കൊച്ചി: ദിലീപിന്റെയും കാവ്യമാധവന്റെയും വിവാഹത്തിന് ആശംസകൾ നേർന്ന് നിരവധി താരങ്ങൾ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇങ്ങനെ ആശംസകൾ നേർന്ന് പുലിവാല് പിടിച്ചത് കുഞ്ചാക്കോ ബോബനായിരുന്നു. ദിലീപിനും കാവ്യയ്ക്കും വിവാഹ ആശംസകൾ നേർന്ന് ഒരു ഫേസ്‌ബുക്ക് പോസ്റ്റിട്ടതോടെ മഞ്ജുവിന്റെ ആരാധകർ കുഞ്ചാക്കോയുടെ കമന്റ് ബോക്‌സിൽതെറിവിളികൾ നിറച്ചു. ഇതോടെ വെട്ടിലായ കുഞ്ചാക്കോയ്ക്ക് വിശദീകരിച്ച് പോസ്റ്റിടുകയും വേണ്ടി വന്നു.

വിവാഹാശംസകൾ നേർന്നതിനെ ദുർവ്യാഖ്യാനിച്ചത് മോശമായിപ്പോയെന്നാണ് കുഞ്ചാക്കോ ബോബന്റെ പോസ്റ്റ്. കാവ്യക്കും ദിലീപിനും ഞാൻ നേർന്ന വിവാഹാശംസയെ മനസിലാക്കാതെയും ദുർവ്യാഖ്യാനിച്ചതും മോശമായിപ്പോയി. എന്റെയും എന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളാണ് ഇവരെല്ലാം. കാവ്യയെ വർഷങ്ങളായി അറിയുന്നതാണ്. സഹോദരിയുടെ സ്ഥാനവും ഉണ്ട്. ദിലീപും അങ്ങനെ തന്നെയാണ്. മഞ്ജുവിന്റെ തിരിച്ചുവരവിന് വലിയ രീതിയിൽ പിന്തുണ നൽകിയതും ഞാനാണ്.

വർഷങ്ങളായി അറിയാവുന്ന ഒരാൾക്ക് താൻ നല്ല കുടുംബജീവിതം ആശംസിക്കുക മാത്രമാണ് ചെയ്തത്. അവരുടെ വ്യക്തിജീവിതമോ സ്വകാര്യജീവിതമോ ചോദിക്കുകയോ അതിലേക്ക് കടന്നുകയറുകയോ ഒരിക്കലും ചെയ്തിട്ടില്ല. വിഷയത്തിൽ എനിക്ക് മഞ്ജുവിനെയൊഴികെ ആരേയും ഒരു കാര്യവും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല. ആരുടേയും സ്വകാര്യതയിലേക്ക് കടന്നുചെല്ലാൻ താൽപര്യവുമില്ല.- ചാക്കോച്ചൻ പറയുന്നു.

വിവാഹത്തിന് ആശംസകൾ നേർന്നതോടെയാണ് കുഞ്ചാക്കോ ബോബന് നേരെ മഞ്ജുവാര്യരുടെ ആരാധകർ തിരിഞ്ഞത്. പ്രസിദ്ധീകരണയോഗ്യമല്ലാത്ത വാക്കുകളാണ് ചാക്കോച്ചന്റെ കമന്റ് ബോക്‌സിൽ മഞ്ജുവാര്യർ ആരാധകർ നിറച്ചത്. ദിലീപിന്റെയും കാവ്യയുടെയും ഒരുമിച്ചുള്ള യാത്ര മനോഹരമാകട്ടെയെന്നും ദൈവം അനുഗ്രഹിക്കട്ടെ എന്നുമായിരുന്നു ചാക്കോച്ചന്റെ ആശംസപോസ്റ്റ്. വിവാഹ ഫോട്ടോയും കുഞ്ചാക്കോ ബോബൻ ഫേസ്‌ബുക്കിലൂടെ പങ്കുവച്ചിരുന്നു.