കൊച്ചി: സംസ്ഥാനത്തെ പൊലീസുകാരെ സഖാക്കളാക്കി മാറ്റാനാണ് സർക്കാരിന്റെ ശ്രമമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ. പൊലീസിനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ സർക്കാർ അനുവദിക്കുന്നില്ല. അവരെ സഖാക്കന്മാരായി മാറ്റാനാണ് ശ്രമം. പൊലീസിനെ നിയന്ത്രിക്കാൻ കഴിയില്ലെങ്കിൽ ക്രമസമാധാനത്തിന് സേനയെ വിളിക്കണമെന്നും കുമ്മനം പറഞ്ഞു.

ഇക്കാര്യത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനോട് സംസാരിച്ചിട്ടുണ്ട്. സംഘർഷം നിയന്ത്രിക്കാൻ സംസ്ഥാന ആഭ്യന്തര വകുപ്പിന് കഴിയുന്നില്ലെന്നാണ് ചെറുവത്തൂരിലെ സംഭവങ്ങൾ വ്യക്തമാക്കുന്നത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് വ്യക്തമാക്കണം. കാസർഗോഡ് ചെറുവത്തൂരിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് കുമ്മനത്തിന്റെ പ്രതികരണം.

ചെറുവത്തൂരിലെ സംഘർഷം ഏകപക്ഷീയമാണെന്നും കുമ്മനം കുറ്റപ്പെടുത്തി. പ്രവർത്തകരോടും നേതാക്കളോടും റോഡിലൂടെ സഞ്ചരിക്കരുതെന്നാണ് പൊലീസ് നിർദ്ദേശം. ഇത് അരാജകത്വമാണ്. എല്ലാ രാഷ്ട്രീയ പാർട്ടികളും ഇതിനെതിരായി രംഗത്തുവരണം. സംഘടനാ സ്വാതന്ത്രമാണ് നിഷേധിക്കപ്പെടുന്നത്. സിപിഐ.എം നീക്കത്തിനെതിരെ ജനകീയ മുന്നേറ്റം സംഘടിപ്പിക്കുമെന്നും കുമ്മനം പറഞ്ഞു.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സമാധാനയോഗം വിളിച്ചു ചേർത്ത ശേഷവും തുടരുന്ന അക്രമങ്ങളെക്കുറിച്ച് സിപിഐ(എം) മറുപടി പറയണം. പിണറായി വിജയൻ പാർട്ടി നേതാവിനപ്പുറം മുഖ്യമന്ത്രിയായി ഉയരണമെന്നും കുമ്മനം പറയുന്നു.

സഹകരണ മേഖലയുടെ പേര് പറഞ്ഞ് ജനങ്ങളിൽ വിഭ്രാന്തി പരത്താനാണ് സർക്കാർ ശ്രമിച്ചതെന്ന് കുമ്മനം കുറ്റപ്പെടുത്തി. സഹകരണ മേഖലയെ സർക്കാർ സുതാര്യമാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ സഹകരണ സംരക്ഷണ സമ്മേളനം എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.