- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അർണാബിന് ജാമ്യം അനുവദിച്ച സുപ്രീംകോടതി വിധിയെ പരിഹസിച്ചു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് 'കാവിയിൽ മുങ്ങി ബിജെപി കൊടിയുള്ള കോടതി'യുടെ ചിത്രം; സ്റ്റാൻഡ് അപ് കൊമേഡിയൻ കുനാൽ കമ്രയ്ക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി നൽകി അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ; നടപടി ജഡ്ജി ഡി വൈ ചന്ദ്രചൂഡിനെയും പരമോന്നത കോടതിയെയും അധിക്ഷേപിച്ചതിന്
ന്യൂഡൽഹി: സ്റ്റാൻഡ് അപ് കൊമേഡിയൻ കുനാൽ കമ്രയ്ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കും. കുനാലിനെതിരെ കോടതി അലക്ഷ്യ നടപടി തുടങ്ങാൻ അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ അനുമതി നൽകി. റിപ്പബ്ലിക്ക് ടി വി എഡിറ്റർ എൻ ചീഫ് അർണബ് ഗോസ്വാമിക്ക് ജാമ്യം നൽകിയ സുപ്രീം കോടതി ജഡ്ജി ഡി വൈ ചന്ദ്രചൂഡിെന ആക്ഷേപിച്ച് ട്വീറ്റ് ചെയതതിന് ആണ് കോടതി അലക്ഷ്യ നടപടി.
നേരത്തെ കുനാൽ കമ്രയ്ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്ന ആവശ്യവുമായി അഭിഭാഷകൻ രംഗത്തെത്തിയരുന്നു. അർണബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ച സുപ്രീംകോടതി നടപടിയെ വിമർശിച്ചത് കോടതിയലക്ഷ്യമാണെന്നാരോപിച്ചാണ് മുംബൈ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന റിസ്വാം സിദ്ദീഖ് രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്തെ സുപ്രീം ജോക്ക് ആണ് കോടതിയെന്നും കാവി നിറത്തിൽ മുങ്ങിയ കോടതിയുടെ ചിത്രം എഡിറ്റ് ചെയ്ത് പങ്കുവെച്ചെന്നും ആരോപിച്ചാണ് ഇദ്ദേഹത്തിനെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്ന് സിദ്ദിഖ് ആവശ്യപ്പെട്ടിരിക്കുന്നത്.
കോടതി വിധിക്ക് പിന്നാലെ കമ്ര തുടർച്ചയായി ട്വീറ്റ് ചെയ്തിരുന്നു. ബുധനാഴ്ച രാത്രി 8.30 ഓടെയാണ് അർണബ് പുറത്തിറങ്ങിയത്. 50,000 രൂപയുടെ ബോണ്ടിൽ അർണബിനേയും കൂടെ അറസ്റ്റിലായ രണ്ട് പേരെയും വിട്ടയക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ജാമ്യം നൽകരുതെന്ന് വാദിഭാഗം അഭിഭാഷകനായ കപിൽ സിബൽ വാദിച്ചെങ്കിലും സുപ്രീം കോടതി തള്ളി. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും ഇന്ദിര ബാനർജിയുമാണ് ഹരജി പരിഗണിച്ചത്. അർണബിന് ഇടക്കാല ജാമ്യാപേക്ഷ നിഷേധിച്ച ബോംബൈ ഹൈക്കോടതി വിധിക്കെതിരെയും സുപ്രീം കോടതി രംഗത്തെത്തിയിരുന്നു.
സുപ്രീംകോടതിയുടെ ചിത്രം എഡിറ്റു ചെയ്തു അതിൽ ബിജെപിയുടെ ചിത്രം സഹിതമാണ് കുനാൽ കമ്ര ഫേസ്ബുക്കിലും ട്വിറ്ററിലും പോസ്റ്റു ചെയ്തത്. അർണാബിന് ജാമ്യം നൽകിയ കോടതി വിധിക്കെതിരെ പല കോണുകളിൽ നിന്നും എതിർശബ്ദം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കുനാലിനെതിരെ കോടതിയലക്ഷ്യ നടപടിയിലേക്ക് കടന്നത്.
എഫ്.ഐ.ആറിൽ തീർപ്പു കൽപ്പിക്കാതിരിക്കെ ജാമ്യം അനുവദിച്ചില്ലെങ്കിൽ അത് നീതി നിഷേധമാവുമെന്ന് നിരീക്ഷിച്ചു കൊണ്ടാണ് കോടതി ഇന്നലെ അർണാബി ജാമ്യം അനുവദിച്ചത്. ' എന്നോട് ചോദിക്കുകയാണെങ്കിൽ ഞാൻ ആ ചാനൽ കാണാറില്ല, പ്രത്യയ ശാസ്ത്രപരമായി നിങ്ങൾക്ക് അഭിപ്രായ വ്യത്യാസമുണ്ടാകും. പക്ഷെ ഇന്ന് ഇക്കാര്യത്തിൽ കോടതി ഇടപെടാതിരുന്നാൽ നാം നാശത്തിന്റെ പാതയിലാണെന്നതിൽ തർക്കമില്ല,' ജസ്റ്റിസ് ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു.
രാജ്യത്തെ ജനാധിപത്യം അസാധാരണമാം വിധം പ്രതിരോധശേഷിയുള്ളതാണെന്ന് പറഞ്ഞ കോടതി ചാനൽ ചർച്ചയിലെ വിവാദങ്ങൾ മഹാരാഷ്ട്ര സർക്കാർ അവഗണിക്കണമെന്നും കോടതി പറഞ്ഞു. ' ഇന്ന് നമ്മൾ ഹൈക്കോടതിക്ക് ഒരു സന്ദേശം അയക്കണം.വ്യക്തിപരമായ സ്വാതന്ത്ര്യം ഉയർത്തിപ്പിടിച്ച് ദയവായി നിങ്ങളുടെ അധികാര പരിധി വിനിയോഗിക്കുക,' ബെഞ്ച് പറഞ്ഞു. 'സംസ്ഥാന സർക്കാരുകൾ വ്യക്തികളെ ലക്ഷ്യം വച്ചാൽ പൗരന്മാരുടെ സ്വാതന്ത്ര്യം സംരക്ഷിക്കാൻ സുപ്രീം കോടതി ഉണ്ടെന്ന് അവർ മനസ്സിലാക്കണം,' ബെഞ്ച് നിരീക്ഷിച്ചു.
അതേസമയം നേരത്തെ ഇൻഡിഗോ വിമാനത്തിൽ അർണാബ് യാത്ര ചെയ്യവേ ലൈവായി വീഡിയോ എടുത്തതിന്റെ പേരിൽ വിലക്കു നേരിട്ട വ്യക്തിയാമ് കുനാൽ. റിപ്പബ്ലിക് ടിവിയുടെ ഓഫീസിലെത്തി അർണബ് ഗോസ്വാമിക്ക് ചെരുപ്പ് സമ്മാനിക്കാൻ എത്തിയും ഇദ്ദേഹം വാർത്തകളിൽ ഇടംപിടിച്ചിരുന്നു. അർണാബ് ഗോസ്വാമിയുടെ കടുത്ത വിമർശകനാണ് കുനാൽ കമ്ര.
മറുനാടന് മലയാളി ബ്യൂറോ