ഓ.. കുഞ്ചാക്കോ ബോബനാണെന്നാ അവന്റെ വിചാരം. അനിയത്തി പ്രാവിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി ചാക്കോച്ചൻ മാറിയപ്പോൾ മുതൽ സാധാരണ പയ്യന്മാരെ പെൺപിള്ളേർ ഇങ്ങനെയാണ് പറയാറ്. കാരണം മലയാളിപ്പെണ്ണുങ്ങളുടെ ഒരു സൗന്ദര്യ സങ്കൽപ്പമാണ് കുഞ്ചാക്കോ ബോബൻ.

ചേക്ലേറ്റ് ബോയി എന്നും എവർ ഗ്രീൻ ഹീറോ എന്നും എല്ലാം കുഞ്ചാക്കോ ബോബനെ വിളിക്കാറുണ്ട്. എന്നാൽ ഇപ്പോൾ ഒരു കൊച്ചു മിടുക്കി അപ്പൂപ്പാ എന്ന് വിളിച്ചാണ് ചാക്കോച്ചനെ ഞെട്ടിച്ചിരിക്കുന്നത്.

അമേരിക്കയിലെ ഷിക്കാഗോയിൽ നടന്ന നാഫ ചലച്ചിത്ര അവാർഡ്ദാന ചടങ്ങിനിടെയായിരുന്നു ഈ കുട്ടിക്കുറുമ്പിയുടെ അപ്പൂപ്പൻ വിളി. അതും അവാർഡ് ഏറ്റുവാങ്ങാൻ വേദിയിലെത്തിയപ്പോൾ. സദസ്സിൽ കുഞ്ചാക്കോയുടെ ഭാര്യ പ്രിയയുടെ സാന്നിധ്യത്തിലായിരുന്നു ഇത്. ഇതു കേട്ട പ്രിയയ്ക്കും ചിരി അടക്കാനായില്ല.

കൊച്ചു മിടുക്കിയുടെ ഈ വിളി കുഞ്ചാക്കോയ്ക്കും ശരിക്കും പിടിച്ചു. രസകരമായ ഈ സംഭവം കുഞ്ചാക്കോ തന്നെയാണ് ഫേസ്‌ബുക്കിലൂടെ പങ്കുവച്ചത്. ഒരുപാട് പേർ എന്നെ എവർഗ്രീൻ ഹീറോ, ചോക്ലേറ്റ് ഹീറോ എന്നൊക്കെ വിശേഷിപ്പിക്കാറുണ്ട്. എന്നാൽ, ചോട്ടയ്ക്ക് ഇതിനെക്കുറിച്ച് വേറെ ചില ചിന്തകളാണുള്ളത്.

ഈ കുറുമ്പി എന്നെ വിളിച്ചത് അപ്പൂപ്പൻ എന്നാണ്. ഞാൻ അവാർഡ് വാങ്ങാൻ പോകുന്നതിന് തൊട്ടുമുൻപായിരുന്നു അത്. പിള്ള മനസ്സിൽ കള്ളമില്ല എന്നാണല്ലോ. കുഞ്ചാക്കോ ഫോട്ടോയ്ക്കൊപ്പം ഫേസ്‌ബുക്കിൽ കുറിച്ചു.