ്യക്ഷൻ എന്ന നിലയിൽ തയ്യാറാണോ..? പല നേതാക്കളുടേയും പേരിൽ അനധികൃത സ്വത്ത് ഉണ്ടെന്ന ആരോപണം നിലനിൽക്കുന്ന സാഹചര്യംകൂടി കണക്കിലടുത്ത്...?

കേരളത്തിൽ കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ ആകെയുള്ള 140 സീറ്റുകളിൽ മത്സരിച്ചതിൽ 98 പേരും ബിജെപി സ്ഥാനാർത്ഥികളാണ്. ഇവരുടെ സ്വത്ത് വിവരം ബിജെപിയുടെ കയ്യിൽ ഉണ്ട്. ബിജെപിയുടെ ഏതാണ്ട് എല്ലാ നേതാക്കളും മത്സരിച്ചതാണ്. ഇനി മത്സരിക്കാത്തവരുടേതടക്കമുള്ള മുഴുവൻ നേതാക്കളുടേയും സ്വത്ത് വിവരം സംസ്ഥാന സമിതി അന്വേഷിക്കും. വ്യക്തമായി പറഞ്ഞാൽ, ജില്ലാ നേതാക്കൾ മുതലുള്ള, എല്ലാ ജനപ്രതിനിധികളുടേതടക്കം, മുഴുവൻ നേതാക്കളുടേയും സാമ്പത്തിക നിലയും പണമിടപാടുകളും അന്വേഷിച്ച് സുതാര്യമാക്കും.

ആ അന്വേഷണ റിപ്പോർട്ട് പൊതുജനത്തിന് അറിയാനായി പ്രസിദ്ധപ്പെടുത്താൻ തയ്യാറാണോ..?

ഇത് പാർട്ടിക്കുള്ളിൽ സൂക്ഷിക്കാനാണ്. എല്ലാം പാർട്ടിക്കുള്ളിൽ സുതാര്യമാണ്. ആവശ്യമായ ഘട്ടത്തിൽ പ്രസിദ്ധപ്പെടുത്തണോ എന്ന് ആലോചിക്കാം..

കുമ്മനത്തേയും കൂട്ടരേയും കേരളത്തിൽ നിന്ന് ചവിട്ടിപുറത്താക്കണമെന്ന് വി എസ് താങ്കളെ അധിക്ഷേപിച്ചിരുന്നു.. ഇത് താങ്കളുടെ ശ്രദ്ധയിൽപെട്ടിരുന്നില്ലേ..?

ചവിട്ടിപുറത്താക്കണമെന്ന് പറയാനുള്ള അസഹിഷ്ണതയുണ്ടാകാൻ മാത്രം ഈ വിഷയത്തിൽ ഞാൻ എന്ത് ചെയ്തു...? അദ്ദേഹത്തിന്റെ പാർട്ടിയിൽ നിന്ന് അദ്ദേഹത്തെ ചവിട്ടിപുറത്താക്കിയിരിക്കുകയാണ്. ഭരണ പരിഷ്‌ക്കാര കമ്മീഷന്റെ ചെയർമാനെന്ന നിലയിൽ താമസിക്കാൻ വീടിനും ഓഫീസിനും വേണ്ടി അലഞ്ഞുനടക്കുന്നയാളാ വി എസ്. അപ്പോ, പാർട്ടിയിൽ നിന്ന് ചവിട്ടിപുറത്താക്കപ്പെട്ട ഒരാള് പറയുന്നത്, അദ്ദേഹത്തിന് ഉണ്ടായ അനുഭവങ്ങളുടെ പശ്ചാത്തലത്തിലുള്ള മാനസിക അവസ്ഥയിൽ നിന്ന് പറഞ്ഞതായിരിക്കണം. ചവിട്ടിപുറത്താക്കണമെന്ന് അദ്ദേഹത്തെ പോലുള്ളൊരു വന്ധ്യവയോധികൻ പറയുമ്പോൾ, അതിന് പ്രത്യേകിച്ച് ഒരു മറുപടിയുടെ ആവശ്യമില്ല.

പിണറായി പൊതുപരിപാടിയിൽ വച്ച് രാജശേഖരാാാ എന്ന് നീട്ടി, ഒരു ഭീഷണിയുടെ സ്വരത്തിൽ വിളിച്ചിരുന്നു...!

