മലപ്പുറം: തനിക്കൊപ്പം വളർന്ന് വന്ന നേതാക്കളേയും തനിക്ക് മുൻപേ സംഘടന രംഗത്ത് വന്നവരേയും പിൻതള്ളിയാണ് പാണ്ടിക്കടവത്ത് കുഞ്ഞാപ്പയെന്ന പി കെ കുഞ്ഞാലിക്കുട്ടി യുഡിഎഫിലെ കിങ് മേക്കറായി വളർന്നത്. പാർട്ടിയിലും മുന്നണിയിലും പലപ്പോഴും പ്രശ്‌നങ്ങൾ ഉടലെടുക്കുമ്പോൾ ക്രൈസിസ് മാനേജർ എന്ന റോൾ കൂടി ഉണ്ട് മലപ്പുറത്തുകാരുടെ കുഞ്ഞാലി സാഹിബിന്. എന്നാൽ ലോക്‌സഭയിൽ മുത്തലാഖ് ബില്ല് പാസാക്കിയപ്പോൾ മുങ്ങിയ കുഞ്ഞലിക്കുട്ടി നേരിടുന്നത് സമാനതകളില്ലാത്ത എതിർപ്പാണ്. ഐസ്‌ക്രീം കേസ് വന്നപ്പോഴും തിരഞ്ഞെടുപ്പ് തോൽവി ഏറ്റുവാങ്ങിയപ്പോഴും എല്ലാം ഒപ്പം നിന്ന പാർട്ടി ഇന്ന് കുഞ്ഞാലിക്കുട്ടിയെ തള്ളിപ്പറയുന്നതിലേക്കാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്.

മുത്തലാഖ് വിഷയം മാത്രമാണ് കുഞ്ഞാലിക്കുട്ടി വിരുദ്ധ ചേരി ശക്തമാകുന്നതിന് കാരണം എന്ന് കരുതാൻ കഴിയില്ല. എതിർ ശബ്ദങ്ങലെ എന്നും തന്ത്രപുർവം ഒതുക്കിയിരുന്ന ഈ നേതാവിന് ഇന്ന് കാര്യങ്ങൾ അത്ര പന്തിയല്ല. ഇപ്പോൾ വളർന്ന് വരുന്ന യുവനിര അല്ലെങ്കിൽ ന്യൂജനറേഷൻ നേതൃത്വം കുഞ്ഞാപ്പയ്ക്ക് ഭീഷണി തന്നെയാണ്. എംകെ മുനീറും പികെ ഫിറോസും മുതൽ സാദിഖലി ശിഹാബ് തങ്ങളുംവരെയുള്ള എതിർചേരി ശക്തവുമാണ്.

ലീഗിലെ തലതൊട്ടപ്പനായി മാറുന്ന രീതിയിലേക്ക് കുഞ്ഞാലിക്കുട്ടി എത്തിയതിൽ പാണക്കാട് തങ്ങളുമായിട്ടുള്ള ബന്ധത്തിന് വലിയ പങ്ക് തന്നെ ഉണ്ട്. എന്നാൽ തങ്ങളുടെ കാലശേഷം പഴയ ഹോൾഡ് തങ്ങൾ കുടുബത്തിൽ കുഞ്ഞാലിക്കുട്ടിക്ക് ഇല്ലെന്നത് മറ്റൊരു സത്യമാണ്. കഴിഞ്ഞ കുറച്ച് കാലമായി തന്നെ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമായിരുന്നപ്പോൾ മുതൽ പാർട്ടിക്കുള്ളിൽ കുഞ്ഞാലിക്കുട്ടി വിരുദ്ധ ചേരി ശക്തമായിരുന്നു. സിപിഎം നേതൃത്വത്തിനോ പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയന് എതിരെയോ ഒരു ആരോപണം ഉയർന്ന സാഹചര്യത്തിലും ശക്തമായി പ്രതികരിക്കാൻ കുഞ്ഞാപ്പ തയ്യാറായിട്ടുമില്ല. ഇത് അണികൾക്ക് വലിയ രോഷമുണ്ടാക്കിയിരുന്നു.

മുത്തലാഖ് ബിൽ ലോക്സഭയിൽ അവതരിപ്പിക്കുന്ന സമയത്ത് അതിൽ പങ്കെടുക്കാതെ സുഹൃത്തിന്റെ കല്യാണത്തിനായി മുങ്ങിയ കുഞ്ഞാലിക്കുട്ടിക്ക് നടപടി എടുക്കാൻ ലീഗ് നേതൃത്വത്തിന് മേൽ അണികളുടെ സമ്മർദ്ദം ശക്തമാണ്. കുഞ്ഞാലിക്കുട്ടി വിഷയം നിസ്സാരമല്ലെന്ന സൂചനയാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. അണികളുടെ പ്രതിഷേധം തന്നെയാണ് ഇതിന് കാരണം. മുത്തലാഖ് ബിൽ ലോക്‌സഭയിൽ അവതരിപ്പിക്കുന്ന സമയത്ത് പി.കെ.കുഞ്ഞാലിക്കുട്ടി എംപി ഹാജരാകാത്തതിനെ സംബന്ധിച്ച് പാർട്ടി ചർച്ച ചെയ്യുമെന്നാണ് പാർട്ടി അധ്യക്ഷന്റെ നിലപാട്. ഇതിനായി പാർട്ടി ഉടൻ യോഗം വിളിക്കുമെന്നും ഹൈദരലി തങ്ങൾ പറഞ്ഞു.

