മലപ്പുറം: യുഡിഎഫ് വിട്ട തീരുമാനത്തിൽ മാറ്റമില്ലെന്നും നിലപാട് പുനഃപരിശോധിക്കേണ്ട ഒരു സാഹചര്യവും ഇപ്പോഴില്ലെന്നും കേരള കോൺഗ്രസ് (എം) ചെയർമാൻ കെ.എം.മാണി. മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥി പി.കെ.കുഞ്ഞാലിക്കുട്ടിയെ പിന്തുണയ്ക്കുന്നത് യുഡിഎഫിലേക്കുള്ള പാലമാണെന്നാണ് ചിലർ പറയുന്നത്.

ഇതു പാലവുമല്ല, കലുങ്കുമല്ല. ലീഗ് വേറിട്ടൊരു പാർട്ടിയാണ്. മലബാറിലെ നിഷേധിക്കാനാവാത്ത കക്ഷിയായ ലീഗിനാണ് കേരള കോൺഗ്രസ് പിന്തുണ നൽകുന്നത്. കേരള രാഷ്ട്രീയത്തിനു തണുപ്പു നൽകുന്ന കുഞ്ഞാലിക്കുട്ടി, സംയമനത്തിന്റെ ആളാണ്. യുഡിഎഫ് എന്ന നിലയ്ക്കല്ല, ലീഗും കുഞ്ഞാലിക്കുട്ടുയും എന്ന നിലയ്ക്കാണ് പിന്തുണ നൽകുന്നതെന്നും മാണി പറഞ്ഞു. കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായാണ് കുഞ്ഞാലിക്കുട്ടിയെ കാണുന്നതെന്ന് പി.ജെ.ജോസഫും ജോസ് കെ മാണിയും പറഞ്ഞു. പാണക്കാടും പാലായും തമ്മിലുള്ള ബന്ധം ചരിത്രപരമാണെന്നും ഇനിയും അതു തുടരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇപ്പോഴത്തെ പ്രശ്‌നങ്ങൾ വൈകാതെ പ്രശ്‌നങ്ങളല്ലാതാവുന്ന കാലം വരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.