അതൊന്നും ഞാനത്ര കാര്യമായി എടുക്കുന്നില്ല. അദ്ദേഹം അദ്ദേഹത്തിന്റെ നിലവാരത്തിൽ നിന്ന് സംസാരിക്കുന്നു. എനിക്കതിന് അതേ ഭാഷയിൽ മറുപടി പറയാൻ ആവില്ല. എനിക്ക് എന്റെ നിലവാരം ഉണ്ട്.

ലേഖകൻ: തോമസ് ഐസക്ക് ഒരു സാമ്പത്തിക വിദഗ്ധൻ ആയിട്ടും നോട്ട് നിരോധനത്തെ ഇങ്ങനെ എതിർത്ത് സംസാരിക്കുന്നതിന്റ അടിസ്ഥാനം എന്തായിരിക്കും..?

രാഷ്ട്രീയ കാരണത്താലാണ് ഐസക്ക് സാമ്പത്തികശാസ്ത്രത്തിലുള്ള അവബോധം മറച്ചുവക്കുന്നത്. ഇത് രാഷ്ട്രീയക്കാരനായി മാറലാണ്. അവർ ഒരു ധനതത്ത്വ ശാത്രജ്ഞനാണെങ്കിൽ, സത്യസന്ധമായി ഈ വിഷയത്തെ വിലയിരുത്തുമായിരുന്നു. സാമ്പത്തിക ഉപദേഷ്ടാവ് ഗീത ഗോപിനാഥ് സത്യസന്ധമായിട്ട് വിലയിരുത്തിയതാണ്. അപ്പോൾ ധനകാര്യ ഉപദേഷ്ടാവ് ഒന്നുപറയുന്നു. ധനമന്ത്രി മറ്റൊന്ന് പറയുന്നു. അപ്പം ധനകാര്യ മന്ത്രി മാർക്‌സിസ്റ്റ് പാർട്ടിയുടെ നേതാവ് എന്ന നിലയക്കാണ് അദ്ദേഹം അഭിപ്രായം പറഞ്ഞുകൊണ്ടിരിക്കുന്നത്. അതിനെ രാഷ്ടീയമായി മാത്രമേ കണേണ്ടതുള്ളൂ.

.

 മവോയിസ്റ്റുകളെ കൊന്ന വിഷയത്തിൽ എന്താണ് ബിജെപിയുടെ നിലപാട്..?

സിഎച്ച് അച്യുതമേനോൻ മുഖ്യമന്ത്രിയായിരിക്കുമ്പോളാണ് നക്‌സൽ വർഗീസ് കൊല്ലപ്പെട്ടത്. അദ്ദേഹം മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് അടിയന്തരാവസ്ഥയുണ്ടായതും കസ്റ്റഡിയിൽ കിടന്ന രാജൻ പൊലീസിന്റെ അതിക്രൂരമായ മർദ്ദനത്തെ തുടർന്നു മരണപ്പെട്ടതും, ഇതെല്ലാം സിപിഐയുടെ ഭരണകാലത്താണ്. ഇപ്പോൾ സിപിഐ അതിനും കൂടി ഉത്തരം പറയണം. അഭിപ്രായം പറഞ്ഞ് മാറി നിൽക്കുന്നതിന്റെ അപ്പുറത്തായി, സർക്കാരിന്റെ മുന്നിലെ ഒരു സമ്മർദ്ദ ശക്തിയായി കാര്യങ്ങൾ ചെയ്യണം. അല്ലെങ്കിൽ പിന്നെ അതിലാത്മാർത്ഥതയില്ല. എന്തായാലും മോവോവാദികളായ രണ്ട് പേർ കൊലചെയ്യപ്പെടാനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷണം അത്യാവശ്യമാണ്. അതിനെ സംബന്ധിച്ച് മുഖ്യമന്ത്രി എന്തുകൊണ്ട് അഭിപ്രായം പറയുന്നില്ല..? ഇതുപോലെ പല സംഭവങ്ങളും കേരളത്തിന് പുറത്തുണ്ടാകുമ്പോൾ ചാടിവീഴുന്നവരാണല്ലോ സിപിഎമ്മുകാർ. കസബിനും മേമനും വധശിക്ഷ നൽകരുതെന്ന് പറഞ്ഞ മുഖ്യമന്ത്രി എന്തേ രണ്ടു പേർ സംശായാസ്പദ സാഹചര്യത്തിൽ കൊല്ലപ്പെട്ടിട്ടും പ്രതികരിക്കാത്തേ..? ഇത് ഇരട്ടത്താപ്പാണ്.