അതേ സമയം സമസ്തയടക്കമുള്ള സംഘടനകൾ കുഞ്ഞാലിക്കുട്ടിയുടെ നടപടിക്കെതിരെ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. സമസ്ത നേതാക്കൾ ഇക്കാര്യം ഹൈദരലി ശിഹാബ് തങ്ങളെ നേരിട്ടറിയിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം കുഞ്ഞാലിക്കുട്ടിയോട് ഹൈദരലി തങ്ങൾ വിശദീകരണം തേടുകയും ചെയ്തിരുന്നു. ഇതിന് താൻ മറുപടി നൽകിയിട്ടുണ്ടെന്ന് കഞ്ഞാലിക്കുട്ടിയും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കുഞ്ഞാലിക്കുട്ടിയുമായി സംഭവത്തിന് ശേഷം നേരിട്ട് സംസാരിച്ചിട്ടില്ലെന്നാണ് ഹൈദരലി തങ്ങൾ ഇന്ന് പറഞ്ഞത്. ഇത് രണ്ടും ചേർന്നു പോകുന്ന പ്രസ്താവനയല്ല. അതുകൊണ്ട് തന്നെ ഈ വിഷയവുമായി ബന്ധപ്പെട്ട് ലീഗിൽ ഭിന്നതയുണ്ടെന്ന കാര്യം വ്യക്തമാണ്.

പാർലിമെന്റ് യോഗത്തിൽ പങ്കെടുക്കാതെ കുഞ്ഞാലിക്കുട്ടി പോയത് മലപ്പുറത്തെ ബിസിനസ് പാർട്നറുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ ബിസിനസ് വലിയ തോതിൽ പടർന്നുപന്തലിച്ചിരുന്നത് വിദേശത്താണ്. ബിനാമി ഇടപാടാണെന്ന ആക്ഷേപം നേരത്തെ നിലനിൽക്കുന്നുമുണ്ട്. ഖത്തറിലുള്ള പ്രവാസി കുലത്തിലെ ബിസിനസ് അധിപന്റ കുടുബത്തിലെ കല്യാണ ചടങ്ങിൽ പങ്കെടുക്കാനായിരുന്നു കുഞ്ഞാലിക്കുട്ടി പാർലിമെന്റ് കട്ടാക്കിയത്.

പാർട്ടി നേതൃത്വത്തിൽ കുഞ്ഞാലിക്കുട്ടി ഒറ്റപെടുന്നുവെന്ന പൊതുവികാരം ശക്തിപെടുകയാണ്. ഇതാദ്യമായി അധ്യക്ഷൻ നേരിട്ടു വിശദീകരണം ചോദിച്ചിരിക്കുന്നുവെന്നത് അതിന്റെ തെളിവ് തന്നെയാണ്.. കുഞ്ഞാലിക്കുട്ടി തന്നെ പാർട്ടിയെന്ന പരമ്പരാഗത ധാരണ ദുർബലമാകുന്നതിനും മുത്തലാഖ് വിവാദം വഴിവച്ചു. പാർട്ടി നേതൃനിരയിലെ മുജാഹിദ്, സുന്നി ബലാബലവും മുത്തലാഖ് വിവാദത്തിൽ മാറിമറിയുകയാണ്. പ്രബലമായ സുന്നി വിഭാഗത്തിന് ഇതുവരെ അനഭിമതനായിരുന്ന ഇ.ടി. മുഹമ്മദ് ബഷീറിന് വിവാദം സ്വീകാര്യത കൂട്ടി എന്നതും മറ്റൊരു വസ്തുതയാണ്.

ഇതിലും വലിയ പ്രതിസന്ധികൾ അതിജീവിച്ചിട്ടുണ്ടെന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന അദ്ദേഹം നേരിടുന്ന വെല്ലുവിളിയുടെ ആഴം വ്യക്തമാക്കുന്നു.ഐസ്‌ക്രീം കേസ് പക്ഷേ രാഷ്ട്രീയത്തിനപ്പുറം വ്യക്തിപരമായ ധാർമികതയുടെ പ്രശ്‌നമായിരുന്നു. പാർട്ടിയെ കൂടെ നിർത്താനും അദ്ദേഹത്തിനായി. കുറ്റിപ്പുറത്തെ അപ്രതീക്ഷിത തിരഞ്ഞെടുപ്പ് പരാജയം കുഞ്ഞാലിക്കുട്ടി അതിജീവിച്ചതും അങ്ങിനെയായിരുന്നു. എന്നാൽ മുത്തലാഖ് വിവാദം കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയ പരാജയമായാണ് എതിരാളികൾ ഉയർത്തുന്നത്.