- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാറിലെത്തിയ സംഘം ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ചു; പെട്രോൾ ബോംബ് കാറിൽ വീണെങ്കിലും ആളിക്കത്താത്തത് ഭാഗ്യമായി; പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയതും ഷിജു വർഗ്ഗീസ്; ഇഎംസിസി ഡയറക്ടർ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന മന്ത്രി മേഴ്സിക്കുട്ടി അമ്മ പറഞ്ഞത് വാർത്തയുണ്ടാക്കാൻ; കുണ്ടറയിൽ നടന്നത് ആസൂത്രിത ആക്രമണം
കുണ്ടറ: കൊല്ലം: കാറിലെത്തിയ ഒരു സംഘം തന്നെ ബോംബെറിഞ്ഞ് അപായപെടുത്താൻ ശ്രമിച്ചുവെന്ന് സ്വതന്ത്ര സ്ഥാനാർത്ഥി ഇഎംസിസി ഡയറക്ടർ ഷിജു വർഗീസ്. കണ്ണന്നല്ലൂർ-കുരീപ്പള്ളി റോഡിൽ വച്ചായിരുന്നു ആക്രമണം. ആരാണ് പിന്നിലെന്ന് അറിയില്ല. ഈ സംഭവത്തിന്മേൽ പരാതി നൽകാനാണ് പൊലീസ് സ്റ്റേഷനിലെത്തിയത്. തന്റെ കാറിൽ നിന്ന് ഒന്നും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും മന്ത്രി മേഴ്സിക്കുട്ടിയമ്മ താൻ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന രീതിയിൽ നടത്തിയ പ്രചരണങ്ങൾ അവസാനിപ്പിക്കണമെന്നും ഷിജു വർഗീസ് പ്രതികരിച്ചു. ഇതോടെ വിവാദം പുതിയ തലത്തിലെത്തുകയാണ്.
ഷിജു വർഗീസിനെ കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നും ബോംബാക്രമണം ഉണ്ടായി എന്ന പരാതിയുമായി ഷിജു പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നുവെന്നുമാണ് പൊലീസും പറഞ്ഞത്. ഷിജുവിന്റെ വാഹനത്തിൽ നിന്ന് ഇന്ധനം പിടിച്ചിട്ടില്ലെന്നും കണ്ണനല്ലൂർ പൊലീസ് വ്യക്തമാക്കി. ഇതോടെ മന്ത്രി കള്ളം പറഞ്ഞുവെന്നും വ്യക്തമായി. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി .ഇന്ന് രാവിലെ അഞ്ചരയോടെ് തന്റെ വാഹനത്തിന് നേരെ പെട്രോൾ ബോംബ് ആക്രമണമുണ്ടായെന്ന് പരാതിപ്പെട്ട് ഷിജുവർഗീസ് പൊലീസിൽ പരാതി നൽകുകയായിരുന്നുവെന്നും ഇയാൾ വാദിയാണെന്നും പൊലീസ് വ്യക്തമാക്കി. കാറിൽ നിന്ന് ഒരു കുപ്പി പെട്രോൾ ലഭിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാൽ അതും പൊലീസ് തള്ളിക്കളഞ്ഞു.
കുണ്ടറയിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഇഎംസിസി ഡയറക്ടർ ഷിജു വർഗീസ് ശ്രമിച്ചുവെന്ന ആരോപണവുമായി മന്ത്രി മേഴ്സിക്കുട്ടിയമ്മ നേരത്തെ രംഗത്തു വന്നിരുന്നു. കുണ്ടറയിൽ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഷിജു വർഗീസ് രാവിലെ ആക്രമിക്കപ്പെട്ടുവെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമങ്ങൾ നടത്തിയെന്നും പൊലീസ് ഇടപെട്ട് ഇത് തടഞ്ഞുവെന്നും മേഴ്സിക്കുട്ടിയമ്മ മാധ്യമങ്ങളോട് വെളിപ്പെടുത്തി. വലിയ ബ്രേക്കിങ് ന്യൂസുണ്ടെന്ന തരത്തിലായിരുന്നു പ്രഖ്യാപനം. ഇതോടെ മാധ്യമങ്ങളും വാർത്ത നൽകി. പിന്നീടാണ് പൊലീസ് മന്ത്രിയെ തള്ളി എത്തിയത്.
ഷിജുവർഗീസ് പെട്രോൾ കൊണ്ടുവന്ന് സ്വയം ഒഴിച്ചുകത്തിക്കാൻ ശ്രമിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇദ്ദേഹത്തിന്റെ കാറിൽ നിന്ന് പെട്രോൾ നിറച്ച കുപ്പി കണ്ടെടുത്തെന്നും ഇയാൾ പൊലീസ് കസ്റ്റഡിയിലായെന്നുമാണ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. ബോധപൂർവം അപകടം വരുത്തി ഇടതുപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ആക്രമണം ഉണ്ടായി എന്ന് ആരോപിക്കാനുള്ള നീക്കമായിരുന്നു നടന്നതെന്നാണ് മന്ത്രി മേഴ്സിക്കുട്ടിയമ്മ ആരോപിച്ചത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് ഇത് അട്ടിമറിക്കാനുള്ള ഗൂഢാലോചനകൾ ആരംഭിച്ചിരുന്നു. കടൽ വിദേശകമ്പനികൾ തീറെഴുതി എന്ന തരത്തിലുള്ള പ്രചരണങ്ങൾ ഈ ഗൂഢാലോചനയുടെ ഭാഗമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ പൊലീസ് ഇതു തള്ളി പറയുമ്പോൾ മന്ത്രിയാണ് പ്രതിക്കൂട്ടിലാകുന്നത്.
എന്തിന് ഷിജു വർഗ്ഗീസിനെ കസ്റ്റഡിയിൽ എടുത്തുവെന്ന് മന്ത്രി പറഞ്ഞതാണ് ഉയരുന്ന ചോദ്യം. അതിശക്തമായ ത്രികോണ പോരാട്ടമാണ് കുണ്ടറയിൽ നടക്കുന്നത്. കോൺഗ്രസിന് വേണ്ടി വിഷ്ണുനാഥാണ് മത്സര രംഗത്തുള്ളത്. ഇതിനൊപ്പം ആഴക്കടൽ വിഷയം ചർച്ചയാക്കാൻ ഷിജു വർഗ്ഗീസും സ്ഥാനാർത്ഥിയായി. ഇതോടെ മത്സരത്തിന് പുതിയൊരു മാനവും വന്നു. കുണ്ടറയിൽ ഷിജു സജീവമായിരുന്നു. ഇതിനിടെയാണ് രാവിലെ മേഴ്സി കുട്ടി അമ്മയുടെ അട്ടിമറി പ്രഖ്യാപനം എത്തിയത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ തുടക്കം മുതൽ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണ് ഈ സംഭവങ്ങളെന്നും മേഴ്സിക്കുട്ടിയമ്മ ആരോപിച്ചിരുന്നു.
എന്നാൽ മന്ത്രിയുടെ വാദം തള്ളിയ പൊലീസ്, ഷിജു വർഗീസിനെ കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നും ബോംബാക്രമണം ഉണ്ടായി എന്ന പരാതിയുമായി ഷിജു പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നുവെന്നുമാണ് പറഞ്ഞത്. ഷിജുവിന്റെ വാഹനത്തിൽ നിന്ന് ഇന്ധനം പിടിച്ചിട്ടില്ലെന്നും കണ്ണനല്ലൂർ പൊലീസ് വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