കഴിഞ്ഞ ദിവസം ആർ.എസ്.എസിന്റെ ഒരു നേതാവ് സിപിഎമ്മിലേക്ക് വന്നു. കണ്ണൂരിലെ ഒകെ വാസു  പറയുന്നു, ഇനിയും നേതാക്കൾ സിപിഎമ്മിലേക്ക് വരുമെന്ന്..?

ഇതൊക്കെ ദിവാസ്വപ്നമാണ്. പോയി എന്ന് പറയുന്നതിൽ എനിക്ക് വിശ്വാസമില്ല. അവർക്ക് നിൽക്കക്കള്ളി ഇല്ലാതെ വരുമ്പോൾ, ബിജെപിയിൽ നിന്ന് ആളുകൾ സിപിഎമ്മിലേക്ക് വരാൻ പോകുകയാണെന്ന് പ്രചരിപ്പിക്കുന്നത് സ്വന്തം കാൽചുവട്ടിലെ മണ്ണ് പോകുന്നു എന്ന് മനസ്സിലാക്കിക്കൊണ്ടാണ്. സികെപിയെപ്പോലൊരാൾ സിപിഎമ്മിലേക്ക് പോകുമെന്ന് പറയുന്ന ഇവരോടൊക്കെ എന്ത് പറയാനാ..? സിപിഐ(എം) നേതാക്കൾ അവരുടെ പാർട്ടിയിലെ കാര്യങ്ങൾ മാത്രം നോക്കിയാൽ മതി. ഇപ്പോഴുള്ളവർകൂടി പാർട്ടി വിടുമോയെന്ന് നോക്കിയാൽ മതി അവർ.

പാർട്ടിയുടെ കേരളത്തിലെ ഏക എംഎ‍ൽഎയായ ഒ രാജഗോപാൽ, നിയമസഭാ സമാജികൻ എന്ന നിലയിൽ വേണ്ടത്ര മികവ് പുലർത്തുന്നില്ലെന്ന വിമർശനം സജീവമാണ്...?

ആർ.എസ്.എസിന്റേയും ബിജെപിയുടേയും ഭാഗത്ത് നിന്ന് അങ്ങനെയൊരഭിപ്രായം ഇല്ല. ബിജെപിയുടെ എംഎ‍ൽഎ എന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രവർത്തനം അങ്ങേയറ്റം പ്രശംസനീയമാണ്. സഹകരണ മേഖലയിലെ പ്രശനങ്ങൾ സംബന്ധിച്ച് അദ്ദേഹം ചുരുങ്ങിയ സമയത്തിനുള്ളിൽ മികച്ച പ്രസംഗമാണ് സഭയിൽ നടത്തിയത്. അദ്ദേഹത്തിന്റെ ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കാൻ അവർക്കാർക്കും കഴിഞ്ഞില്ലല്ലോ..? ഒരു എംഎ‍ൽഎയ്ക്ക് ഒറ്റയ്്ക്ക് പ്രമേയം അവതരിപ്പിക്കാൻ പറ്റില്ല. പിന്താങ്ങാൻ ആള് വേണം. അനുവദിക്കുന്ന സമയം ഒരു മിനുറ്റാണ്. ആ സമയം അദ്ദേഹം പരമാവധി ഉപയോഗപ്പെടുത്തുന്നുണ്ട് എന്നാണ് പാർട്ടിയുടെ നിലപാട്.

ബിജെപിസംഘപരിവാർ പ്രസ്ഥാനങ്ങൾക്കെതിരെ വാർത്തകൾ പടച്ചുവിടുന്നത് പഴയ എസ്.എഫ്.ഐക്കാരായ മാദ്ധ്യമപ്രവർത്തകരാണെന്നാണ് കെ സുരേന്ദ്രൻ അഭിപ്രായപ്പെട്ടത്..താങ്കൾക്കും അതേ നിലപാടാണോ,...?

