തിരുവനന്തപുരം: പൊള്ളയായ അവകാശവാദങ്ങളും അനാവശ്യമായ കേന്ദ്രവിരോധവും കുത്തിനിറച്ചതാണ് നയപ്രഖ്യാപന പ്രസംഗമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ.

മുൻ ന്യായാധിപൻകൂടിയായ ഗവർണർ പി. സദാശിവത്തെകൊണ്ട് നുണ പറയിപ്പിക്കാൻ സർക്കാർ നടത്തിയ ശ്രമം അപലപനീയമാണ്. സർക്കാർ തയ്യാറാക്കിയ പ്രസംഗത്തിൽ അഞ്ചാംപേജിൽ അടിസ്ഥാനരഹിതമായ കേന്ദ്രവിരോധമാണ്. അതുകൊണ്ടുതന്നെയാവണം ഗവർണർ വായിക്കാതെ അത് ഒഴിവാക്കിയത്. അത് അപരാധമായി ചിലർ കൊട്ടിഘോഷിക്കുകയാണ്.

സർക്കാരിന്റെ പ്രസംഗങ്ങളിൽ ചിലത് ഒഴിവാക്കുന്നത് പുതിയ കാര്യമല്ല. പ്രസംഗം വായിച്ചതായി കണക്കാക്കണമെന്ന് പറഞ്ഞ് മേശപ്പുറത്ത് വച്ച ചരിത്രവുമുണ്ട്. ഗവർണർ റബ്ബർസ്റ്റാമ്പാണെന്ന് കരുതുന്നവരാണ് അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നത്. കുമ്മനം പറഞ്ഞു.

കേരളത്തിലെ ഇടതുമുന്നണിയുടെ 20 മാസത്തെ ഭരണം ജനങ്ങൾക്ക് സംതൃപ്തിയും സമാധാനവും നൽകിയെന്ന വാദം അസംബന്ധമാണ്. കേരളംകൂടി ഉൾപ്പെട്ട കൗൺസിലാണ് ഏതൊക്കെ രീതിയിലാണ് ജിഎസ്ടി നടപ്പാക്കേണ്ടതെന്ന് നിശ്ചയിക്കുന്നത്. ജിഎസ്ടി ജനങ്ങൾക്ക് വലിയ നേട്ടമുണ്ടാക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധരെല്ലാം വിലയിരുത്തുന്നു. അത് ഭംഗിയായി നടപ്പാക്കാൻ ശ്രമിക്കുന്നതിനുപകരം ഇടങ്കോലിടാനുള്ള ശ്രമം അപലപനീയമാണെന്നും കുമ്മനം പറഞ്ഞു.