- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗവർണ്ണറുടെ പ്രതികരണം സഹികെട്ടതിന് ശേഷം; ഭരണഘടനാപരമായി നൽകിയിട്ടുള്ള ചുമതലകൾ നിർവഹിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകാത്തതിന്റെ പ്രതികരണമാണ് ഗവർണറുടേത്: കുമ്മനം രാജശേഖരൻ
കണ്ണൂർ: സംസ്ഥാനത്തെ യൂണിവേഴ്സിറ്റികളിൽ തങ്ങളുടെ ഇഷ്ടക്കാരെ നിയമിക്കാനുള്ള സിപിഎം സമ്മർദ്ദം സഹിക്കാൻ കഴിയാത്തതിനെ തുടർന്നാണ് ഗവർണർ ആരിഫ് മുഹമ്മദ്ഖാന്റെ പ്രതികരണമെന്ന് മിസോറാം മുൻ ഗവർണറും ബിജെപി ദേശീയ നിർവ്വാഹക സമിതിയംഗവുമായ കുമ്മനം രാജശേഖരൻ പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനാപരമായി നൽകിയിട്ടുള്ള ചുമതലകൾ നിർവഹിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകാത്തതിന്റെ പ്രതികരണമാണ് ഗവർണർ നടത്തിയതെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.
സർവകലാശാല വൈസ്ചാൻസലർ നിയമനവുമായി ബന്ധപ്പെട്ടാണ് ഗവർണറുടെ പ്രതിഷേധം. കൃത്യമായ നടപടിക്രമങ്ങളോടെ നടക്കേണ്ടതാണ് വൈസ്ചാൻസലർ നിയമനം. എന്നാൽ അതിനെ മറികടന്ന് നീങ്ങാനാണ് സർക്കാർ ശ്രമിച്ചത്. ഗവർണറെ സമ്മർദ്ദത്തിലാക്കി തീരുമാനങ്ങൾ നടപ്പിലാക്കാനാണ് സംസ്ഥാന സർക്കാരിന്റെ നീക്കമെന്നും കുമ്മനം പറഞ്ഞു.മുഖ്യമന്ത്രിയുടെ ആജ്ഞാനുവർത്തിയല്ല ഗവർണ്ണർ. മറ്റൊരു സംസ്ഥാനത്തും കേൾക്കാത്ത നിലപാട് കേരള ഗവർണ്ണർക്ക് സ്വീകരിക്കേണ്ടി വരുന്നു. രാജ്ഭവനെയും സെക്രട്ടറിയേറ്റിനേയും നിയന്ത്രിക്കുന്നത് എകെജി സെന്റർ ആകണമെന്നുള്ള പിടിവാശിയാണ് കാണിക്കുന്നത്.
എല്ലാം മുഖ്യമന്ത്രിയുടെ കൈകളിലേക്ക് വരണം എന്ന രീതി മാറ്റണം. സിപിഎം മതസംഘടനയാണോ രാഷ്ട്രീയ സംഘടനയാണോ എന്ന് വ്യക്തമാക്കണം. സിപിഎം എന്തിന് മതകാര്യങ്ങളിൽ ഇടപെടുന്നു. ക്ഷേത്രങ്ങൾ പിടിച്ചെടുക്കുന്നത് എന്തിനെന്നും സംസ്ഥാനത്ത് സെൽഭരണം കൊണ്ടുവരാൻ സിപിഎം ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ സർവകലാശാലയിൽ രാഷ്ട്രീയ നിയമനം നടന്നിട്ടില്ലെന്ന് കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ.ഗോപിനാഥ് രവീന്ദ്രൻ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.
വി സി മായുള്ള തന്റേത് രാഷ്ട്രീയ നിയമനമാണോയെന്ന് നിയമിച്ചവരോട് ചോദിക്കണം. കേരളാ ഗവർണരാണ് നിയമനം നടത്തിയത്. സ്ഥാനം ഒഴിയുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. നാല് വർഷത്തേയ്ക്കാണ് ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം നൽകിക്കൊണ്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നൽകിയത്. നിയമന വിവാദം കത്തി നിൽക്കുന്ന സാഹചര്യത്തിലാണ് വിസിയായിവീണ്ടും നിയമനം നൽകാനുള്ള സർക്കാർ ശുപാർശ ഗവർണർ അംഗീകരിച്ചത്.
കേരളാ ഗവർണരാണ് നിയമനം നടത്തിയതെന്നും സ്ഥാനം ഒഴിയുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും വി സി പറഞ്ഞു അതേസമയം കാലടി, കണ്ണൂർ സർവകലാശാലകളിലെ വി സി നിയമനങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതിഷേധം പരസ്യമാക്കി മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. കണ്ണൂർ വൈസ് ചാൻസലറുടെ പുനർനിയമനം അടക്കം വിവിധ കാര്യങ്ങളിലെ അതൃപ്തി പരസ്യമാക്കിയ ഗവർണർ, ചാൻസലർ എന്ന പരമാധികാര പദവി താൻ ഒഴിഞ്ഞുതരാമെന്നും, സർക്കാരിന് വേണമെങ്കിൽ തന്നെ നീക്കം ചെയ്യാമെന്നും കടുത്ത ഭാഷയിലുള്ള കത്തിലാണ് പ്രതികരിച്ചത് സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ പങ്കെടുത്തു വരികയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹം ഇതു വരെ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