സംഘപരിവാർ പ്രസ്ഥാനങ്ങൾക്ക് നേരെ മാദ്ധ്യമരംഗത്ത് മാത്രമല്ല ഉദ്യോഗസ്ഥ രംഗത്തും ഒരു വലിയ ലോബി പ്രവർത്തിക്കുന്നുണ്ട്. പൊലീസിലും പഴയ കമ്മ്യൂണിസ്റ്റ്കാരുണ്ട്. കീ പോസ്റ്റിലെല്ലാം കമ്മ്യൂണിസ്റ്റ്കാരെയാ വച്ചിരിക്കുന്നത്. അവരാണ് ഇപ്പോൾ അകാരണമായി നേതാക്കളെയടക്കം, ഓരോരുത്തരെ അറസ്റ്റ് ചെയ്യുന്നതും കള്ളക്കേസിൽ കുടുക്കുന്നതും. ഇത് തന്നെയാണ് മാദ്ധ്യമരംഗത്തും. ഭൂരിഭാഗവും പഴയ എസ്.എഫ്,ഐ ഡിവൈ.എഫ്.ഐക്കാരാണ്. അവർ അവർക്കാകുന്നത് പോലെ ചെയ്യുന്നുവെന്ന് മാത്രം.

കെപി ശശികല ടീച്ചറും ചില സലഫി പ്രഭാഷകരും കേരളത്തെ വർഗ്ഗീയവൽക്കരിക്കാൻ പ്രസംഗങ്ങളിലൂടെ ശ്രമിക്കുകയാണ്. ഇത് കേരളത്തിന്റെ മതേതര മൂല്യത്തിന് ഭൂഷണമാണോ..?

ശശികല ടീച്ചർ പ്രസംഗിക്കുന്നത് വർഗ്ഗീയപരമാണെന്ന് പ്രചരിപ്പിക്കുന്നത് ചിലരുടെ ആവശ്യമാണ്. ടീച്ചറുടെ ശബ്ദം കേരളത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടുപോയ സമൂഹത്തിന്റെ ശബ്ദമാണ്. എല്ലാ വിധ സ്വാതന്ത്ര്യങ്ങളും നിഷേധിക്കപ്പെട്ട്, അവകാശങ്ങളും ധ്വംസിക്കപ്പെട്ട്, ജീവിക്കാൻ നിവൃത്തിയില്ലാത്ത, ഈ നാട്ടിലെ പട്ടികജാതിപട്ടിക വർഗ്ഗക്കാരുടേയും, വിമോചനത്തിന് വേണ്ടി വളരെ ധീരമായ നിലപാട് സ്വീകരിച്ചുകൊണ്ട് ഇന്ന് പൊതുവേദികളിൽ, പ്രസംഗങ്ങൾ നടത്തിവരുന്നതാണ് ടീച്ചർ. പതിനായിരക്കണക്കിന് ജനങ്ങൾ അതിൽ ആകർഷിക്കപ്പെടുന്നു. അതിൽ അസഹിഷ്ണുക്കളായവർ ഓരോ കള്ളപ്രചരണം നടത്തുകയാണ്. അതിനെ നിയമപരമായി നേരിടാൻ ധൈര്യം ഉള്ളവർ അങ്ങനെ ചെയ്യട്ടേ...

സംസ്ഥാന ഘടകത്തിൽ നേരത്തെ, മുരളീധരൻ പക്ഷവും കൃഷ്ണദാസ് പക്ഷവും മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാലിപ്പോൾ കുമ്മനം പക്ഷവും ഉണ്ടെന്നാണ് പാർട്ടി ശത്രുക്കൾ പറയുന്നത്.?

ബിജെപിയിൽ ഒരു പക്ഷമേ ഉള്ളൂ.. അത് ബിജെപി പക്ഷമാണ്.

