ന്യൂഡൽഹി: മിസോറാം ഗവർണർ സ്ഥാനം ഏറ്റെടുക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെന്ന് ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചെങ്കിലും രാഷ്ട്രപതിയുടെ നിയമന ഉത്തരവ് പുറത്തിറങ്ങിയ സാഹചര്യത്തിൽ ഗവർണർ പദവി ഏറ്റെടുത്ത് കുമ്മനം രാജശേഖരൻ. മനസില്ലാ മനസോടെ തന്നെ അദ്ദേഹം നാളെ മിസോറാം ഗവർണറായി സത്യപ്രതിജ്ഞ ചെയ്യും. നാളെ രാവിലെ 11.15നാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. ബിജെപി അധ്യക്ഷ സ്ഥാനത്തു നിന്നും കുമ്മനത്തെ മാറ്റാൻ വേണ്ടിയാണ് ഗവർണർ സ്ഥാനം നൽകിയതെന്ന ആക്ഷേപം ഉയർന്നിരുന്നു. ഇതിനിടെയാണ് അദ്ദേഹം ബിജെപി കേന്ദ്രനേതാക്കളെ കാണാൻ എത്തിയത്.

ഒരു സ്ഥാനവും മോഹിച്ചിട്ടില്ല. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാനാണ് ഇഷ്ടമെന്നും കുമ്മനം വ്യക്തമാക്കിയിരുന്നു. എന്നാൽ അതേസമയം രാഷ്ട്രപതിയുടെ ഉത്തരവ് നിരസിക്കില്ലെന്നും സൂചനയും അതിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണു കുമ്മനം രാജശേഖരനെ മിസോറം ഗവർണറായി രാഷ്ട്രപതി റാംനാഥ് കോവിന്ദ് നിയമിച്ചത്. മിസോറമിലെ നിലവിലെ ഗവർണർ നിർഭയ് ശർമ ഈ മാസം 28നു സ്ഥാനമൊഴിയുന്ന സാഹചര്യത്തിലായിരുന്നു നിയമനം. ഈ വർഷം ഒടുവിൽ മിസോറമിൽ നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കുകയാണ്.

2015 ഡിസംബറിലാണ് അദ്ദേഹം ഏറക്കുറെ അപ്രതീക്ഷിതമായി പാർട്ടി സംസ്ഥാന അധ്യക്ഷനായത്. ഇപ്പോൾ ഗവർണർസ്ഥാനത്ത് എത്തുന്നതും അപ്രതീക്ഷിതമായിത്തന്നെ. ഗവർണർപദവിയിലെത്തുന്ന പതിനെട്ടാമത്തെ മലയാളിയാണ് കോട്ടയം ജില്ലയിലെ കുമ്മനം വാളാവള്ളിയിൽ കുടുംബാംഗമായ കുമ്മനം രാജശേഖരൻ. ആർഎസ്എസ് പ്രചാരകനായിരുന്ന അദ്ദേഹത്തിന്റെ സേവനം ബിജെപിക്കു വിട്ടുനൽകുകയായിരുന്നു. സാധാരണ, ആർഎസ്എസ് പ്രചാരകർ ബിജെപിയിൽ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി സ്ഥാനമാണു വഹിക്കാറുള്ളത്. എന്നാൽ, കേരളത്തിലെ അസാധാരണ സാഹചര്യത്തിൽ കുമ്മനത്തെ സംസ്ഥാന അധ്യക്ഷനാക്കണമെന്ന വാദം ദേശീയ നേതൃത്വം അംഗീകരിക്കുകയായിരുന്നു.

ആർഎസ്എസ് പ്രവർത്തനത്തിലേക്ക് തിരിച്ചു പോകാനാണ് കുമ്മനം ആഗ്രഹിക്കുന്നതെന്നാണ് അദ്ദേഹം സൂചിപ്പിച്ത്. വീടോ കുടുംബമോ ഇല്ലാത്ത കുമ്മനത്തിന് തീർത്ഥാടന ജീവിതത്തോടാണ് താൽപ്പര്യം. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ വച്ച് സംസ്ഥാന അധ്യക്ഷനെ ഗവർണ്ണറാക്കി മാറ്റിയതിൽ സംസ്ഥാന ആർഎസ്എസ്സിന് അതൃപ്തിയുണ്ട്. കുമ്മനത്തെ ഒഴിവാക്കിയെന്ന തോന്നലാണ് ആർഎസ്എസ്സിന്. ഇക്കാര്യം കുമ്മനവുമായി ആർഎസ് എസ് നേതാക്കൾ സംസാരിച്ചു. മിസോറാം ഗവർണ്ണറുടെ കാലാവധി നാളെ തീരും. ഈ സാഹചര്യത്തിൽ മനസില്ലാ മനസോടെയാണ് അദ്ദേഹം ചുമതലയേൽക്കുന്നത്.

അതേസമയം ആർഎസ് എസ്സിനുണ്ടായ അതൃപ്തി തീർക്കാൻ കുമ്മനത്തിനും ആർഎഎസിനം താൽപ്പര്യമുള്ള അധ്യക്ഷൻ വരുമെന്നാണ് അറിയുന്നത്. പദവി ഏറ്റെടുക്കണമെങ്കിൽ ആർഎസ്എസ്സിന് കൂടി താല്പര്യമുള്ളയാളെ പകരക്കാരനാക്കണമെന്ന ഉപാധി ഒരുപക്ഷെ കുമ്മനം മുന്നോട് വെക്കാനും സാധ്യതയുണ്ട്. അതിനിടെ സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക് കെ.സുരേന്ദ്രനായി മുരളീധരവിഭാഗവും എംടി രമേശിനായി പികെ കൃഷ്ണദാസ് പക്ഷവും കരുക്കൾ നീക്കുന്നുണ്ട്. പിഎസ്.ശ്രീധരൻപിള്ള ആർഎസ് എസിന്റെ ബൗദ്ധിക വിഭാഗം പ്രജ്ഞാവാഹകിന്റെ തലപ്പത്തുള്ള ജെ.നന്ദകുമാർ വിജ്ഞാൻഭാരതിയിലെ എ ജയകുമാർ എന്നിവരെയും പരിഗണിക്കുന്നുണ്ട്.