പീസ് സ്‌കൂളുകളുമായി മതപ്രഭാഷകൻ സാക്കിർ നായിക്കിന് ബന്ധം ഉണ്ടെന്ന് കേരള പൊലീസിനും വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ട്. എന്നാൽ ഈ വിഷയത്തിൽ ബിജെപി ശക്തമായ നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് കുറ്റബോധം ഉണ്ടോ..? കേരളം തീവ്രവാദ പ്രവർത്തനങ്ങൾക്ക വളക്കൂറുള്ള മണ്ണാണെന്ന് ഐഎസു പോലും തിരിച്ചറിഞ്ഞു എന്ന് തോന്നുന്നു..?

വിഷയത്തിൽ കേന്ദ്ര സർക്കാർ ശക്തമായ നിലപാട് സ്വീകരിച്ചതും സാക്കീർ നായിക്കിന്റെ സംഘടനയുടെ പ്രവർത്തനം അവസാനിപ്പിച്ചതുമെല്ലാം ബിജെപി കേരള ഘടകം കൊടുത്ത അപേക്ഷയി•േലാണ്. തീവ്രവാദ വിഷയങ്ങളിൽ ബിജെപി വിട്ടുവീഴ്ച കാണിക്കില്ല. മഞ്ചേരിയിലെ സത്യതരണിയിലേക്ക് പതിനായിരങ്ങൾ പങ്കെടുത്ത മാർച്ച നടത്തിയത് ഇതിന് ഉദാഹരണമാണ്. കേസിൽ എൻ.ഐ.എ ശക്തമായ നടപടി സ്വീകരിക്കുന്നുണ്ട്. പക്ഷെ തീവ്രവാദ പ്രവർത്തനങ്ങളോട് സംസ്ഥാന സർക്കാർ ഇന്നും അന്നും മൃദുസമീപനമാണ്. അതുകൊണ്ടാണ് എല്ലാ തീവ്രവാദ പ്രവർത്തനങ്ങളും കേരളത്തിൽ നടക്കുന്നത്. മാറാട് കൂട്ടക്കൊല കേസിൽ സിബിഐ അന്വേഷണം ഇതുവരെ നടക്കാതെ പോയതിന്റെ കാരണം എന്താണ്..? കളമശ്ശേരി ബസ് കത്തിക്കൽ കേസ്, കൈവെട്ട് കേസ്, അങ്ങാടിപ്പുറത്ത് ക്ഷേത്ര ഗോപുരം കത്തിച്ച കേസാണെങ്കിലും ഇതിലൊന്നും യഥാർത്ഥ പ്രതികളെ പിടികൂടാൻ പറ്റുന്നില്ലല്ലോ..? എൻ.ഐ.എ ഏറ്റെടുത്ത കേസുകളിലല്ലേ തെളിവ് കിട്ടുന്നുള്ളു.. മലപ്പുറത്തേയും കൊല്ലത്തേയും ബോബ് സ്‌ഫോടനത്തിൽ എൻ.ഐ.എ അല്ലേ പ്രതികളെ പിടിച്ചത്. മോവോ തീവ്രവാദികളെ വെടിവച്ച് കൊല്ലാൻ കേരള പൊലീസിന് ധൈര്യം ഉണ്ടെങ്കിൽ, എന്തുകൊണ്ട് ആ കാർക്കശ്യം മത തീവ്രവാദികളോട് സ്വീകരിക്കുന്നില്ലാ..? തീവ്രവാദം അത് തീവ്രവാദം തന്നെയാണ്. അത് മാവോയുടെ ആണെങ്കിലും ഐ.എസിന്റെ ആണെങ്കിലും. തീവ്രവാദത്തോട് ഒരേ നയമായിരിക്കണം.. എന്താണ് അങ്ങനെ ഒരു നയം സ്വീകരിക്കാത്തത്. ബാഹ്യമായ സമ്മർദ്ദം ഉണ്ടെന്നത് വ്യക്തമാണ്. അല്ലെങ്കിൽ പൊലീസ് ഉദ്യോഗസ്ഥരിൽ ഒരു വിഭാഗം ഇക്കാര്യങ്ങളിൽ സഹകരിക്കാത്തതുകൊണ്ടാണോ..? രണ്ട് കണ്ടെയ്‌നർ കള്ളനോട്ട് വിഎസിന്റെ കാലത്ത് കേരളത്തിൽ വന്നിട്ട് എന്തായി..? ആ കേസ് എവിടെയെങ്കിലും ഉണ്ടോ..?